- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുരങ്ങ് പനി: പരിയാരത്തെ രോഗിയുടെ നില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ; ശരീരത്തിൽ കൂടുതൽ കുമിളകൾ ഉണ്ടായിട്ടില്ല; അടുത്ത് ഇടപഴകിയവർക്കും രോഗലക്ഷണങ്ങളില്ല; രോഗിയെ പരിശോധിക്കാൻ നാളെ കേന്ദ്ര സംഘം എത്തും
കണ്ണൂർ: മങ്കി പോക്സ് ബാധിച്ച് കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന രോഗിയെ പരിശോധിക്കാനും ചികിൽസ സംബന്ധിച്ച് കൂടുതൽ നിർദ്ദേശങ്ങൾ നൽകുന്നതിനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച പ്രത്യേക സംഘം നാളെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെത്തും. രാവിലെ തിരുവനന്തപുരത്ത് എത്തുന്ന സംഘം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന രോഗിയെ സന്ദർശിച്ച ശേഷമായിരിക്കും വിമാന മാർഗം കണ്ണൂർ വിമാനത്താവളത്തിൽ വന്നിറങ്ങുക. ഇതിനു ശേഷം റോഡ് മാർഗം ഉച്ചതിരിഞ്ഞ് പരിയാരത്തെത്തും.
വിദഗ്്ദ്ധരായ ഡോക്ടർമാർ ഉൾപ്പെടെയുള്ള മൂന്നംഗങ്ങളാണ് കേന്ദ്രസംഘത്തിലുള്ളത്. ഇതിനിടെ മെഡിക്കൽ കോളേജ് ഐസോലേഷൻ വാർഡിൽ ചികിൽസയിൽ കഴിയുന്ന രോഗിയുടെ നില അതുപോലെ തുടരുകയാണെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കി. ശരീരത്തിൽ കൂടുതൽ കുമിളകൾ ഉണ്ടായിട്ടില്ലെന്നും രോഗിയുമായി അടുത്തിടപഴകിയ ആർക്കും തന്നെ ഇതേവരെ രോഗലക്ഷണങ്ങളൊന്നുമില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. പ്രവാസി യുവാവിന്റെ കുടുംബാംഗങ്ങൾ വീട്ടിൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. യുവാവ് പയ്യന്നൂരിലേക്ക് വന്ന ടാക്സി ഡ്രൈവറോടും ക്വാറന്റീനിൽ പോകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രവാസി യുവാവിനായി പ്രത്യേകസജ്ജീകരണങ്ങൾ ഏർപ്പെടുത്തി. പത്ത് മുറികളുള്ള പ്രത്യേക ഐസലേഷൻ വാർഡാണ് ഇന്നലെ മുതൽ ചികിത്സയ്ക്കായി നിലവിൽ വന്നത്. പി.പി. ഇ കിറ്റണിഞ്ഞ പ്രത്യേക നഴ്സുമാരാണ് പരിചരിക്കുന്നത്. ഇവർക്ക് ബാഹ്യലോകവുമായി ബന്ധപ്പെടുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.സുദീപിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ മെഡിക്കൽ ബോർഡാണ് മങ്കിപോക്സ് രോഗിയെ ചികിത്സിക്കുന്നത്. സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഇന്നലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സ്ഥിതി ഗതികൾ വിലയിരുത്തി. പയ്യന്നൂർ സ്വദേശി കഴിഞ്ഞ 13ന് മംഗളൂരിൽ നിന്നും പയ്യന്നൂർ വരെ സഞ്ചരിച്ചതിന്റെയും കോൺടാക്ട് ചെയ്തവരുടെയും റൂട്ട്മാപ്പ് ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. രോഗിക്ക് കൂടുതൽ കോൺടാക്ട് ഇല്ലാത്തത് ആശ്വാസകരമായിട്ടുണ്ട്.




