- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തട്ടിപ്പിൽ ഉദ്യോഗസ്ഥർക്ക് നേരിട്ട് പങ്കില്ലെന്നും ചില ഉദ്യോഗസ്ഥർ മോൻസനിൽ നിന്ന് പണം വാങ്ങിയത് കടമായിട്ടാണെന്നുമുള്ള ക്രൈംബ്രാഞ്ച് വാദം വിചിത്രം; തേങ്ങ കൊണ്ടു പോകാനുപയോഗിച്ചത് കടം നൽകിയതിനുള്ള പ്രത്യുപകാരമോ? പുല്ലയിലിന്റെ സഹോദരിയുടെ വിവാഹ ശേഷം മോൻസണിന്റെ ബീക്കൺ ലൈറ്റ് യാത്രയും ചർച്ചകളിൽ; ഐജിയെ കുടുക്കാൻ സിബിഐ എത്തുമോ?
കൊച്ചി: മോൻസൺ കേസിൽ അന്വേഷണത്തിന് സിബിഐ എത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം. മോൻസൺ മാവുങ്കലിനെതിരായ പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണം ഫലപ്രദമല്ലെന്നു ആരോപിച്ച് കേസിലെ പരാതിക്കാരനായ ഷമീർ നൽകിയ ഹർജിയിലെ ഹൈക്കോടതി വിധി നിർണ്ണായകമാകും. തട്ടിപ്പിന് കൂട്ട് നിന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ പ്രതിയാക്കി അന്വേഷണം വേണമെന്നാണ് ആവശ്യം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ് നൽകിയാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപോർട്ട് സമർപ്പിച്ചിട്ടുള്ളത്. ഐ. ജി ലക്ഷ്മണയടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നതിന് തെളിവുകളില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്.
ഇത് പൊളിക്കുന്നതാണ് ഇന്നലെ പുറത്തു വന്ന തെളിവുകൾ. ഉന്നത ബന്ധങ്ങൾ ഐജി ലക്ഷ്മണയ്ക്കുണ്ട്. എഡിജിപിയായി ഉടൻ പ്രെമോഷൻ കിട്ടേണ്ട വ്യക്തി. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് കേസിൽ അട്ടിമറികൾ നടത്തിയതെന്നാണ് ഉയരുന്ന വാദം. വ്യാജപുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൻസൻ മാവുങ്കൽ കോവിഡ് ലോക്ഡൗണിൽ വീട്ടിലേക്കു മീൻ വാങ്ങാനും തേങ്ങയെടുക്കാനും ഡിഐജി എസ്. സുരേന്ദ്രന്റെ ഔദ്യോഗിക വാഹനം ദുരുപയോഗിച്ചതായി ചേർത്തല സ്വദേശി ജെയ്‌സൻ വെളിപ്പെടുത്തി. പൊലീസുകാർക്കു മദ്യക്കുപ്പി എത്തിച്ചു നൽകിയത് ഇതേ വാഹനത്തിലാണ്. അനിത പുല്ലയിലിന്റെ സഹോദരിയുടെ വിവാഹം കഴിഞ്ഞു മോൻസൻ മടങ്ങിയതു ബീക്കൻ ലൈറ്റ് ഇട്ടായിരുന്നു. തൃശൂരിൽ നിന്നു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കു തടസ്സമില്ലാതെ വേഗത്തിൽ എത്താനാണ് ഇങ്ങനെ ചെയ്തത്.
ന്യൂഡൽഹിയിൽ മോൻസൻ താമസിച്ചിരുന്നതു നാഗാലാൻഡ് പൊലീസ് ക്യാംപിലാണ്. ഐജി ജി. ലക്ഷ്മണയാണ് ഇതിന് ഒത്താശ ചെയ്തത്. മോൻസന്റെ സുഹൃത്തുക്കൾക്കു കോവിഡ് കാലത്തു സഞ്ചരിക്കാനുള്ള പാസ് നൽകിയിരുന്നത് സുരേന്ദ്രനാണെന്നും ഒടുവിൽ ആവശ്യത്തിന് ഉപയോഗിക്കാനായി പാസുകളും സീലും മോൻസനെ ഏൽപ്പിച്ചെന്നും ജെയ്‌സൻ ആരോപിച്ചു. എന്നാൽ ആരോപണങ്ങൾക്കു തെളിവു നൽകാൻ ജെയ്‌സനു കഴിഞ്ഞിട്ടില്ലെന്നാണു ക്രൈംബ്രാഞ്ചിന്റെ നിലപാട്. എന്നാൽ തെളിവ് കണ്ടെത്തേണ്ടത് ക്രൈംബ്രാഞ്ചായിരുന്നു. അവർ അതിന് ശ്രമിച്ചില്ല.
മോൻസനുമായി വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നെങ്കിലും തട്ടിപ്പുകളിൽ പൊലീസ് ഉദ്യോഗസ്ഥരാരും പങ്കാളികളായിട്ടില്ലെന്നാണു ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട്. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം വസ്തുതാപരമല്ലെന്നും അന്വേഷണം സിബിഐക്കു കൈമാറണമെന്നുമാവശ്യപ്പെട്ടു പരാതിക്കാരനായ കോഴിക്കോട് സ്വദേശി യാക്കൂബ് പുതിയപുരയിൽ മുഖ്യമന്ത്രിക്കു നിവേദനം സമർപ്പിച്ചിരുന്നു. മുൻ ഡിഐജി എസ് സുരേന്ദ്രനും കുടുംബത്തിനും മോൻസണുമായി അടുത്ത ബന്ധമുണ്ടായിരുന്നെങ്കിലും സാമ്പത്തിക തട്ടിപ്പിൽ പങ്കുള്ളതിന് തെളിവ് ലഭിച്ചില്ലെന്നും റിപോർട്ടിൽ പറയുന്നുണ്ട്. കെ പി സി സി പ്രസിഡന്റ് സുധാകരനെ അടക്കം ചോദ്യം ചെയ്യേണ്ടതുണ്ട്. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ഹർജി അനുവദിക്കരുതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്
മോൻസണും പൊലീസും തമ്മിലുള്ള ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്ത് ചർച്ചകളിലുണ്ട്. മോൻസൺ പൊലീസ് വാഹനം ദുരുപയോഗം ചെയ്തതിനുള്ള തെളിവുകളാണ് പുറത്ത് വന്നത്. മോൻസന്റെ വീട്ടിൽ തേങ്ങ കൊണ്ടുവന്നത് ഡി ഐ ജി യുടെ കാറിൽ ആണെന്നാണ് മുൻ ഡ്രൈവർ ജെയ്‌സൺ വെളിപ്പെടുത്തിയിരിക്കുന്നത്. മോൻസന്റെ സഹോദരിയുടെ ചേർത്തലയിലെ വീട്ടിൽ നിന്നായിരുന്നു ഔദ്യോഗിക വാഹനത്തിൽ മോൻസൺ തേങ്ങയും മീനും കൊണ്ടുവന്നത്. ഇത് വ്യക്തമാാക്കുന്ന തെളിവുകൾ ക്രൈം ബ്രാഞ്ചിനു കൈമാറിയെന്നും ജെയ്‌സൺ പറഞ്ഞു. ഐ ജി ലക്ഷണയ്ക്ക് എതിരെയും ആരോപണം ഉണ്ട്. കോവിഡ് കാലത്ത് മോൻസന്റെ കൂട്ടുകാർക്കായി ഐ ജി ലക്ഷ്മണ വ്യാപകമായി വാഹന പാസുകൾ നൽകി. മോൻസന്റെ കലൂരിലെ വീട്ടിൽ നിന്ന് ഐ ജി യുടെ പേരിൽ ആണ് പാസ് നൽകിയതെന്നും പരാതിയിൽ പറയുന്നു.ഇതെല്ലാം വ്യക്തമാക്കുന്ന വാട്‌സ് ആപ് ചാറ്റും ഫോൺ സംഭാഷണവും പുറത്തു വന്നിട്ടുണ്ട്
മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം വേണമെന്ന് പരാതിക്കാരുടെ ആവശ്യം. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പരാതി. തെളിവുകൾ പലതും അട്ടിമറിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കേസിൽ പ്രതികളാണ്. ക്രൈംബ്രാഞ്ചിന് അന്വേഷണം നടത്താൻ പരിമിതികൾ ഉണ്ട്. യാഥാർത്ഥ പ്രതികൾ പലരും ഇപ്പോഴും പിടിയിലായില്ല. സംസ്ഥാനത്തിന് പുറത്തടക്കം നീണ്ടു നിൽക്കുന്നതാണ് തട്ടിപ്പ്. സിബിഐ അന്വേഷണം അനിവാര്യമെന്നും പരാതിക്കാരൻ യാക്കൂബ് പുതിയപുരയിൽ പറയുന്നു.
പൊലീസ് ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ് നൽകി ക്രൈംബ്രാഞ്ച് കോടതിയിൽ ദിവസങ്ങൾക്ക് മുമ്പ് റിപ്പോർട്ട് നൽകിയിരുന്നു. തട്ടിപ്പിൽ ഉദ്യോഗസ്ഥർക്ക് നേരിട്ട് പങ്കില്ലെന്നും ചില ഉദ്യോഗസ്ഥർ മോൻസനിൽ നിന്ന് പണം വാങ്ങിയത് കടമായിട്ടാണെന്നുമാണ് ക്രൈംബ്രാഞ്ച് നിലപാട്. പൊലീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി ആരോപണവിധേയനായ ഉദ്യോഗസ്ഥർ മോൻസനുമായി അടുപ്പം പുലർത്തിയിരുന്നു എന്നതാണ് വസ്തുത. ക്രൈംബ്രാഞ്ച് മുൻ ഡിഐജി എസ് സുരേന്ദ്രനും കുടുംബത്തിനും മോൻസനുമായി വലിയ അടുപ്പവും ഉണ്ടായിരുന്നു. എന്നാൽ ഇവർ തട്ടിപ്പിൽ ഉൾപ്പെട്ടുവെന്ന് കണ്ടെത്തിയിട്ടില്ലെന്നും അതിനാൽ പ്രതിയാക്കാനുള്ള തെളിവില്ലെന്നുമാണ് റിപ്പോർട്ട്.
അതേ സമയം, സസ്‌പെൻഷനും വകുപ്പുതല അന്വേഷണവും തുടരുകയാണെന്നും ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നു. മോൻസന്റെ കൊച്ചിയിലെ വീട്ടിൽ പട്രോളിങ് ബുക്ക് വെച്ചത് സാധാരണ നടപടി മാത്രമാണെന്നാണ് ന്യായീകരണം.
മറുനാടന് മലയാളി ബ്യൂറോ