- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ഡിഐജിക്കെതിരെ മോൻസണും മൊഴി കൊടുത്തു; തട്ടിപ്പുകാരനെങ്കിലും സുരേന്ദ്രനെതിരായ മൊഴികൾ മൊഴികൾ വസ്തുതാപരമാണെന്ന് വിലയിരുത്തി ഇഡി; എല്ലാം മോൻസൺ തുറന്നു പറഞ്ഞത് തെളിവ് കാട്ടിയുള്ള ചോദ്യം ചെയ്യലിൽ; പൊലീസിലെ പഴയ കരുത്തനെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്യും
കൊച്ചി: വ്യാജ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഉന്നത പൊലീസ് അധികാരിക്കെതിരെ ഒന്നാം പ്രതി മോൻസൻ മാവുങ്കൽ നൽകിയ മൊഴികൾ വസ്തുതാപരമാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പ്രാഥമിക നിഗമനം.
പുരാവസ്തു വിൽപ്പനക്കാരനെന്ന പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന് ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്ന് പരാതിക്കാർ മൊഴി നൽകിയിരുന്നു. മോൻസണ് 25 ലക്ഷം കൈമാറിയത് ഡിഐജി സുരേന്ദ്രന്റെ സാന്നിധ്യത്തിലാണെന്ന് യാക്കൂബ് എന്ന പരാതിക്കാരൻ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോൻസണെ ചോദ്യം ചെയ്തത്. ഇക്കാര്യം മോൻസണും സമ്മതിച്ചുവെന്നാണ് സൂചന. ഉന്നതരെ ഇടനിലക്കാരാക്കിയാണ് മോൻസൺ മാവുങ്കൽ പണം തട്ടിയിരുന്നതെന്ന് പരാതിക്കാർ പറയുന്നു.
ഈ സാഹചര്യത്തിൽ സർവീസിൽ നിന്നു വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ മൊഴി അന്വേഷണം അവസാനിപ്പിക്കും മുൻപ് രേഖപ്പെടുത്തേണ്ടി വരും. ഒന്നര മാസം മുൻപാണു മോൻസന്റെ മൊഴി വിയ്യൂർ സെൻട്രൽ ജയിലിലെത്തി അന്വേഷണ സംഘം രേഖപ്പെടുത്തിയത്. അനിതാ പുല്ലയിലിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യും.മോൻസനുമായി അടുപ്പം പുലർത്തിയിരുന്ന 3 പൊലീസ് ഉദ്യോഗസ്ഥരാണു സംശയത്തിന്റെ നിഴലിലുള്ളത്. ഇതിൽ ഡിഐജിയായിരുന്ന സുരേന്ദ്രനാണ് വിരമിച്ചത്.
പുരാവസ്തു തട്ടിപ്പിനോടും നേരിട്ടു ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥൻ ഐജി ലക്ഷ്മണാണ്. മുൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരേയും ആരോപണം ഉയർന്നിരുന്നു. ഇതിൽ വിരമിച്ച ഉദ്യോഗസ്ഥനായ സുരേന്ദ്രനുമായി സാമ്പത്തിക ഇടപാടുകൾ മോൻസൻ നടത്തിയിരുന്നു. പൊലീസുകാരെ സംരക്ഷിക്കുന്ന മൊഴികളാണു മോൻസൻ ഇഡിക്കു നൽകിയതെങ്കിലും തെളിവുകൾ കാണിച്ചുള്ള ചോദ്യം ചെയ്യലിൽ സാമ്പത്തിക ഇടപാടുകളെക്കുറിച്ചു മോൻസൻ വെളിപ്പെടുത്തിയതായാണ് അറിയുന്നത്. മോൻസന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ് വില പെരുപ്പിച്ചു കാണിച്ച വ്യാജ പുരാവസ്തുക്കൾ കാണിച്ചുള്ള ഫണ്ട് പിരിവാണ്.
മോൻസണിന് താനും അഞ്ച് സുഹൃത്തുക്കളും മോൻസന് 10 കോടി നൽകിയെന്ന് ഷമീർ വെളിപ്പെടുത്തിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ മോൻസനൊപ്പമായിരുന്നു. കേസ് നടത്തിപ്പിന് വേണ്ടിയെന്ന് പറഞ്ഞാണ് പണം ആവശ്യപ്പെട്ടത്. പുരാവസ്തു വിറ്റ വൻതുക കിട്ടാനുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചു. ജീവനക്കാരുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പണമിടപാട് നടത്തിയത്. 40 കോടി പലരിൽ നിന്നായി തട്ടിയെടുത്തെന്നാണ് വിവരം. മുഴുവൻ രേഖകളും ശേഖരിച്ച ശേഷമാണ് കേസുമായി മുന്നോട്ട് പോയതെന്നും ഷമീർ പറഞ്ഞിരുന്നു.
'2018 മുതൽ രണ്ടര വർഷത്തിനിടെ ആറ് പേർ ചേർന്ന് 10 കോടി രൂപയാണ് മോൻസണ് നൽകിയത്. പണം തിരിച്ചുകിട്ടാതിരുന്നതോടെ ഞങ്ങൾ ആറ് പേരും കൂടി പരാതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകി. പൊലീസുകാരിൽ പലരും ഇയാൾക്ക് ഒത്താശ ചെയ്തുകൊടുക്കുന്നതിനാൽ നേരത്തെ കൊടുത്ത പരാതികൾ അട്ടിമറിക്കപ്പെട്ടുപോയി. അതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത് എന്നും ഷമീർ വിശദീകരിച്ചിരുന്നു.
ഐജി ലക്ഷ്മണ നേരിട്ട് ഇടപെട്ടതിന്റെ തെളിവ് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. പരാതി നൽകിയാൽ കൊല്ലുമെന്ന് മോൻസൻ ഭീഷണിപ്പെടുത്തി. നിലവിലെ അന്വേഷണത്തിൽ തൃപ്തനാണെന്നും ഷമീർ പറഞ്ഞിരുന്നു. പുരാവസ്തു വിൽപ്പനക്കാരനെന്ന പേരിൽ പലരിൽ നിന്നായി മോൻസൺ മാവുങ്കൽ 10 കോടിയോളം തട്ടിയെടുത്തെന്നാണ് പരാതി. യുഎഇ രാജകുടുംബത്തിന് പുരാവസ്തു വിറ്റ വകയിൽ രണ്ട് ലക്ഷത്തി അറുപത്തിരണ്ടായിരം കോടി രൂപ വിദേശത്ത് നിന്ന് ബാങ്കിലെത്തിയിട്ടുണ്ടെന്നും ഇത് വിട്ടുകിട്ടാൻ ചില നിയമതടസ്സങ്ങളുള്ളതിനാൽ കോടതി വ്യവഹാരത്തിനായി സഹായിക്കണമെന്നും പറഞ്ഞ് പലരിൽ നിന്നായി 10 കോടി രൂപ തട്ടിയെടുത്തെന്നാണ് മോൻസൺ മാവുങ്കലിനെതിരായ പരാതി.
തെളിവിനായി മോൺസൺ മാവുങ്കൽ കാണിച്ചിരുന്ന ബാങ്ക് രേഖകൾ വ്യാജമാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരെ ഇയാൾ തട്ടിപ്പിനിരയാക്കിയെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചിന് പിന്നാലെ ഇഡിയും അന്വേഷണത്തിലേക്ക് കടക്കുകയായിരുന്നു. കൊച്ചി കേന്ദ്രീകരിച്ച് പുരാവസ്തു വിൽപ്പന നടത്തുന്ന മോൺസൺ മാവുങ്കൽ അറിയപ്പെടുന്ന യൂട്ഊബർ കൂടിയാണ്. പുരാവസ്തു ശേഖരത്തിലുള്ള പല വസ്തുക്കളും അതിപുരാതനവും കോടിക്കണക്കിനു രൂപയുടെ ആസ്തിയുള്ളതാണെന്നും പ്രചരിപ്പിച്ചായിരുന്നു തട്ടിപ്പ്.
ടിപ്പു സുൽത്താന്റെ സിംഹാസനം, മൈസൂർ കൊട്ടാരത്തിന്റെ ആധാരം, ബൈബിളിൽ പറയുന്ന മോശയുടെ അംശ വടി, തിരുവിതാംകൂർ രാജാവിന്റെ ഇരിപ്പിടം, ആദ്യത്തെ ഗ്രാമഫോൺ തുടങ്ങിയ പുരാവസ്തുക്കൾ തന്റെ കൈവശമുണ്ടെന്നും മോൺസൺ മാവുങ്കൽ അവകാശപ്പെട്ടിരുന്നു. എന്നാൽ ടിപ്പുവിന്റെ സിംഹാസനം എന്നവകാശപ്പെട്ടത് ചേർത്തലയിലെ ആശാരി വ്യാജമായി നിർമ്മിച്ചതാണെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ