- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാസനു വേണ്ടി ഗണപതി മഹാഭാരതം എഴുതിക്കൊടുത്ത താളിയോല! യേശുവിന്റെ തിരുവസ്ത്രവും കൽഭരണിയും.. പിന്നെ ശ്രീകൃഷ്ണന്റെ വെണ്ണക്കുടവും! മോൻസന്റെ പുരാവസ്തു ശേഖരത്തിലെ വസ്തുക്കളെ കുറിച്ച് കേട്ടവർ വാപൊളിച്ചു; ബാങ്കിൽ കുടുങ്ങിക്കിടക്കുന്നത് 2.62 ലക്ഷം കോടിയെന്ന് മറ്റൊരു ബഡായിയും
കൊച്ചി: കുറച്ചു കാലം മുമ്പ് മാധ്യമങ്ങളിലെല്ലാം വാർത്തയിൽ നിറഞ്ഞു നിന്നത് ഇ ബുൾ ജെറ്റ് സഹോദരങ്ങളെ കുറിച്ചായിരുന്നു. യുടൂബിൽ വീഡിയോ ഓടാനായി ഇവർ സ്വീകരിച്ചിരുന്ന ശൈലി 'ആയിരം കോടി സ്ത്രീധനം വാങ്ങി വിവാഹം കഴിച്ചു, നൂറ് കോടി രൂപയ്ക്ക് വക്കീലിനെ വെച്ചു' എന്നു തുടങ്ങുന്ന തമ്പിടൽ തന്ത്രമായിരുന്നു. ഇപ്പോൾ കൊച്ചിയിലെ പുരാവസ്തുവിൽപനക്കാരനെന്ന പേരിൽ പലരിൽ നിന്നായി കോടികൾ മോൻസൺ മാവുങ്കൽ തട്ടിച്ചപ്പോൾ ഈ തട്ടിപ്പിൽ വീണവരോട് മോൻസൻ പറഞ്ഞ കാര്യങ്ങൾ കേട്ടാൽ ആരുമൊന്ന് ഞെട്ടും. അത്രയ്ക്ക് വലിയ ബഡായികളാണ് ആളുകളെ വീഴ്ത്താനായി മോൻസൺ പറഞ്ഞിരുന്നത്. ഈ കഥകൾ കേട്ട് പണം കൊടുക്കുന്നവർ തല പരിശോധിക്കണം എന്നു പറഞ്ഞാൽ പോലും അതിൽ തെറ്റില്ലെന്ന വിമർശനവും ഉയർന്നു കഴിഞ്ഞു.
ബാങ്കിൽ കുടുങ്ങിക്കിടക്കുന്ന 2.62 ലക്ഷം കോടി രൂപ പിൻവലിക്കാനുള്ള തടസ്സങ്ങൾ പരിഹരിക്കാൻ എന്നു പറഞ്ഞാണ് മോൻസൻ പലപ്പോഴായി 10 കോടി രൂപ വാങ്ങിയത്. 2.62 ലക്ഷം കോടി രൂപ എന്നത് കേരളത്തിന്റെ ബജറ്റിനേക്കാൾ ഉയർന്ന തുകയാണ് എന്ന ചിന്തപോലും പണം കൊടുത്തവർക്ക് ഉണ്ടായില്ലെന്നതാണ് ശ്രദ്ധേയം. തട്ടിപ്പിനിരയായ യാക്കൂബ് പുറായിൽ, സിദ്ദിഖ് പുറായിൽ, അനൂപ് വി.അഹമ്മദ്, സലീം എടത്തിൽ, എം ടി.ഷമീർ, ഷാനിമോൻ എന്നിവർ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിലാണ് മോൻസന്റെ തട്ടിപ്പു ശൈലിയെ കുറിച്ച് വിവരിക്കുന്നത്.
ബാങ്കിൽ കുടുങ്ങിക്കിടക്കുന്ന 2.62 ലക്ഷം കോടി രൂപ പിൻവലിക്കാനുള്ള തടസ്സങ്ങൾ പരിഹരിക്കാനെന്നു പറഞ്ഞ് മോൻസൻ പലപ്പോഴായി 10 കോടി രൂപ വാങ്ങി. വീണ്ടും 25 ലക്ഷം രൂപ ചോദിച്ചെങ്കിലും കൊടുത്തില്ല. തുടർന്ന് 2018 നവംബർ 22നു കൊച്ചി കലൂരിലെ മോൻസന്റെ വീട്ടിൽവച്ച് ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ സാന്നിധ്യത്തിൽ തങ്ങളുമായി ചർച്ച നടത്തി. ഡൽഹിയിലെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നു സുധാകരൻ ഉറപ്പുനൽകി.
അവിടം കൊണ്ടും തീർന്നില്ല മോൻസന്റെ തട്ടിപ്പു കഥകൾ. മോൻസന്റെ ശേഖരത്തിൽ ഉണ്ടായിരുന്ന വസ്തുക്കളെ കുറിച്ചുള്ള വിവരങ്ങൾ കേട്ടാൽ ആരും തലചുറ്റി വീണു പോകും. അത്രയ്ക്ക് വലിയ തള്ളാണ് ഇതിലുള്ളത്. ശ്രീകൃഷ്ണന്റെ വെണ്ണക്കുടം, മോശയുടെ അംശവടി, യൂദാസിന്റെ വെള്ളിക്കാശും അടക്കം തന്റെ കൈവശമുണ്ടെന്ന് മോൻസൺ അവകാശപ്പെട്ടിരുന്നു. ഗണപതിയുടെ താളിയോലയായിരുന്നു മറ്റൊന്ന്. വ്യാസനു വേണ്ടി ഗണപതി മഹാഭാരതം എഴുതിക്കൊടുത്ത താളിയോല തന്റെ പക്കലുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ശ്രീകൃഷ്ണൻ മൺകുടം പൊട്ടിക്കാതിരിക്കാൻ യശോദ ഉണ്ടാക്കിയ മരക്കുടവും മോശയുടെ അംശവടിയും, ബൈബിളിൽ പരാമാർശിക്കുന്ന മോശയുടെ സർപ്പം ചുറ്റിയ വടിയുമായിരുന്നു മറ്റു വസ്തുക്കൾ. യേശുവിനെ കുരിശിലേറ്റിയപ്പോൽ ധരിച്ച വസ്ത്രത്തിന്റെ ഭാഗവും യേശുക്രിസ്തു വെള്ളം വീഞ്ഞാക്കിയ അദ്ഭുതത്തിന് ഉപയോഗിച്ച ഭരണിയും കൈവശമുണ്ടെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. മഹാകവി അദ്ധ്യാത്മ രാമായണം എഴുതിയ താളിയോലയും കൈവശമുംണ്ടെന്ന് മോൻസൻ പറഞ്ഞിരുന്നു.
തട്ടിപ്പിനു മറ ഉന്നതരുടെ ചിത്രങ്ങൾ
പ്രവാസി മലയാളി ഫെഡറേഷൻ എന്ന സംഘടനയുടെ പേരിൽ 2019ൽ മുഖ്യമന്ത്രി പിണറായി വിജയനു പ്രവാസി പുരസ്കാരം നൽകിയെന്നു പറഞ്ഞ് അതിന്റെ പോസ്റ്റർ കാണിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽ ബന്ധമുണ്ടെന്നും പറഞ്ഞു. ഇത്തരത്തിൽ ഉന്നതരുടെ ചിത്രങ്ങൾ കാണിച്ചായിരുന്നു മോൻസന്റെ തട്ടിപ്പു ശൈലി.
ഒരിക്കൽ മുൻ ഡിഐജി എസ്.സുരേന്ദ്രന്റെ വീട്ടിൽ വച്ചാണ് മോൻസന് 25 ലക്ഷം രൂപ നൽകിയത്. എസ്.സുരേന്ദ്രനും മുൻ എറണാകുളം അസി. കമ്മിഷണർ കെ.ലാൽജിയും വീട്ടിലെ സ്ഥിരം സന്ദർശകരാണെന്ന് അവകാശപ്പെട്ടിരുന്നു. മുൻ മന്ത്രി മോൻസ് ജോസഫ്, ഹൈബി ഈഡൻ എംപി, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, മുൻ ഡിജിപി ലോക്നാഥ് ബെഹ്റ, എഡിജിപി മനോജ് ഏബ്രഹാം, ഐജി ആർ. ശ്രീലേഖ എന്നിവർ വീട്ടിലെത്തിയതിന്റെ ചിത്രങ്ങളും കാണിച്ചിരുന്നതായി പരാതിയിൽ പറയുന്നു.
മോൻസണിനെതിരെ മുഖ്യമന്ത്രിക്കു പരാതി നൽകിയ ആറു പേരിൽ കോഴിക്കോട് സ്വദേശിയായ യാക്കൂബ് പുറായിലിലിന്റെ വെളിപ്പെടുത്തലും ഞെട്ടിക്കുന്നതാണ്. മോൻസന്റെ ത്ട്ടിപ്പു ശൈലിയെ കുറിച്ച് അദ്ദേഹം ശരിക്കും വിശദീകരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനോടും കെപിസിസി അധ്യക്ഷൻ കെ.സുധാകരനോടും അടുപ്പമുണ്ടെന്നു പറയുന്ന, വിളിപ്പുറത്ത് ഓടിയെത്താൻ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുള്ള, കോടികൾ കൊണ്ട് അമ്മാനമാടുന്ന ഒരാൾ എന്നു നടിക്കുക. അതിനു തെളിവായി ഫോട്ടോകളും വിഡിയോയും കാണിക്കുക. നമ്മുടെ മുന്നിൽനിന്നു ഫോൺ വിളിച്ചു സംസാരിക്കുക...
2017ലാണ് ഇയാളുമായി പരിചയപ്പെടുന്നത്. ഒരു സുഹൃത്ത് ഇയാൾക്കു പണം നൽകി പെട്ടു പോയിരുന്നു. തിരിച്ചുചോദിച്ച് കിട്ടുന്നില്ല. ഇതിനൊരു മധ്യസ്ഥത എന്ന നിലയിലാണ് മോൻസണിനെ കാണാൻ പോയത്. അവിടെ എത്തിയപ്പോൾ വീട് കണ്ട് ഞെട്ടിപ്പോയി. അമ്പരിപ്പിക്കുന്ന കാഴ്ചകളാണ് അവിടെ ഉണ്ടായിരുന്നുത്. വിശുദ്ധ ഖുർആൻ, മുഗൾ രാജാക്കന്മാരുടെ ശേഷിപ്പുകൾ, ടിപ്പു സുൽത്താന്റെ സിംഹാസനം തുടങ്ങി ആരെയും അമ്പരിപ്പിക്കുന്ന പുരാവസ്തുക്കൾ!
ഏതു മതവിഭാഗക്കാരെയും വീഴ്ത്താനുള്ള സംഗതികൾ അയാളുടെ കൈവശമുണ്ട്. വീടിനു ചുറ്റം ആഡംബര കാറുകൾ, അംഗരക്ഷകർ, ആകെ അദ്ഭുതലോകം. വരുന്നവരെ വാക്കു കൊണ്ടു മയക്കി വീഴ്ത്താനും വലിയ കഴിവുണ്ട്. ഓരോ പുരാവസ്തുവുമായി ബന്ധപ്പെട്ടു വലിയ ചരിത്ര കഥകൾ പറയും. പത്താം ക്ലാസ് പോലും പാസാകാത്ത ഇയാൾക്ക് ഈ കഥകളൊക്കെ ആരു പറഞ്ഞു കൊടുക്കുന്നു എന്നതാണു സംശയം. ഒരു പക്ഷേ ഇതിനു പിന്നിൽ വലിയ സംഘംതന്നെ ഉണ്ടാകാം.- യാക്കൂബ് പറയുന്നു.
പുരാവസ്തുക്കൾ വിറ്റ വകയിൽ ലഭിക്കാനുള്ള 2.62 ലക്ഷം കോടി രൂപ കേന്ദ്ര ഏജൻസി തടഞ്ഞു വച്ചിരിക്കുകയാണ്. 2 കോടി രൂപയുണ്ടെങ്കിൽ കേസ് നടത്തി പണം പിൻവലിക്കാം. 'പിന്നെ കേരളത്തിലെ ഏറ്റവും വലിയ കോടീശ്വരൻ ഞാനല്ലേ' എന്നാണ് എന്നോടു പറഞ്ഞത്. മാത്രമല്ല ഗൾഫിൽ ബിസിനസ് നടത്താൻ 50 കോടി രൂപ ദീർഘകാല അടിസ്ഥാനത്തിൽ പലിശരഹിതമായി തരാമെന്നും വാഗ്ദാനം ചെയ്തു. അങ്ങനെയാണ് ഞാൻ പണം നൽകുന്നത്. മാത്രമല്ല അനുജനെ വിളിച്ചു വരുത്തി ഇയാളെ കാണിച്ച ശേഷം അവനോടും ഇൻവെസ്റ്റ് ചെയ്യാൻ പറഞ്ഞു. അങ്ങനെ 25 പേരിൽനിന്ന് ഞാൻ ഇടനിലക്കാരനായി 10 കോടി രൂപയാണു വാങ്ങി നൽകിയിരിക്കുന്നത്. ഇവർക്കെല്ലാം ഇപ്പോൾ ഞാൻ പണം തിരിച്ചു നൽകേണ്ട അവസ്ഥയാണ്.
3 തരത്തിലാണ് ഇയാൾ വിശ്വാസം നേടിയെടുക്കാറുള്ളത്. രാഷ്ട്രീയക്കാർ, ഉന്നത ഉദ്യോഗസ്ഥർ, മത നേതാക്കൾ; ഈ വിഭാഗത്തിൽ പെടുന്നവർ പറഞ്ഞാൽ വീഴാത്തവർ വളരെ അപൂർവമായിരിക്കും. സംശയിച്ചു നിൽക്കുന്നവരെ പറഞ്ഞു വീഴ്ത്താൻ മോൻസൺ മാവുങ്കലിനുള്ള വിരുത് ആരെയും അതിശയിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുള്ള ആളെന്നു പറഞ്ഞ് ഇടയ്ക്ക് ഒരു സ്വാമിയെവരെ പരിചയപ്പെടുത്തി തന്നിരുന്നു.
എംപിമാർ, എംഎൽഎമാർ, ഐപിഎസുകാർ, ഐഎഎസുകാർ എന്നിവരെയൊക്കെ കണ്ടാൽ ഏതു സാധാരണക്കാരനാണു വീഴാത്തത്? പണം നൽകാൻ എത്തിയ ആളിന്റെ മുന്നിൽനിന്ന് വിഎസിനെയും പിണറായി വിജയനെയും കെ.സുധാകരനെയും ഒക്കെ ഫോണിൽ വിളിക്കുന്നതായി കാണിക്കും. അപ്പുറത്ത് അവർ ഫോൺ എടുത്ത പോലെ നമ്മൾ വിശ്വസിച്ചു പോകും. പിണറായി വിജയനും കെ.സുധാകരനും ഒപ്പമുള്ള ചിത്രങ്ങളും കാണിച്ചു. മുൻ ചീഫ് സെക്രട്ടറി ജിജി തോംസണും മുൻ ഡിജിപി ശ്രീലേഖയും ഇയാൾക്കൊപ്പം നിൽക്കുന്ന പടങ്ങളുമുണ്ടായിരുന്നു.
ഞാൻ പണം നൽകിയത് ഡിഐജി ആയിരുന്ന സുരേന്ദ്രൻ സാറിന്റെ വീട്ടിൽവച്ചാണ്. അന്ന് അവിടെ എന്തോ പാർട്ടി നടക്കുന്നുണ്ടായിരുന്നു. ഒരുപാട് ആളുകളുണ്ടായിരുന്നു. പണം നൽകുന്നതിനു മുൻപ് സംശയങ്ങൾ സുരേന്ദ്രൻ സാറിനോടു ചോദിച്ചിരുന്നു. അദ്ദേഹം പൂർണമായും മറുപടി പറയുന്നതിനു മുൻപ് മോൻസൺ ഇടയിൽ കയറി പലതും പറയും.
അങ്ങനെ വിഷയം വഴിതിരിച്ചു വിട്ടും നമുക്ക് ആശയക്കുഴപ്പമുണ്ടാക്കി പണം വാങ്ങിയെടുക്കും. പറഞ്ഞ സമയം കഴിഞ്ഞിട്ടും പണം കിട്ടാതായപ്പോൾ അന്വേഷിച്ചു തുടങ്ങി. അപ്പോൾ ഒരാഴ്ച, 10 ദിവസം, രണ്ടു ദിവസം, വൈകിട്ടു തരാം എന്നൊക്കെയുള്ള മറുപടികളാണു പറയുക. ഓരോ ദിവസവും ഓരോ കഥയാണ്. ആ കഥകൾ വിശ്വസിച്ചു നമ്മൾ മിണ്ടാതെ ഇരുന്നോളണം. ഇല്ലെങ്കിൽ ഭീഷണിയാണ്.
25 വർഷം ആയിക്കാണും മോൻസൺ ആളുകളെ പറ്റിക്കാൻ തുടങ്ങിയിട്ട്. 6 കോടി രൂപ നൽകിയ കാഞ്ഞിരപ്പള്ളിക്കാരനായ ഒരാളുണ്ട്. അയാൾ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകി. മോൻസൺ പൊലീസിൽ സ്വാധീനം ചെലുത്തി ഇയാൾക്കെതിരെ മൂന്നോ നാലോ കേസ് എടുപ്പിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്തു. ആ പാവം ഇപ്പോൾ ഈ കേസുകളിൽനിന്ന് തലയൂരാൻ ഓടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയാണ് ഞങ്ങൾ മുഖ്യമന്ത്രിക്കു പരാതി നൽകാൻ തീരുമാനിച്ചത്. താഴെ തട്ടിൽ പരാതി കൊടുത്താൽ ഇയാൾ ഒതുക്കുമെന്ന് ഉറപ്പാണ്. എന്റ ബന്ധുവായ ഒരു പാർട്ടി പ്രവർത്തകൻ വഴിയാണു മുഖ്യമന്ത്രിക്ക് ഒന്നരമാസം മുൻപ് പരാതി നൽകിയത്. ഭൂരിഭാഗം പേരും മോൻസണിന്റെ ബെനാമി അക്കൗണ്ടിലൂടെയാണു പണം നൽകിയിരിക്കുന്നത്. മകളുടെ വിവാഹം മുടങ്ങുമെന്നു ഭീഷണിപ്പെടുത്തിയപ്പോൾ എനിക്ക് 4 കോടി രൂപയുടെ എഗ്രിമെന്റ് ഒപ്പിട്ടു തന്നുവെന്നും യാക്കൂബ് പറയുന്നു.
ഖത്തറിലെ രാജ കുടുംബം ഇസ്ലാം മതവുമായി ബന്ധപ്പെട്ട പുരാവസ്തുക്കൾ ഖത്തർ മ്യൂസിയത്തിനു വേണ്ടി വാങ്ങാൻ വന്നുവെന്നും 93 ഉൽപന്നങ്ങൾ 15,000 കോടി രൂപയ്ക്കു വിൽപന ഉറപ്പിച്ചെന്നും പറഞ്ഞാണ് പുതിയ തട്ടിപ്പിന് ഇരകളെ തേടുന്നത്. ഇതിനായി ബന്ധപ്പെട്ട രേഖകളും വാട്സാപ് വഴി പ്രചരിപ്പിക്കുന്നുണ്ട്. നിരവധി ചിട്ടിതട്ടിപ്പു കേസുകളിൽ പ്രതിയായ ഒരാളാണ് ഇയാളുടെ ബെനാമിയായി പ്രവർത്തിക്കുന്നത്. തട്ടിപ്പു നടത്തിയ മുഴുവൻ തുകയും മോൻസൺ ചെലവാക്കിയിട്ടൊന്നുമില്ല. മറ്റേതോ അക്കൗണ്ടിലേക്കൂ മാറ്റിയിരിക്കുകയാണ്. അതു കണ്ടെത്തി നിക്ഷേപകരുടെ പണം തിരികെ നൽകാനാണ് അന്വേഷണം നടക്കേണ്ടത്- യാക്കൂബ് പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ