കൊച്ചി: നിരവധി ഉന്നതർ ആരോപണ വിധേയരായ കേസാണ് മോൻസൻ മാവുങ്കലിന്റേത്. മോൻസൻ നടത്തിയ പുരാവസ്തു തട്ടിപ്പിനേക്കാൾ ഗൗരവമുള്ള ആരോപണവം മോൻസനെതിരെ ഉയർന്ന പീഡന പരാതിയാണ്. പ്രായപൂർത്തിയാക്കാതെ പെൺകുട്ടിയെ മോൻസൻ പീഡിപ്പിച്ചെന്ന ആരോപണം ഇതിൽ ഏറെ ഗൗരവമുള്ളതാണ് താനും. എന്നാൽ, പലപ്പോഴും ഉന്നതരുടെ ചിത്രങ്ങളിലേക്ക് വാർത്ത തിരിയുമ്പോൾ മോൻസന്റെ പീഡന കേസുകൾ വേണ്ട വിധത്തിൽ പരിശോധിക്കുന്നില്ലേ എന്ന സംശയവും ശക്തിപ്പെടുന്നു.

മോൻസൻ പ്രതിയായ പീഡന കേസിൽ മൂന്നാമത് ഒരു ഉന്നതന്റെ സാന്നിധ്യമുണ്ടോ എന്നു പോലും സംശയിക്കുന്ന വിധത്തിലാണ് കാര്യങ്ങൾ. മോൻസൻ പ്രതിയായ പോക്‌സോ കേസിന്റെ തെളിവെടുപ്പു ഘട്ടത്തിൽ എറണാകുളം മെഡിക്കൽ കോളജിൽ നടന്നത് തീർത്തും കേട്ടുകേൾവി ഇല്ലാത്ത കാര്യങ്ങളാണ്. ഒക്ടോബർ 27നായിരുന്നു മെഡിക്കൽ കോളജിലെ അടച്ചിട്ട മുറിയിൽ തീർത്തും അസാധാരണമായ സംഭവം നടന്നത്.

ഉത്തരേന്ത്യയിൽ പീഡന കേസുകളിൽ ഇരയാക്കപ്പെട്ടവർക്ക് നീതികിട്ടാത്ത സംഭവങ്ങളെ കുറിച്ചുള്ള വാർത്തകൾ നിരവധി പുറത്തുവന്നിട്ടുണ്ട്. അതിനെയും കടത്തിവെട്ടുന്ന വിധത്തിലുള്ള അട്ടിമറി നീക്കാണ് അന്ന് ആശുപത്രിയിൽ നടന്നത്. പോക്‌സോ കേസിലെ മുഖ്യസാക്ഷിയായ പെൺകുട്ടിയോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി നിയമപ്രകാരമുള്ള വിവരശേഖരണം നടത്തുകയായിരുന്നു മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗം അസി.പ്രഫസർ ഡോ. വി.പ്രിയ. പെൺകുട്ടിയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ വൈദ്യപരിശോധനാ റിപ്പോർട്ടിന്റെ ഭാഗമാക്കുകയാണ് ചെയ്യാറ്.

മുഖ്യസാക്ഷിയായ പെൺകുട്ടി വളരെ സഹകരണ മനോഭാവത്തോടെ ചോദ്യങ്ങൾക്കു കൃത്യമായും വ്യക്തമായും മറുപടി നൽകുകയായിരുന്നു. ഇതിനിടെ തീർത്തും അപ്രതീക്ഷിതമായ കാര്യം നടന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ ആ മുറിയിലേക്ക് ഇടിച്ചു കയറിയ 2 വനിതാ പൊലീസ് ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ തടസ്സപ്പെടുത്തിയതും പെൺകുട്ടിയെ ബലമായി പുറത്തേക്കു വലിച്ചുകൊണ്ടു പോയതും. ഈ മൊഴി നൽകിയതും ഡോക്ടർ പ്രിയയാണ്. മെഡിക്കൽ കോളജ് സൂപ്രണ്ടിനും പിന്നീടു കളമശേരി പൊലീസിനും പരാതി എഴുതി നൽകുകയും ചെയ്തു.

ഇന്ത്യൻ തെളിവു നിയമപ്രകാരം കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ നൽകുന്നതിനേക്കാൾ രാജ്യത്തെ മുഴുവൻ കോടതികളും മുഖവിലയ്‌ക്കെടുക്കുന്ന മൊഴികളാണു അതിജീവിച്ചവരും സാക്ഷികളുമായി ബന്ധപ്പെട്ട് അവരെ പരിശോധിക്കുന്ന ഡോക്ടർമാർ നൽകുന്ന മൊഴി. കുറ്റകൃത്യത്തിന് ഇരയായി മരിക്കാൻ സാധ്യതയുള്ള ഒരാൾ ഡോക്ടർക്കു നൽകുന്ന മൊഴികൾക്കു തെളിവു നിയമത്തിൽ മരണമൊഴിയുടെ അതേ വിലയാണ്. ഇന്ത്യയിലെ ഡോക്ടർമാരുടെ ഉന്നത നിലവാരവും സത്യസന്ധതയും കണക്കിലെടുത്താണ് രാജ്യത്തെ കോടതികൾ ഇത്തരം മൊഴികൾക്കു വിധിന്യായത്തിൽ വലിയ വില കൽപിക്കുന്നത്.

കേരളാ പൊലീസിലെ ഒരുദ്യോഗസ്ഥയ്ക്കും അറിയാത്ത കാര്യമല്ലിത്. എന്നിട്ടും വനിതാ ഡോക്ടറുടെ നേതൃത്വത്തിൽ നടത്തിയ വിവരശേഖരണം തടസ്സപ്പെടുത്താൻ 2 വനിതാ പൊലീസ് ഉദ്യോഗസ്ഥർ എന്തുകൊണ്ടു തയാറായി എന്ന ചോദ്യമാണ് ഉയരുന്നത്. അതിന് ഉത്തരം തേടുമ്പോഴാണ് ഉന്നതരിലേക്ക് അന്വേഷണം നീളുമെന്ന സൂചനകളുള്ളത്. പോക്‌സോ കേസിൽ മോൻസനെതിരെ മൊഴി നൽകിയ കൂട്ടത്തിൽ പെൺകുട്ടി പൊലീസിന് അങ്കലാപ്പുണ്ടാക്കുന്ന തരത്തിൽ മറ്റാരുടെയോ പേര് ഡോക്ടർമാരോടു പരാമർശിച്ചു കാണുമെന്ന വിധത്തിലുള്ള നിഗമനങ്ങളുമുണ്ട്. പോക്‌സോ കേസിൽ പൊലീസിനു തിരിച്ചടിയാവുന്ന എന്തെങ്കിലും വെളിപ്പെടുത്തൽ അതിജീവിത ഡോക്ടർമാരോടു നടത്തിയെന്ന സംശമാണ് മറ്റൊന്ന്. സംശയങ്ങളും അനുമാനങ്ങളുമല്ല കോടതിക്കു മുന്നിലെത്തേണ്ടത്.

അതേസമയം പോക്‌സോ കേസുകളിലെ അതിജീവിതയായ മുഖ്യസാക്ഷിയോ അവരുടെ അടുത്തബന്ധുക്കളോ വൈദ്യപരിശോധന നടത്തുന്ന ഡോക്ടറെ കുറിച്ചോ ഡോക്ടർമാരെ കുറിച്ചോ എന്തെങ്കിലും പരാതി പറഞ്ഞാൽ കേസെടുത്ത് അന്വേഷിക്കേണ്ടതു പൊലീസിന്റെ ഉത്തരവാദിത്തമാണ്. പരാതിയിൽ കഴമ്പുണ്ടെന്നു വ്യക്തമായാൽ മാത്രമാണു ഡോക്ടർമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാറുള്ളത്. ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തുന്നതും സ്വാഭാവിക നിയമനടപടിയാണെന്നാണ് പൊലീസിന്റെ വിശദീകരണം.

അതേസമയം ഡോക്ടർമാർക്കെതിരെ ഉയർന്ന ആരോപണം നിഷേധിച്ചു കൊണ്ട് കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്‌സ് അസോസിയേഷൻ, എറണാകുളം യൂണിറ്റും രംഗത്തുവന്നു. എറണാകുളം ഗവ. മെഡിക്കൽ കോളജിൽ മെഡിക്കോ-ലീഗൽ കേസുമായി ബന്ധപ്പെട്ട വൈദ്യപരിശോധനയ്ക്കായി പൊലീസ് കൊണ്ടുവന്ന യുവതിയെ മുറിയിൽ പൂട്ടിയിട്ടുവെന്നും ഡോക്ടർമാർ അയാളോട് മോശമായി പെരുമാറിയെന്നുമുള്ള തരത്തിൽ മാധ്യമങ്ങളിൽ വന്ന വാർത്തയും ഇപ്പോൾ ക്രൈംബ്രാഞ്ച് ഡോക്ടർമാർക്കെതിരെ കേസെടുത്തുവെന്നുള്ള വാർത്തയും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. മേൽപറഞ്ഞ ആരോപണങ്ങളെല്ലാം തന്നെ അടിസ്ഥാനരഹിതമാണെന്ന് മെഡിക്കൽ കോളജ് ടീച്ചേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കുന്നു.

കഴിഞ്ഞ 27ന് ഉച്ചസമയത്താണു പോക്സോ കേസുമായി ബന്ധപ്പെട്ട, അതിജീവിതയായ യുവതിയെ വൈദ്യപരിശോധനയ്ക്കായി ആലുവ ജനറൽ ആശുപത്രിയിൽ നിന്നു റഫർ ചെയ്ത സാഹചര്യത്തിൽ പൊലീസ് എറണാകുളം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലേക്കു കൊണ്ടുവരുന്നത്. ഒപി വിഭാഗത്തിലെ രേഖകൾ പ്രകാരം ഉച്ചയ്ക്ക് 1.30 മണിയോടെയാണു പൊലീസ് ഗൈനക്കോളജി വിഭാഗത്തിൽ പരിശോധനയ്ക്കായി എത്തിയിട്ടുള്ളത്. ഗൈനക്കോളജി വിഭാഗം മേധാവിയുടെ നിർദ്ദേശപ്രകാരം അന്നു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അസി.പ്രഫസർ ഈ യുവതിയെ പരിശോധിക്കുന്നതിനുള്ള നടപടികൾ കാലതാമസമില്ലാതെ എടുത്തിരുന്നു. ഇത്തരം ലൈംഗിക-അതിക്രമ കേസുകളിൽ നടത്തുന്ന പരിശോധനയുടെ ഭാഗമായി അതിക്രമവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെപ്പറ്റി വിശദമായ വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കേണ്ടതും അതു പോക്സോ കേസുമായി ബന്ധപ്പെട്ടു നൽകുന്ന സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തേണ്ടതുമുണ്ടെന്നും അസോസിയേഷൻ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

പല പ്രമാദമായ കേസുകളിലും ഇത്തരത്തിൽ രേഖപ്പെടുത്തുന്ന കാര്യങ്ങൾ വിചാരണവേളയിൽ വളരെ പ്രാധാന്യമേറിയ പങ്കുവഹിക്കാറുണ്ട്. ഇത്തരം കാര്യങ്ങളെപ്പറ്റിയുള്ള അന്വേഷണങ്ങൾ പീഡനത്തിനിരയായ വ്യക്തിയുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ടും അന്യവ്യക്തികളിൽനിന്ന് അകലം പാലിച്ചുകൊണ്ടും നടത്തണമെന്നാണു നിയമം അനുശാസിക്കുന്നത്. അക്കാരണങ്ങളാൽത്തന്നെ ഇത്തരം മെഡിക്കോ-ലീഗൽ പരിശോധനകൾ ഒരു സാക്ഷിയുടെ സാന്നിധ്യത്തിൽ ഇതിനായി പ്രത്യേകം സജ്ജീകരിച്ച അടച്ചിട്ട മുറികളിലാണു നടത്തിവരുന്നത്.

ഉച്ചയ്ക്കു 2 മണിയോടെ തുടങ്ങിയ പരിശോധനയുടെ ഭാഗമായുള്ളതും മേൽപ്പറഞ്ഞ സാഹചര്യങ്ങളെപ്പറ്റിയുള്ളതുമായ വിശദമായ അന്വേഷണത്തിനിടയിൽ ഏകദേശം മൂന്നു മണിയോടടുപ്പിച്ച് പൊലീസ് ഈ യുവതിയെ പരിശോധന പൂർത്തിയാക്കാൻ സമ്മതിക്കാതെ നിർബന്ധമായി ആശുപത്രിയിൽനിന്നു കൊണ്ടുപോവുകയായിരുന്നു എന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ വ്യക്തമാക്കിയിട്ടുള്ളത്. പരിശോധന നടത്താൻ കഴിയാതിരുന്ന ഈ സാഹചര്യത്തിൽ ഇക്കാര്യത്തെപ്പറ്റി ഡ്യൂട്ടി ഡോക്ടർ അന്നുതന്നെ മെഡിക്കൽ കോളജ് അധികൃതർക്ക് രേഖാമൂലം പരാതിയും നൽകിയിട്ടുണ്ട്. മെഡിക്കൽ കോളജിലെ രേഖകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താവുന്നതാണ്.

മേൽപറഞ്ഞ വിഷയത്തിൽ നിയമപരമായ കൃത്യനിർവഹണം നടത്തിയ ഡോക്ടർമാർക്കെതിരെ കേസെടുക്കാനുള്ള ക്രൈംബ്രാഞ്ചിന്റെ തീരുമാനം പ്രതിഷേധാർഹമാണ്. ഡോക്ടർമാരുടെ മേൽ ഇത്തരത്തിൽ അനാവശ്യമായി അടിച്ചേൽപ്പിക്കപ്പെടുന്ന കെട്ടിച്ചമച്ച കേസുകൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കെജിഎംസിടിഎ മുന്നറിയിപ്പു നൽകുന്നു. അതുപോലെ മെഡിക്കൽ കോളജിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ വീഴ്ചകളൊന്നുംതന്നെ സംഭവിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ മാധ്യമങ്ങളിൽ ഇത്തരത്തിൽ വാർത്തകൾ വരുന്നത് അപലപനീയമാണ്. മെഡിക്കൽ കോളജിനും ഡോക്ടർമാർക്കെതിരെയുമുള്ള ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതിൽനിന്നു മാധ്യമങ്ങൾ വിട്ടുനിൽക്കണമെന്നും സംഘടന ശക്തമായി ആവശ്യപ്പെടുന്നതായും ഡോ: എ.കെ. ഉന്മേഷും ഡോ: എ.എ. ഫൈസൽ അലി, സെക്രട്ടറിയും പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു.