- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോൻസൻ വമ്പന്മാരുടെ ബിനാമിയോ? 18 കോടിയിലേറെ തട്ടിയെടുത്ത പുരാവസ്തു തട്ടിപ്പുകാരന്റെ ബാങ്ക് അക്കൗണ്ടുകൾ ശൂന്യം; പണം പോയ വഴി തേടി അന്വേഷണ സംഘം; ഡൽഹിയിലും മോൻസന് ഉന്നത ബന്ധങ്ങൾ; ഡൽഹി വിമാനത്താവളത്തിലെ ഗ്രീൻചാനൽ വഴിയും മോൻസന്റെ ഇടപാടുകൾ
കൊച്ചി: സോഷ്യൽ മീഡയിയിൽ ആളുകളെ ചിരിപ്പിക്കുന്ന ഒരു കോമാളി പരിവേഷമാണ് മോൻസൻ മാവുങ്കലിനെങ്കിൽ ആ പ്രതീക്ഷ തെറ്റിയേക്കും. തട്ടിപ്പുകാരനെ കുറിച്ചുള്ള അന്വേഷണം മുറുകുമ്പോൾ പല വിധത്തിലുള്ള സംശയങ്ങളാണ് ഇയാളെ ചുറ്റിപ്പറ്റി ഉയരുന്നത്. പുരാവസ്തുവിന്റെ പേരിൽ തട്ടിയെടുത്ത കോടികൾ എവിടെ പോയെന്ന് ആർക്കും ഒരു പിടിയുമില്ലെന്നതാണ് വസ്തുത. ഇതോടെ ഇയാൾ അന്താരാഷ്ട്ര തട്ടിപ്പു സംഘത്തിലെ കണ്ണിയോ എന്നടക്കമുള്ള ചോദ്യങ്ങൾ ഉയർന്നു കഴിഞ്ഞു. അല്ലാത്ത പക്ഷം ഏതെങ്കിലും വമ്പന്മാരുടെ ബിനാമിയാണോ എന്നത് അടക്കമുള്ള സംശയങ്ങളും ശക്തമാണ്.
പലരിൽ നിന്നായി 18 കോടിയോളം രൂപയുടെ തട്ടിപ്പുകൾ നടത്തിയെങ്കിലും മോൺസൺ തട്ടിയ കോടികൾ എവിടെയെന്ന് കണ്ടെത്താൻ അന്വേഷണ സംഘത്തിന് ആയിട്ടില്ല. ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ ഏറെക്കുറെ ശൂന്യമാണ്. വീട്ടിൽനിന്നും പണമൊന്നും കണ്ടെടുത്തിട്ടുമില്ല. ബന്ധുക്കളുടെ അക്കൗണ്ടിന്റെ വിവരങ്ങൾ അടക്കം ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ആരുടെയൊക്കെയോ ബിനാമിയാണോ മോൻസൺ എന്ന സംശയവും ഇതോടൊപ്പം ഉയരുന്നു.
ശ്രീവത്സം ഗ്രൂപ്പിൽ നിന്ന് തട്ടിയത് 6.27 കോടി രൂപയാണ്. പത്തനംതിട്ട സ്വദേശി രാജീവിൽ നിന്ന് 1.62 കോടിയും. ഇതിനു പുറമേ കോഴിക്കോട് സ്വദേശി യാക്കൂബിൽ നിന്നുൾപ്പെടെ ആറുപേരിൽ നിന്ന് തട്ടിയത് 10 കോടി രൂപയോളവും. ഇങ്ങനെ പരാതി വന്നതു മാത്രം 18 കോടിയോളം രൂപയുണ്ട്. ഇതിനു പുറമേയാണ് വിദേശനിർമ്മിത ആഡംബര കാറുകളുടെ പേരിലുള്ള തട്ടിപ്പിലെ കോടികൾ.
പക്ഷേ, ഈ തുകയൊക്കെ എവിടെ പോയെന്ന് ക്രൈംബ്രാഞ്ചിന് സൂചന പോലും ലഭിച്ചിട്ടില്ല. വിദേശനിർമ്മിത കാറിൽ നോട്ടെണ്ണൽ യന്ത്രം കണ്ടെടുത്തതിലൂടെ അന്വേഷണ സംഘത്തിന് ലഭിച്ച സൂചന ഇയാൾ പണം നേരിട്ട് കൈകാര്യം ചെയ്യുകയായിരുന്നു എന്നാണ്. ബാങ്ക് ഇടപാടുകളോ ഡിജിറ്റൽ ഇടപാടുകളോ നടന്നാൽ രേഖയാവും എന്നതാവാം കാരണം. ഇതെല്ലാം മോൻസനിലെ സമർഥനായ ക്രിമിനലിനെ കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കുന്നതാണ്.
പുരാവസ്തു വിൽപ്പനക്കാരനെന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കൽ ബിനാമിയെന്ന് സംശയം ശക്തമാക്കുന്നത് മോൻസന്റെ സാഹചര്യങ്ങൾ തന്നെയാണ്. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള മോൻസൻ എങ്ങനെയാണ് പുരാവസ്തു ശേഖരണത്തിലേക്ക് കടന്നത് എന്നത് അടക്കം സംശയങ്ങൾക്ക് ഇട നൽകുന്ന കാര്യമാണ്. കോടിക്കണക്കിന് രൂപ മോൻസണിലൂടെ കൈമറിഞ്ഞതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഈ തുകയുടെ ഉറവിടം തേടിയാണ് ബുധനാഴ്ച ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ പ്രധാന നീക്കങ്ങൾ.
ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥരുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടോ, ഇവർ സഹായങ്ങൾ ചെയ്തു നൽകിയോ എന്നീ കാര്യങ്ങളിലും വരുംദിവസങ്ങളിൽ വ്യക്തത വരുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. വ്യാജ രേഖകൾ എങ്ങനെയുണ്ടാക്കി, പുരാവസ്തുക്കൾ എവിടെനിന്ന് എത്തിച്ചു, സാമ്പത്തിക സ്രോതസ്സ്, തട്ടിപ്പിലൂടെ ലഭിച്ച പണം എന്തുചെയ്തു എന്നീ വിവരങ്ങളാണ് അന്വേഷണം സംഘം ചോദിച്ചറിയുന്നത്.
മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിൽ പറയുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പ്രത്യേക ചോദ്യാവലിയുമായാണ് സംഘം ചോദ്യം ചെയ്യലിന് തയ്യാറെടുത്തത്. എസ്പി എം.ജെ. സോജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ചോദ്യംചെയ്തത്. മോൻസന്റെ സുഹൃത്തുക്കളെയും സുരക്ഷാ ജീവനക്കാരെയും ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. തങ്ങൾക്ക് തട്ടിപ്പിൽ പങ്കില്ലെന്നാണ് ഇവരുടെ മൊഴി. പരാതിക്കാരിൽ നിന്ന് ബുധനാഴ്ച ക്രൈംബ്രാഞ്ച് വിവരങ്ങൾ തേടി. ചില രേഖകൾ ഇവർ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
കലൂരിലെയും ചേർത്തലയിലെയും വീടുകളിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. കലൂരിലെ വീട്ടിൽ മോൻസൺ സ്ഥാപിച്ചിരുന്ന ബോർഡുകൾ സംഘം എടുത്തുമാറ്റിയിട്ടുണ്ട്. വീട്ടിൽനിന്ന് ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. വയനാട്ടിലെ എസ്റ്റേറ്റ്ഭൂമി പാട്ടത്തിന് നൽകാമെന്ന് പറഞ്ഞ് ഒരു കോടി 68 ലക്ഷം രൂപ മോൻസൺ തട്ടിയെടുത്തുവെന്ന് പരാതി നൽകിയ രാജീവിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.
പുരാവസ്തു തട്ടിപ്പ് തെളിഞ്ഞതിനാൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ.) ഉദ്യോഗസ്ഥരും പരിശോധനയ്ക്കായി എത്തിയേക്കും. അതേസമയം 'സംസ്കാര' ടെലിവിഷൻ ചാനലിന്റെ ചെയർമാൻ എന്ന പേരിൽ മോൻസൺ തട്ടിപ്പ് നടത്തിയത് കാണിച്ച് ഉടമകൾ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. ശില്പങ്ങളുണ്ടാക്കി നൽകിയ സുരേഷും പരാതി നൽകിയിട്ടുണ്ട്.
ഡൽഹിയിലും പിടിയുള്ള 'വമ്പൻ'
മോൻസന്റെ തട്ടിപ്പു സംഘത്തിൽ വൻ തോക്കുകൾ ഉണ്ടെന്ന സംശയം ബലപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ ഡൽഹി ബന്ധങ്ങളാണ്. മോൻസൺ മാവുങ്കലിന്റെ ഡൽഹിയിലെ രാഷ്ട്രീയ ബന്ധങ്ങളിലേക്ക് വിരൽചൂണ്ടുന്ന ചില നിർണായക വിവരങ്ങൾ ക്രൈംബ്രാഞ്ചിന് കിട്ടിയിട്ടുണ്ട്. ഇതിലേക്ക് അന്വേഷണം എത്തിയാൽ കുരുക്കിലാക്കുക ഡൽഹിയിൽ രാഷ്ട്രീയരംഗത്തെ ചില പ്രമുഖരാകും.
പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാർ ഡൽഹിയിലെ മോൻസന്റെ ബന്ധങ്ങൾ കണ്ട് ബോധിച്ചിരുന്നു. ഡൽഹിയിലെത്തിയ മോൻസണെ കൊണ്ടുപോകുന്നതിനായി രണ്ട് പൊലീസ് വാഹനങ്ങൾ എത്തിയതാണ് പരാതിക്കാർ കണ്ടത്. ഈ വാഹനങ്ങൾ ശരിക്കുള്ള പൊലീസ് വാഹനമാണെങ്കിലും അല്ലെങ്കിലും ഇത്തരം ഒരു വാഹനം ഡൽഹി വിമാനത്താവളത്തിന് പുറത്ത് എത്തിക്കുന്നതിന് വലിയ ബന്ധങ്ങൾ വേണം.
യഥാർഥ പൊലീസ് വാഹനമെങ്കിൽ, ഇത് ഒരു സ്വകാര്യവ്യക്തിയെ കൊണ്ടുവരാനായി എത്തണമെങ്കിൽ ഉന്നതർ വിചാരിക്കണം. ഭരണത്തിൽ പിടിയുള്ള ഏതെങ്കിലും രാഷ്ട്രീയ നേതാക്കളുമായോ, അല്ലെങ്കിൽ പൊലീസ് ഉന്നതരുമായോ ബന്ധം ഉണ്ടെങ്കിലേ ഇത്തരം വാഹനം ഉപയോഗിക്കാൻ കഴിയൂ.
മോൻസൺ ഗ്രീൻ ചാനൽ വഴി ഡൽഹി വിമാനത്താവളത്തിൽ നിന്ന് പരാതിക്കാരായ യാക്കൂബ് പുറായിലിനെയും അനൂപിനെയും പുറത്തിറക്കി എന്നതാണ് പരാതിയിൽ പറയുന്ന മറ്റൊരു ആരോപണം. മോൻസണെ പോലുള്ള വ്യക്തിക്ക് ഗ്രീൻ ചാനലിലൂടെ കടക്കാൻ എന്ത് പ്രത്യേകതയാണുള്ളത്. ഇതിനായി വിമാനത്താവളത്തിലെ ഏത് ഉദ്യോഗസ്ഥരാണ് സഹായിച്ചത് എന്നും അന്വേഷിക്കേണ്ടി വരും. വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്ക് ഇവരെ കൊണ്ടുപോകാൻ എത്തിയതും രണ്ട് പൊലീസ് വാഹനങ്ങളാണ്. വാഹനത്തിൽ പൊലീസ് ഉദ്യോഗസ്ഥരുമുണ്ടായി. ഇവർ ഇടപെട്ടായിരുന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ പരാതിക്കാർക്ക് മുറിയെടുത്തു നൽകിയതും മറ്റും.
എൻ.എൽ. 10 രജിസ്ട്രേഷൻ വാഹനമാണ് എത്തിയതെന്നാണ് പരാതിക്കാർ പറയുന്നത്. എൻ.എൽ.-10 രജിസ്ട്രേഷൻ നാഗാലാൻഡ് കൊഹിമ ആർ.ടി.ഒ.യ്ക്ക് കീഴിൽ വരുന്നതാണ്. സർക്കാരിന്റെ നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്കാണ് ഈ രജിസ്ട്രേഷനിൽ നമ്പർ നൽകുന്നത്. അങ്ങനെയെങ്കിൽ ഈ വാഹന നമ്പർ വ്യാജമാകാനാണ് സാധ്യത. അതല്ല, ഡി.എൽ. എന്നത് പരാതിക്കാർ എൻ.എൽ. എന്ന് തെറ്റിധരിച്ചതാണെങ്കിൽ ഇത് ഡൽഹി വാഹനങ്ങളായിരിക്കും. മോൻസണിനായി ഡൽഹിയിൽ ആൾമാറാട്ടം നടത്താനും വാഹനങ്ങൾ ഒരുക്കി നൽകാനുമെല്ലാം ആളുണ്ടെങ്കിൽ അവിടെ ഇയാൾക്കായി പ്രവർത്തിക്കാൻ വൻസംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നു വേണം കരുതാൻ.
കടുത്തുരുത്തിയിൽ പരിശോധന
മോൻസൺ മാവുങ്കൽ കടുത്തുരുത്തിയിലും സമീപ പ്രദേശങ്ങളിലും നടത്തിയ ഇടപാടുകളെ സംബന്ധിച്ച് സംസ്ഥാന പൊലീസിലെ ഇന്റലിജൻസ് വിഭാഗം പരിശോധന നടത്തി. മോൻസൺ മാവുങ്കൽ കബളിപ്പിച്ചവർ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെത്തുടർന്ന് രഹസ്യാന്വേഷണവിഭാഗം സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയുടെ ഭാഗമായാണ് കടുത്തുരുത്തിയിലുമെത്തിയത്. മോൻസൺ പ്രവാസി സംഘടനയുടെ സംസ്ഥാന നേതാവായതിനാൽ കടുത്തുരുത്തിയുമായി ഇയാൾക്ക് വലിയ ബന്ധങ്ങളാണുള്ളത്. മോൻസൺ ആരെങ്കിലുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
അതേസമയം മോൻസൺ മാവുങ്കലിനെതിരേയുള്ള പ്രഥമവിവര റിപ്പോർട്ട് (എഫ്.ഐ.ആർ.) ഒളിപ്പിച്ച് ക്രൈംബ്രാഞ്ച്. രജിസ്റ്റർ ചെയ്യുന്ന പ്രഥമവിവര റിപ്പോർട്ടുകൾ പൊതു രേഖയാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് വകവെക്കാതെയാണിത്. കേസിൽ കേന്ദ്ര ഇന്റലിജൻസ് ഉൾപ്പടെ ക്രൈംബ്രാഞ്ച് എഫ്.ഐ. ആർ. തിരയുമ്പോഴാണ് പൊലീസിന്റെ വെബ്സൈറ്റിൽ എഫ്.ഐ.ആർ. അപ്ലോഡ് ചെയ്യാത്തത്. ലൈംഗിക അതിക്രമങ്ങൾ, പോക്സോ കേസുകൾ, കലാപം, തീവ്രവാദം തുടങ്ങിയ 'സെൻസിറ്റീവ്' സ്വഭാവമുള്ള കേസുകളുടേതൊഴിച്ചുള്ള പ്രഥമവിവര റിപ്പോർട്ടുകൾ പൊതു രേഖയാക്കണമെന്നാണ് സുപ്രീംകോടതി നിർദ്ദേശം.
മോൻസൺന്റെ കലൂരിലെ വീട്ടിൽനിന്ന് ആനക്കൊമ്പുകൾ പൊലീരിക്കുന്ന വസ്തുക്കൾ വനംവകുപ്പ് പിടിച്ചെടുത്തു. നാലു കൊമ്പുകളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇവ വ്യാജമാണെന്നാണ് കരുതുന്നത്. ഒട്ടകത്തിന്റെ എല്ല് നിറംമാറ്റി ആനക്കൊമ്പ് ആക്കിയതെന്നാണ് മോൻസന്റെ മൊഴി. ഇത് സ്ഥിരീകരിക്കുന്നതിനായി പരിശോധനയ്ക്ക് അയയ്ക്കുമെന്ന് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജിയോ ബേസിൽ പോൾ പറഞ്ഞു. ആറ്് ശംഖുകളും കണ്ടെടുത്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ