- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോൻസന്റെ ബാങ്ക് അക്കൗണ്ടിൽ 176 രൂപ മാത്രം! മകളുടെ കല്യാണത്തിന് മൂന്നുലക്ഷം കടം വാങ്ങിയെന്ന് മൊഴി; പണം ഉപയോഗിച്ചു പുരാവസ്തുക്കൾ വാങ്ങി; രണ്ട് കാറുകൾ പരാതിക്കാർക്കും നൽകി; പാസ്പോർട്ടില്ല, 100 രാജ്യങ്ങൾ സഞ്ചരിച്ചെന്നതും ബഡായി; സുരക്ഷാ ഉദ്യോഗസ്ഥർക്കായി 25 ലക്ഷം മുടക്കിയെന്നും മോൻസൻ
കൊച്ചി: പുരാവസ്തുക്കളുടെ പേരിൽ തട്ടിപ്പു നടത്തിയ മോൻസൻ മാവുങ്കലിന്റെ അക്കൗണ്ട് കാലി. ബാങ്ക് അക്കൗണ്ടിൽ ആകെയുള്ളത് 176 രൂപ മാത്രമാണ് എന്നാണ് മോൻസൻ നൽകിയിരിക്കുന്ന മൊഴി. തനിക്ക് ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണുള്ളതെന്നും മോൻസൻ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. മകളുടെ കല്യാണ ആവശ്യങ്ങൾക്കായി സുഹൃത്തായ ജോർജിൽ നിന്നും മൂന്നുലക്ഷം രൂപ കടം വാങ്ങിയെന്നും മോൻസൻ മൊഴി നൽകിയിട്ടുണ്ട്.
ജീവനക്കാർക്ക് ആറുമാസമായി ശമ്പളം നൽകിയിട്ടില്ലെന്നും മോൻസൻ പൊലീസിനോട് പറഞ്ഞു. ബാങ്കുവഴി പണം വാങ്ങിയിരുന്നതായും മോൻസൻ വ്യക്തമാക്കിയിട്ടുണ്ട്. ഈ പണം ഉപയോഗിച്ചു പുരാവസ്തുക്കൾ വാങ്ങി. കുറച്ചു പണം കൊണ്ട് ആഡംബര കാറുകൾ വാങ്ങിക്കൂട്ടി. ഈ പണം ഉപയോഗിച്ച് രണ്ട് പോർഷെ കാറുകൾ വാങ്ങിയെന്നും പരാതിക്കാർക്കും നൽകിയിട്ടുണ്ട്. പരാതിക്കാരായ യാക്കൂബിനും അനൂപിനും പോർഷെ, ബി എം ഡബ്യൂ കാറുകൾ നൽകിയെന്നാണ് മൊഴി. സുരക്ഷാ ഉദ്യോഗസ്ഥർക്കായി 25 ലക്ഷം മുടക്കിയെന്നും മോൻസൻ പറഞ്ഞിട്ടുണ്ട്. മാസം അമ്പതിനായിരം രൂപയായിരുന്നു വീടിന്റെ വാടകയായി നൽകിയിരുന്നതെന്നും മോൻസൻ പറഞ്ഞു.
പരാതിക്കാരിൽ നിന്ന് പത്ത് കോടി വാങ്ങിയിട്ടില്ലെന്നും മോൻസൻ പറഞ്ഞു. അതേസമയം, ബാങ്ക് വഴി കൈപ്പറ്റിയ തുക പ്രതി സമ്മതിച്ചു. തട്ടിപ്പ് പണമുപയോഗിച്ച് പലയിടത്തുനിന്ന് പുരാവസ്തുക്കൾ വാങ്ങിയെന്ന് അവകാശവാദം. പാസ്പോർട്ടില്ലെന്നും ഇന്ത്യയ്ക്ക് പുറത്തേക്ക് സഞ്ചരിച്ചിട്ടില്ലെന്നും മോൻസൻ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. തട്ടിപ്പുപണംകൊണ്ട് പള്ളിപ്പെരുനാൾ നടത്തി, ഇതിനായി ഒന്നരക്കോടി ചെലവായെന്നും കറന്റ് ബില്ല് ശരാശരി പ്രതിമാസം മുപ്പതിനായിരം രൂപയും ചെലവാക്കിയെന്നും മോൻസർ വ്യക്തമാക്കി.
100 രാജ്യങ്ങൾ സന്ദർശിച്ചു എന്നത് വെറുതെ പറഞ്ഞതാണെന്നും മോൻസൻ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. പാസ്പോർട്ടില്ലാതെയാണ് മോൻസൻ പ്രവാസി സംഘടനാ രക്ഷാധികാരിയായത്. അതേസമയം, മോൺസണിന്റെ ശബ്ദ സാമ്പിൾ ഇന്ന് ശേഖരിക്കും. പരാതിക്കാരുമായുള്ള സംഭാഷണത്തിലെ ശബ്ദം ഉറപ്പുവരുത്താനാണിത്.
ചേർത്തലയിലെ മോൻസന്റ വീട്ടിലെ റെയ്ഡിൽ കുടുംബാംഗങ്ങളുടെ ബാങ്ക് രേഖകൾ പിടിച്ചെടുത്തു. ഭാര്യ, രണ്ട് മക്കൾ എന്നിവരുടെ അക്കൗണ്ട് രേഖകളാണ് പിടിച്ചെടുത്തത്. ഇവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അതിനിടെ, മോൻസൻ നാലു കോടി രൂപ വാങ്ങിയതിന് തെളിവുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി. വാങ്ങിയതിലേറെയും പണമായിട്ടാണ്. സഹായികളുടെ അക്കൗണ്ടുകളിലും നിക്ഷേപിച്ചു. സഹായികളുടെ ബാങ്ക് അക്കൗണ്ടുകളും കൂടി പരിശോധിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. മോൻസന്റെ ശബ്ദംസാംപിളുകൾ പരിശോധിക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു. പുറത്തുവന്ന ഓഡിയോ ക്ലിപ്പുകളിലുള്ളത് മോൻസന്റെ ശബ്ദം തന്നെയാണോ എന്ന് സ്ഥിരീകരിക്കാനാണിത്. ചിത്രാഞ്ജലി സ്റ്റുഡിയോയിലാകും ശബ്ദം പരിശോധിക്കുക. ഇന്നലെ ഡിജിപി അനിൽകാന്ത്, എഡിജിപിമാരായ ശ്രീജിത്ത്, മനോജ് എബ്രഹാം എന്നിവരുമായി കേസ് അന്വേഷണപുരോഗതി വിലയിരുത്തി.
മോൻസനെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ് ശ്രീജിത്ത് ഇന്ന് കൊച്ചിയിലെത്തും. മോൻസന്റെ മൂന്നു ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് ഉച്ചയ്ക്കുശേഷം മോൻസനെ കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന. ആവശ്യമെങ്കിൽ രണ്ടാമതു രജിസ്റ്റർ ചെയ്ത കേസിൽ മോൻസനെ കസ്റ്റഡിയിൽ വാങ്ങാനും ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്.
അതേസമയം ക്രൈംബ്രാഞ്ചും വനം വകുപ്പും മോട്ടോർ വാഹന വകുപ്പും ഇന്നലെ സംയുക്തമായി മോൻസന്റെ കൊച്ചിയിലെ വാടക വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഇയാളുടെ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്നത് യഥാർഥ ആനക്കൊമ്പല്ലെന്ന് പരിശോധനയിൽ വ്യക്തമായി. ഒട്ടകത്തിന്റെ അസ്ഥികൊണ്ട് ഉണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. വ്യക്തതക്കായി ഇത് വിദഗ്ധപരിശോധനയ്ക്കയക്കും. ഇയാളുടെ വാഹനങ്ങളുടെ വിശദാംശങ്ങളാണ് മോട്ടോർ വാഹന വകുപ്പ് തേടിയത്. തട്ടിപ്പിന്റെ കൂടുതൽ രേഖകൾ തേടി കലൂരിലെ വീട്ടിലും ചേർത്തലയിലെ വീട്ടിലും ഒരേ സമയമായിരുന്നു ക്രൈംബ്രാഞ്ച് പരിശോധന.
ഇതിനിടെ പരാതിക്കാരുടെ മൊഴിയെടുക്കുന്നത് ക്രൈംബ്രാഞ്ച് തുടരുകയാണ്. കെ സുധാകരനെ നിരവധി തവണ മോൻസന്റെ വീട്ടിൽ കണ്ടിട്ടുണ്ടെന്നും എന്നാൽ താൻ പണം കൈമാറുന്പോൾ സുധാകരനെ കണ്ടിട്ടില്ലെന്നുമാണ് പരാതിക്കാരനായ രാജീവ് പറയുന്നത്. കെ സുധാകരനെ മാത്രമല്ല മറ്റ് രാഷ്ടീയ പാർട്ടി നേതാക്കളേയും മോൻസന്റെ വീട്ടിൽ കണ്ടിട്ടുണ്ടെന്ന് പരാതിക്കാരൻ രാജീവ് അറിയിച്ചു. മോൻസന്റെ വീട്ടിൽ വെച്ച് കണ്ട മറ്റ് രാഷ്ട്രീയ നേതാക്കളുടെ പേരുകൾ വെളിപ്പെടുത്താൻ രാജീവ് തയ്യാറായില്ല. 'ഞാൻ 1.68 കോടി രൂപ കൊടുത്തിട്ടുണ്ട്. എന്റെയൊരു സുഹൃത്താണ്, ഫണ്ട് ക്ലിയർ ചെയ്യാനുണ്ടെന്നും സഹായിക്കണമെന്നും പറഞ്ഞപ്പോഴാണ് പണം നൽകിയത്. പണം തിരികെ തരാതെ ഒരു വർഷം കഴിഞ്ഞു. അതിനാലാണ് പരാതിയുമായി പോയത്. കെ സുധാകരനെ മോൻസന്റെ വീട്ടിൽ ഒന്ന്-രണ്ട് തവണ കണ്ടിരുന്നു. ബന്ധങ്ങൾ പറഞ്ഞ് വിശ്വസിപ്പിച്ചും രേഖകൾ കാണിച്ച് വിശ്വസിപ്പിച്ചതുകൊണ്ടുമാണ് പണം നൽകിയത്. എല്ലാ രാഷ്ട്രീയ പാർട്ടിയിലെയും നേതാക്കളെ മോൻസന്റെ വീട്ടിൽ വെച്ച് കണ്ടിരുന്നു.അവരുടെ പേരുകൾ ഇപ്പോൾ വെളിപ്പെടുത്താൻ താത്പര്യപ്പെടുന്നില്ലെന്നും രാജീവ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ