കണ്ണൂർ: കണ്ണൂരിൽ വിദേശത്തു നിന്നുവന്നയാൾക്ക് കുരങ്ങ് പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിയാരത്ത് പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചു. മങ്കിപോക്സ് സ്ഥിരീകരിച്ചയാളെ പ്രത്യേക ഐസൊലേഷൻ വാർഡിലാക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ആറുകുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്. കഴിഞ്ഞ 13ന് വിദേശത്തുനിന്നുമെത്തിയ വിമാനത്തിൽ മംഗളൂരു വിമാനത്താവളത്തിലിറങ്ങിയ പയ്യന്നൂർ സ്വദേശിക്കാണ് മങ്കിപോക്സിന്റെ രോഗലക്ഷണങ്ങളുണ്ടായത്.

വിമാനത്താവളത്തിൽ ചെക്ക് ഔട്ടിനിടെ ഇദ്ദേഹത്തിന്റെ കൈയിൽ അലർജി പോലെ കണ്ടതിനെ തുടർന്ന് മംഗ്ളൂരിൽ ഡോക്ടർക്ക് റഫർ ചെയ്യുകയായിരുന്നു. ഇതിനുശേഷം രോഗലക്ഷണങ്ങൾ മങ്കിപോക്സിന്റെതാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് പരിയാരത്തെ കണ്ണർ മെഡിക്കൽകോളേജിലേക്ക് മാറ്റിയത്.

മങ്കിപോക്സ് ബാധിതനായ ആൾക്കും കുടുംബാംഗങ്ങൾക്കും ഇവിടെ പ്രത്യേക ഐസൊലേഷൻ വാർഡ് ഒരുക്കിയിട്ടുണ്ട്. രോഗബാധിതനായ വിദേശമലയാളിയുടെ സ്ഥിതി തൃപ്തികരമാണ്. ഇദ്ദേഹത്തിന്റെ ചികിത്സ വിലയിരുത്തുന്നതിനായ പ്രത്യേക മെഡിക്കൽ ബോർഡ്രൂപീകരിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. കെ. എം കുര്യാക്കോസിന്റെ നേതൃത്വത്തിലാണ് ബോർഡ് രൂപീകരിച്ചത്.

ചികിത്സ വിലയിരുത്തിയതിനുശേഷം ബോർഡ് ഓരോ ദിവസവും യോഗം ചേരും. ആരോഗ്യനിലയെ കുറിച്ച് പ്രത്യേക ബുള്ളറ്റിൽ പുറത്തിറക്കും. 21 ദിവസമാണ് മങ്കിപോക്സ് ചികിത്സിച്ചുമാറാനുള്ള കാലാവാധി. കോവിഡ് നിയന്ത്രണങ്ങൾ പോലെ തന്നെ ഇതിനും വേണം. പി.പി. ഇ കിറ്റ് ധരിച്ചാണ് ഡോക്ടർമാർ ചികിത്സ നടത്തുന്നത്. വൈറസ് രോഗമാണെങ്കിലും കോവിഡ് പോലെ അതിവേഗം പടരാനുള്ള സാഹചര്യം മങ്കിപോക്സിനില്ല.

തുടർച്ചയായി ആറുമണിക്കൂർ സമ്പർക്കത്തിലേർപ്പെട്ടാൽ മാത്രമേ ഈ രോഗം മറ്റുള്ളവരിലേക്ക് എത്തുകയുള്ളൂ. മാത്രമല്ല ചിക്കൻപോക്സിന് സമാനമായി ദേഹത്ത് മുഴുവൻ കുമികളകളുണ്ടാവുകയാണ് ഇതിന്റെ പ്രധാനലക്ഷണം. ചെറുപ്പത്തിൽ ചിക്കൻപോക്സിന്റെ കുത്തിവയ്‌പ്പെടുത്തവർക്ക് മങ്കിപോക്സ് അത്രതീവ്രമായി ബാധിക്കുന്നില്ലെന്ന വിലയിരുത്തൽ ആരോഗ്യവിദഗ്ദ്ധർക്കുണ്ട്.