- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോൻസൻ മാവുങ്കലുമായി അടുത്ത ബന്ധം; മുൻ ചേർത്തല സി ഐ ശ്രീകുമാറിന് സസ്‌പെൻഷൻ
തിരുവനന്തപുരം: പുരാവസ്തു- സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലുമായി അടുത്ത ബന്ധം സൂക്ഷിച്ച മുൻ ചേർത്തല സിഐ ശ്രീകുമാറിന് സസ്‌പെൻഷൻ. മോൻസനുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിനിടയിൽ സിഐയ്ക്ക് ഇയാളുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നടന്ന കൂടുതൽ അന്വേഷണത്തിനൊടുവിലാണ് ക്രൈംബ്രാഞ്ച് മേധാവി മുൻ ചേർത്തല സിഐയെ സസ്‌പെൻഡ് ചെയ്തത്.
മോൻസനുമായി ബന്ധമുണ്ടെന്ന പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് ശ്രീകുമാറിനെ നേരത്തെ ചേർത്തലയിൽ നിന്നും പാലക്കാട് ക്രൈം ബ്രാഞ്ച് യൂണിറ്റിലേക്ക് സ്ഥലംമാറ്റിയിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ മോൻസുമായി സിഐക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തി.
മോൻസനുമായി അടുത്ത ബന്ധമുള്ള ഐജി ലക്ഷ്മണക്ക് ഒപ്പം പാർട്ടികളിലടക്കം സജ്ജീവ സാന്നിധ്യമായിരുന്നു ഇയാൾ. മോൻസന്റെ തട്ടിപ്പുകളെ കുറിച്ച് ഇയാൾക്ക് ധാരണയുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ശബ്ദ രേഖകളും പുറത്ത് വന്നിരുന്നു. മോൻസനുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് കേസിലെ ചുമതല ശ്രീകുമാറിന് നൽകാൻ മോൻസനുമായി അടുത്ത ബന്ധമുള്ള മറ്റൊരു ഉദ്യോഗസ്ഥനായ ഐജി ലക്ഷ്മണ ഇടപെട്ടുവെന്ന് ആരോപണങ്ങളും ഉയർന്നിരുന്നു. ഇതടക്കം ഉയർന്ന ആരോപണങ്ങളിലെ അന്വേഷണത്തിന് ശേഷമാണ് ശ്രീകുമാറിനെതിരെ ക്രൈംബ്രാഞ്ച് മേധാവി നടപടിയെടുത്തത്.
പ്രാഥമിക അന്വേഷണം പൂർത്തിയായതിന് പിന്നാലെയാണ് ശ്രീകുമാറിനെ ചേർത്തലയിൽ നിന്നും പാലക്കാട് ക്രൈം ബ്രാഞ്ച് യൂണിറ്റിലേക്ക് സ്ഥലം മാറ്റിയത്. പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് മോൻസൻ മാവുങ്കലിനെ അറസ്റ്റ് ചെയ്യാൻ ഉദ്യോഗസ്ഥരെത്തിയ സമയത്ത് സിഐ ഇയാളുടെ വീട്ടിലുണ്ടായിരുന്നു.
മോൻസനെതിരെ ആരോപണം ഉന്നയിച്ചവരും ശ്രീകുമാറിനെതിരെ ചില ആരോപണങ്ങൾ നിരത്തിയതോടെയാണ് ഇക്കാര്യത്തിൽ ഗൗരവമായ അന്വേഷണമുണ്ടായത്.മോൻസന്റെ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ശ്രീകുമാറിന് അറിവുണ്ടായിരുന്നുവെന്ന അനുമാനത്തിലാണ് അന്വേഷണമുണ്ടായത്.
മറുനാടന് മലയാളി ബ്യൂറോ