- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോൻസന്റെ പക്കൽ പ്രതിരോധ മന്ത്രാലയത്തിന്റെയും രേഖകൾ; ഡിആർഡിഒ രേഖകൾ കണ്ടെത്തിയതിൽ ക്രൈംബ്രാഞ്ച് പ്രത്യേകം കേസെടുക്കും; അന്വേഷണത്തിന് കേന്ദ്ര ഏജൻസികളും രംഗത്ത്; തട്ടിപ്പു തൊഴിലാക്കിയ മോൻസന്റെ വീടുകൾക്ക് പൊലീസ് ബീറ്റും; ജാമ്യാപേക്ഷ ഇന്നു കോടതിയിൽ
തിരുവനന്തപുരം: കോടികളുടെ പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിനെതിരെ കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചു. മോൻസന്റെ വീട്ടിൽനിന്നു പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) രേഖകളും കണ്ടെത്തിയതോടെയാണ് അന്വേഷണത്തിന് കേന്ദ്ര ഏജൻസികളും രംഗത്തുവന്നത്. ഇതെക്കുറിച്ച് ക്രൈംബ്രാഞ്ചിന്റെ സംഘം പ്രത്യേകം കേസെടുക്കാനും ഒരുങ്ങുകയാണ്.
യഥാർഥമെന്നു സാക്ഷ്യപ്പെടുത്തുന്നതായും ഓരോ സാധനത്തിലുമുള്ള മൂലകങ്ങൾ എന്തൊക്കെയെന്നു വ്യക്തമാകുന്നതുമായ രേഖകളാണ് ഡിആർഡിഒയുടെ പേരിൽ കണ്ടെത്തിയത്. എന്നാൽ, ഇത്തരത്തിൽ സർട്ടിഫിക്കറ്റ് നൽകാറില്ലെന്നാണ് ഡിആർഡിഒ പറയുന്നത്. ഇതോടെ മോൻസൻ വ്യാജമായി സൃഷ്ടിച്ചതാണ് ഇതെന്ന് എന്ന വിമർശനവും ഉയരുന്നുണ്ട്.
അതേസമയം, മോൻസനെതിരെ ക്രൈംബ്രാഞ്ചിനു വീണ്ടും പരാതി ലഭിച്ചു. ഒന്നരക്കോടി രൂപ തട്ടിയെടുത്തതായി പാലാ സ്വദേശി രാജീവാണു പരാതി നൽകിയത്. ബ്രൂണയ് സുൽത്താനു പുരാവസ്തുക്കൾ വിറ്റപ്പോൾ ലഭിച്ച 67,000 കോടി രൂപ സ്വകാര്യ ബാങ്കിൽ കുടുങ്ങിക്കിടക്കുകയാണെന്നും ഇതു തിരിച്ചുകിട്ടാനുള്ള നിയമനടപടികൾക്കായി പണം നൽകി സഹായിച്ചാൽ വൻതുക മടക്കി നൽകാമെന്നും വിശ്വസിപ്പിച്ചാണു പണം വാങ്ങിയതത്രെ.
സമാന രീതിയിൽ 6.27 കോടി തട്ടിയതായി ആരോപിച്ചു പന്തളം ശ്രീവത്സം ഗ്രൂപ്പ് മോൻസനെതിരെ മുൻപു പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. 100 കോടി രൂപ പലിശയില്ലാതെ വായ്പ നൽകാമെന്നായിരുന്നു മോൻസന്റെ വാഗ്ദാനം. ഇതിനിടെ, മോൻസനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിന് ഒന്നരവർഷം മുൻപു സംസ്ഥാന പൊലീസ് മേധാവി ശുപാർശ ചെയ്തിരുന്നുവെന്നും സൂചനയുണ്ട്. പ്രതിയുടെ കസ്റ്റഡി അപേക്ഷ ഇന്ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി പരിഗണിക്കും. ജാമ്യാപേക്ഷയും ഇന്നു കോടതിയിൽ എത്തുന്നുണ്ട്. ഫോൺവിളി വിവരങ്ങളുടെ പരിശോധനയും ആരംഭിച്ചിട്ടുണ്ട്.
ശനിയാഴ്ച ചേർത്തലയിലെ വീട്ടിൽ മോൻസനെ അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് എത്തിയതു രഹസ്യമായിട്ടായിരുന്നു. പൊലീസുകാരുടെ ഇഷ്ടക്കാരനായ മോൻസനെ പലരും സഹായിക്കുമെന്ന് കണക്കു കൂട്ടി ചേർത്തല പൊലീസ് സ്റ്റേഷൻ അടുത്തായിട്ടും അറിയിച്ചില്ല. മഫ്തിയിൽ 2 വാഹനങ്ങളിലായി എത്തിയ ക്രൈംബ്രാഞ്ച് സംഘമാണ് മോൻസനെ പിടികൂടിയത്. മോൻസന്റെ മകളുടെ മനസ്സമ്മത ചടങ്ങിന്റെ സ്വീകരണം കഴിഞ്ഞാണ് ക്രൈംബ്രാഞ്ച് സംഘം വീട്ടിൽ പ്രവേശിച്ചത്.
ക്രൈംബ്രാഞ്ച് സംഘം എത്തിയപ്പോൾ അതിഥികൾ ആയിരിക്കുമെന്നാണു വീട്ടുകാർ കരുതിയത്. അറസ്റ്റ് ചെയ്യാൻ പോവുകയാണെന്നു പറഞ്ഞതോടെ മോൻസൻ ബഹളമുണ്ടാക്കി. ഇതോടെ അംഗരക്ഷകർ ആക്രോശിച്ചു രംഗത്തെത്തിയെങ്കിലും ക്രൈംബ്രാഞ്ച് ആണെന്ന് അറിഞ്ഞതോടെ കടന്നുകളഞ്ഞു. മോൻസനുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരുട പ്രവർത്തനങ്ങൾ ക്രൈംബ്രാഞ്ച് പരിശോധിച്ചേക്കും. വകുപ്പു തലത്തിലും അന്വേഷണം നടക്കുന്നുണ്ട്.
മോൻസന്റെ വീട്ടുമുറ്റത്തുണ്ടായിരുന്ന വാഹനങ്ങളിൽ പലതും ഓടിക്കാൻ പറ്റുന്നതായിരുന്നില്ല. ഇക്കൂട്ടത്തിലെ ഫെറാരി കാറിന്റെ ടയറുകൾ എടുത്തുമാറ്റി കട്ടപ്പുറത്തു കയറ്റിയ നിലയിലും സ്റ്റിയറിങ് ഊരിക്കിടക്കുന്ന നിലയിലുമാണു കണ്ടെത്തിയത്. പതിവായി സഞ്ചരിച്ചിരുന്ന ഡോഡ്ജ് കാറിന്റെ സീറ്റ് ഇളക്കിമാറ്റി വലിയ സ്ക്രീനും ഐപാഡും ഘടിപ്പിച്ചിരുന്നതായും നോട്ടെണ്ണൽ യന്ത്രം സ്ഥാപിച്ചിരുന്നതായും വിവരമുണ്ട്. ഈ കാറിനു മുന്നിൽ വേൾഡ് പീസ് കമ്മിറ്റി അംഗം എന്നും മോൻസൻ എഡിഷൻ എന്നും രേഖപ്പെടുത്തിയിരുന്നു. ഇറിഡിയം പോലെയുള്ള ലോഹം തന്റെ കയ്യിലുണ്ടെന്നു പറഞ്ഞ് പലരിൽ നിന്നും മോൻസൻ ലക്ഷങ്ങൾ വാങ്ങിയതായും സംശയമുണ്ട്.
അതേസമയം വാഹനങ്ങളുടെ വാർഷിക വാടകയിൽ 6 കോടി രൂപ കിട്ടാനുണ്ടെന്ന മോൻസന്റെ പരാതിയിൽ കഴമ്പില്ലെന്നു കണ്ടെത്തിയാണു റിപ്പോർട്ട് നൽകിയതെന്നു ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.വി. ബെന്നി പറഞ്ഞു. ഒരു മാസം മുൻപ് ജില്ലാ പൊലീസ് മേധാവിക്കു റിപ്പോർട്ട് നൽകിയെന്നും ഡിവൈഎസ്പി പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത 21 വാഹനങ്ങൾ ചേർത്തല പൊലീസ് സ്റ്റേഷൻ വളപ്പിൽ ഇപ്പോഴുമുണ്ട്. ആഡംബര കാറുകളും കാരവനും മറ്റുമാണിവ.
ചേർത്തലയിൽ സാധാരണ പശ്ചാത്തലത്തിൽനിന്നുള്ളതാണു മോൻസന്റെ കുടുംബം. ചെറുപ്പത്തിൽ താമസം ചാരമംഗലത്തായിരുന്നു. പിന്നീടു ചേർത്തലയിലേക്കു മാറി. പോളിടെക്നിക് പഠിച്ചതായാണു പ്രദേശവാസികളുടെ അറിവ്. പള്ളിപ്പുറം എൻഎസ്എസ് കോളജ് കവലയിൽ സൗന്ദര്യവർധക ചികിത്സാ കേന്ദ്രം നടത്തിയിരുന്നു. ഇതിനിടെ പുരാവസ്തു വ്യാപാരവും ആരംഭിച്ചു. ഇടയ്ക്ക് ഇടുക്കി രാജകുമാരിയിലും താമസിച്ചിരുന്നു. പിന്നീടു കൊച്ചിയിലെത്തി.
മോൻസന്റെ കൊച്ചിയിലെയും ചേർത്തലയിലെയും വീടുകൾക്കു മുന്നിൽ വർഷങ്ങളായി പൊലീസിന്റെ 'സംരക്ഷണ നിരീക്ഷണം'. ഈ വീടിനു മുന്നിൽ പൊലീസ് ബീറ്റ് ബോക്സ് സ്ഥാപിച്ചിട്ടുണ്ട്. പട്രോളിങ് സംഘം ദിവസവും ഇവിടെയെത്തി ഒപ്പിട്ടു പോകണം. വിലപിടിപ്പുള്ള വസ്തുക്കൾ ഉണ്ടെന്നും പട്രോളിങ് വേണമെന്നും മോൻസൻ ആവശ്യപ്പെട്ടത് അനുസരിച്ചാണു ബീറ്റ് ഏർപ്പെടുത്തിയയിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ