- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോൻസണിൽ നിന്ന് ഫണ്ട് വാങ്ങി പണം തട്ടിച്ചവരെ വെളുപ്പിച്ച് എടുക്കാൻ കസർത്ത്; എറണാകുളം പ്രസ് ക്ലബ് ഭാരവാഹികളെ മാറ്റാൻ തീരുമാനിച്ച എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ മിനിട്സ് താൽക്കാലിക ഭാരവാഹികൾ തിരുത്തി; കടുത്ത വിമർശനവുമായി കെ.യു.ഡബ്ള്യു.ജെ മനോരമ കൊച്ചി സെൽ
കൊച്ചി: മോൻസൺ മാവുങ്കലിൽ നിന്ന് ഫണ്ട് വാങ്ങി തട്ടിയെടുത്ത സംഭവത്തിൽ ഏറണാകുളം പ്രസ്‌ക്ലബ്ബ് ഭാരവാഹികളെ സ്ഥാനങ്ങളിൽ നിന്നും മാറ്റാൻ തീരുമാനിച്ച യോഗത്തിന്റെ മിനിട്സ് താൽക്കാലിക ഭാരവാഹികൾ തിരുത്തി. താൽക്കാലിക ഭാരവാഹികൾ സംസ്ഥാന സമിതിക്കു എഴുതി നൽകിയ യോഗതീരുമാനങ്ങളാണ് മിനിട്സിൽ രേഖപ്പെടുത്തിയതിൽ നിന്നും വ്യത്യസ്തമായി രൂപം മാറിയത്. എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലെ മിനിട്ട്സിൽ തിരിമറി നടത്തുകയും, മോൻസൻ വിഷയത്തിൽ പ്രസ് ക്ലബുമായി ചേർത്തു പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് പത്ര കുറിപ്പിറക്കുകയും ചെയ്ത താൽക്കാലിക ഭാരവാഹികൾക്കെതിരെ കടുത്ത വിമർശനവുമായി കെ.യു.ഡബ്ള്യു.ജെ മനോരമ കൊച്ചി സെൽ രംഗത്ത് എത്തി.
പ്രസിഡണ്ട് മനോരമ ന്യൂസിലെ ഫിലിപ്പോസ്, സെക്രട്ടറി അമൃത ടി.വി.യിലെ പി.ശശികാന്ത്, ട്രഷറർ ദീപികയിലെ സിജോ പൈനാടത്ത് എന്നിവരെ തൽസ്ഥാനങ്ങളിൽ നിന്നും മാറ്റി നിർത്താൻ യോഗം തീരുമാനിച്ചതായിരുന്നു. എന്നാൽ യോഗതീരുമാനം മേൽക്കമ്മിറ്റി ഗ്രൂപ്പിലേക്ക് നൽകിയപ്പോൾ അത് മാറ്റി ഭാരവാഹികൾ സ്വയം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചു എന്നും അതിന് യോഗം അവരെ അനുവദിച്ചു എന്നുമാക്കി മാറ്റി.
സംഘടനയുടെ ആവശ്യപ്രകാരമല്ല, പകരം തങ്ങൾ സ്വമേധയാ മാറി നിൽക്കുകയാണ് എന്ന് വരുത്തിത്തീർക്കാനും, ഫലത്തിൽ പണംതട്ടിച്ചവരെ വീണ്ടും വെളുപ്പിച്ചെടുക്കാനുമുള്ള കസർത്താണ് മിനിട്‌സ് തിരുത്തിയതിലൂടെ പുതിയ താൽക്കാലിക ഭാരവാഹികളും കാണിച്ചത്. ദേശാഭിമാനിയിലെ സി.എൻ.റജിയാണ് താൽക്കാലിക സെക്രട്ടറി. ജിപ്‌സൺ സിക്കേര പ്രസിഡണ്ടിന്റെയും മനോരമയിലെ ജീനാ പോൾ ട്രഷററുടെയും ചുമതലയാണ് പുതിയതായി ഏൽപിച്ചിട്ടുള്ളത്. റെജി എഴുതി അയച്ച സർക്കുലറിലാണ് മിനിട്‌സിലെ തീരുമാനങ്ങളിൽ വെള്ളം ചേർത്ത് എഴുതി സംസ്ഥാന സമിതി അംഗങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചത്. ഇതിനെതിരെ യോഗത്തിൽ പങ്കെടുത്തിരുന്ന സംസ്ഥാന സമിതി അംഗങ്ങൾ തന്നെ വിയോജിപ്പ് പരസ്യമാക്കുകയും യഥാർഥ തീരുമാനം എന്തായിരുന്നു എന്ന് പരസ്യപ്പെടുത്തുകയും ചെയ്തതോടെ സർക്കുലർ വീണ്ടും തിരുത്തി മുഖം രക്ഷിക്കാൻ പുതിയ ഭാരവാഹികൾ തയ്യാറായി. ഇതാണ് കെ.യു.ഡബ്ള്യു.ജെ മനോരമ കൊച്ചി സെല്ലിന് അതൃപ്തിയുണ്ടാക്കിയത്.
മോൻസൻ മാവുങ്കലുമായി നടത്തിയ അനധികൃത ഇടപാടുകളുടെ പേരിൽ മുഖം നഷ്ടപ്പെട്ടു നിൽക്കുന്ന കൊച്ചി പ്രസ് ക്ലബ് ഭരണസമിതി അംഗങ്ങൾ വീണ്ടും വീണ്ടും ക്രമക്കേടുകളിലേക്കു നടക്കുമ്പോൾ പൊതുസമൂഹത്തിനു മുന്നിൽ ജില്ലയിലെ മാധ്യമപ്രവർത്തകർ അപമാനിക്കപ്പെടുകയാണെന്നും മനോരമ സെൽ പ്രസിഡന്റ് എം.ആർ ഹരികുമാറും സെക്രട്ടറി ജോസുകുട്ടി പനയ്ക്കലും കുറ്റപ്പെടുത്തി. എക്സിക്യൂട്ടീവ് യോഗത്തിൽ ഭൂരിഭാഗം അംഗങ്ങളും കൈക്കൊണ്ട തീരുമാനങ്ങളെ മിനിറ്റുകൾക്കുള്ളിൽ അട്ടിമറിച്ചു കുറ്റാരോപിതരെ ഏകപക്ഷീയമായി വെള്ളപൂശിക്കൊണ്ടുള്ള പ്രസ് റിലീസ് പുറത്തിറക്കിയ പുതിയ ഭരണസമിതിയും അഴിമതിക്കു കുടപിടിക്കുകയാണെന്നും ഇരുവരും പറയുന്നു. ഇത് സംബന്ധിച്ച് വിശദമായി കത്ത് കെ.യു.ഡബ്ള്യു.ജെ സംസ്ഥാന നേതൃത്വത്തിന് കൈമാറി. മാറ്റി നിർത്തിയ ഭാരവാഹികളായ ജില്ലാ പ്രസിഡന്റ് ഫിലിപ്പ്, സെക്രട്ടറി പി.ശശികാന്ത്, ട്രഷറർ സിജോ പൈനാടത്ത് എന്നിവർക്കെതിരെ പൊലീസിൽ പരാതി നൽകണമെന്നും അല്ലാത്ത പക്ഷം ജില്ലയിലെ മാധ്യമ പ്രവർത്തകർ ഒരുമിച്ച് നിന്ന് പരാതി നൽകുമെന്നും ഇവർ അറിയിച്ചു.
കത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ:
കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി, മറ്റു ഭാരവാഹികൾ,
ബഹുമാന്യരെ,
മോൻസൻ മാവുങ്കലിൽ നിന്ന് ഫണ്ട് വാങ്ങി തട്ടിയെടുത്ത സംഭവത്തിൽ ഇന്നലെ എറണാകുളം പ്രസ് ക്ലബിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി ചേരുകയും കുറ്റാരോപിതരായ ഭാരവാഹികളെ മാറ്റിനിർത്താൻ തീരുമാനിക്കുകയും ചെയ്തിരിക്കുകയാണല്ലോ? പുതിയ താൽക്കാലിക ഭാരവാഹികളെയും നിയോഗിച്ചു കഴിഞ്ഞു. എന്നാൽ, നാലര മണിക്കൂർ നീണ്ട എക്സിക്യൂട്ടീവ് യോഗം അവസാനിച്ചു മിനിറ്റുകൾക്കുള്ളിൽ യോഗ തീരുമാനങ്ങൾ അട്ടിമറിക്കപ്പെടുകയും യോഗ തീരുമാനങ്ങളെപ്പറ്റി തെറ്റിദ്ധരിപ്പിക്കുന്ന പ്രസ് റിലീസ് പുറത്തിറക്കുകയുമായിരുന്നു പുതിയ ഭാരവാഹികൾ. കുറ്റാരോപിതരായ ഭാരവാഹികളായ ജില്ലാ പ്രസിഡന്റ് ഫിലിപ്പ്, സെക്രട്ടറി പി.ശശികാന്ത്, ട്രഷറർ സിജോ പൈനാടത്ത് എന്നിവരെ ഭൂരിപക്ഷാഭിപ്രായത്തെത്തുടർന്നു മാറ്റി നിർത്താനായിരുന്നു യഥാർഥ തീരുമാനമെങ്കിലും ഈ ഭാരവാഹികൾ സ്വയം ഒഴിയാൻ തയാറായെന്ന അത്യന്തം തെറ്റിദ്ധാരണാജനകമായ പരാമർശമായിരുന്നു ആദ്യം പുറത്തിറക്കിയ റിലീസിൽ ഉണ്ടായിരുന്നത്. മാത്രമല്ല, മോൻസൻ വിഷയത്തിൽ പ്രസ് ക്ലബുമായി ചേർത്തു പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും ഇതേ റിലീസിൽ ചേർത്തിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരിൽ ഭാരവാഹികളെ നീക്കേണ്ടതില്ലെന്നിരിക്കെ കുറ്റം ചെയ്തുവെന്നുറപ്പു വന്നതിന്റെ പേരിൽ മാറ്റിനിർത്തിയവർക്ക് സംരക്ഷണ കവചം ഒരുക്കാൻ വേണ്ടി മാത്രം തിരുകിച്ചേർത്ത ഈ പ്രയോഗങ്ങൾ താൽക്കാലിക ഭരണസമിതിയെ കടുത്ത സംശയനിഴലിൽ ആക്കിയിരിക്കയാണ്.
ഒടുവിൽ ശക്തമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്നു നിങ്ങൾ സംസ്ഥാന ഭാരവാഹികൾ ഇടപെട്ടതോടെയാണു ഈ പ്രസ് റിലീസിൽ ചെറിയ തിരുത്തലുകൾ എങ്കിലും വരുത്താൻ ജില്ലാ ഭാരവാഹികൾ തയാറായതെന്ന കാര്യവും വ്യക്തമാണല്ലോ. യോഗത്തിന്റെ മിനിറ്റ്സ് ഉൾപ്പെടെ തിരുത്തിയെന്നുള്ള ഗൗരവതരമായ ആരോപണങ്ങളാണിപ്പോൾ ഉയരുന്നത്.
ഈ സംഭവത്തിൽ കെയുഡബ്ല്യുജെ മലയാള മനോരമ കൊച്ചി സെല്ലിന്റെ ശക്തമായ പ്രതിഷേധം സംസ്ഥാന സമിതിയെ അറിയിക്കുന്നു. മോൻസൻ മാവുങ്കലുമായി നടത്തിയ അനധികൃത ഇടപാടുകളുടെ പേരിൽ മുഖം നഷ്ടപ്പെട്ടു നിൽക്കുന്ന കൊച്ചി പ്രസ് ക്ലബ് ഭരണസമിതി അംഗങ്ങൾ വീണ്ടും വീണ്ടും വീണ്ടും ക്രമക്കേടുകളിലേക്കു നടക്കുമ്പോൾ പൊതുസമൂഹത്തിനു മുന്നിൽ ജില്ലയിലെ മാധ്യമപ്രവർത്തകർ വീണ്ടും വീണ്ടും അപമാനിക്കപ്പെടുകയാണെന്ന കാര്യം ഓർമിപ്പിക്കുന്നു.
എക്സിക്യൂട്ടീവ് യോഗത്തിൽ ഭൂരിഭാഗം അംഗങ്ങളും കൈക്കൊണ്ട തീരുമാനങ്ങളെ മിനിറ്റുകൾക്കുള്ളിൽ അട്ടിമറിച്ചു കുറ്റാരോപിതരെ ഏകപക്ഷീയമായി വെള്ളപൂശിക്കൊണ്ടുള്ള പ്രസ് റിലീസ് പുറത്തിറക്കിയ പുതിയ ഭരണസമിതിയും അഴിമതിക്കു കുടപിടിക്കുകയാണെന്നു ന്യായമായും ഞങ്ങൾ സംശയിക്കുന്നു.
ഈ സാഹചര്യത്തിൽ ഞങ്ങൾക്കുള്ള ആശങ്കകളും പരാതികളും ആവശ്യങ്ങളും വ്യക്തമാക്കട്ടെ.
1. യോഗ തീരുമാനങ്ങൾ സംസ്ഥാന സമിതിയെ അറിയിക്കേണ്ടതു സെക്രട്ടറിയാണ്. ഇതു കൊണ്ടു തന്നെ യോഗതീരുമാനങ്ങൾ അട്ടിമറിക്കപ്പെട്ടതെങ്ങനെയെന്നു താൽക്കാലിക സെക്രട്ടറിയോടു വിശദീകരണം തേടാനും മിനിറ്റ്സ് തിരുത്തിയോ എന്ന കാര്യം അടിയന്തരമായി പരിശോധിക്കാനും സംസ്ഥാന ഭാരവാഹികൾ തയാറാകണം. മിനിറ്റ്സ് തിരുത്തി എന്നു ബോധ്യപ്പെടുന്ന പക്ഷം ഇതു ഗുരുതരമായി കൃത്യവിലോപമായി കണക്കാക്കുകയും ഇതിനുത്തരവാദികളെ സംഘടനയുടെ പ്രാഥമികാംഗത്വത്തിൽനിന്നു തന്നെ പുറത്താക്കുകയും വേണം.
2. എത്ര നിഷേധിക്കാൻ ശ്രമിച്ചാലും ഏതു ഭരണസമിതിക്കും കൂട്ടുത്തരവാദിത്തം എന്നൊന്നുണ്ട്. അതുകൊണ്ടു തന്നെ മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ടു നടന്ന ഇടപാടുകളുടെ പാപഭാരത്തിൽനിന്ന് ഒഴിയാൻ ഭരണസമിതിയിലെ എക്സിക്യൂട്ടിവ് അംഗങ്ങൾ ഒഴികെയുള്ളവർക്ക് ആകില്ല. കൂട്ടുത്തരവാദിത്തമുള്ള ഭരണസമിതിയിലെ അംഗങ്ങളെ താൽക്കാലിക ചുമതല ഏൽപ്പിക്കുന്നതു നല്ല കീഴ്‌വഴക്കമല്ല. മാത്രമല്ല, ഇപ്പോൾ കുറ്റാരോപിതരായി പുറത്തു പോകേണ്ടി വന്ന ഭാരവാഹികൾ നാമനിർദ്ദേശം ചെയ്ത പുതിയ ഭാരവാഹികളെ ഞങ്ങൾക്കു വിശ്വാസമില്ല. ചുമതലയേറ്റു മിനിറ്റുകൾക്കുള്ളിൽ കുറ്റാരോപിതരെ സഹായിക്കാൻ വഴിവിട്ട സഹായം ചെയ്തതിലൂടെ തങ്ങളും അഴിമതിയുടെ ഭാഗമാണെന്നും അഴിമതിക്കാർക്കൊപ്പമാണെന്നുമുള്ള വസ്തുതയ്ക്കു താൽക്കാലിക ഭരണസമിതി അടിവരയിട്ടും കഴിഞ്ഞു. ഇതുകൊണ്ടു തന്നെ സംസ്ഥാന സമിതിയുടെ നേരിട്ടുള്ള അഡ്ഹോക്ക് കമ്മിറ്റി ജില്ലാ പ്രസ് ക്ലബിന്റെ ചുമതല ഏറ്റെടുക്കണം. ക്രമക്കേടുമായി ബന്ധപ്പെട്ട രേഖകളുൾപ്പെടെ നശിപ്പിക്കപ്പെടുന്നില്ലെന്നും വ്യാജ രസീതുകൾ കൂട്ടിച്ചേർക്കപ്പടുന്നില്ലെന്നും ഉറപ്പാക്കാൻ ഇത് അത്യാവശ്യമാണ്. മോൻസൻ വിഷയം 'അഴിമതി മഞ്ഞുമലയുടെ' അറ്റം മാത്രമാണെന്നും കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇത്തരത്തിൽ ഒട്ടേറെ അഴിമതികൾ നടന്നിട്ടുണ്ടാകുമെന്നും ഞങ്ങൾ സംശയിക്കുന്നു. ഇതിനാൽ പ്രസ് ക്ലബിന്റെ കഴിഞ്ഞ രണ്ടു വർഷത്തെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചു സമഗ്രാന്വേഷണം ആവശ്യമുണ്ട്. ഇതിനായി സ്വതന്ത്ര അന്വേഷണ സമിതിയെ സംസ്ഥാന കമ്മിറ്റി നിയോഗിക്കണം എന്നു ശക്തമായി ആവശ്യപ്പെടുന്നു.
3. മോൻസൻ മാവുങ്കലിൽനിന്നു പ്രസ് ക്ലബിനായി വാങ്ങിയ പണം സെക്രട്ടറി സ്വന്തം അക്കൗണ്ടിലേക്കു വാങ്ങുന്നതു പണാപഹരണമാണ്, ചതിയാണ്, മൊത്തം പത്രപ്രവർത്തക സമൂഹത്തോടുമുള്ള വിശ്വാസ വഞ്ചനയുമാണ്. ഇതു കൊണ്ടുതന്നെ ഇക്കാര്യത്തിൽ യൂണിയന്റെ ആഭ്യന്തര അന്വേഷണത്തിനു പുറമേ 'ലോ ഓഫ് ദ് ലാൻഡ്' പ്രകാരമുള്ള അന്വേഷണം സംസ്ഥാന ഭാരവാഹികൾ ആവശ്യപ്പെടേണ്ടതുണ്ട്. കാരണം, വെട്ടിച്ച പണം ഏതെല്ലാം രീതിയിൽ ചെലവഴിച്ചു എന്നും ആരൊക്കെ ഇതിന്റെ പങ്കുപറ്റി എന്നതും കണ്ടെത്തേണ്ടതുണ്ട്. ഈ അഴിമതിയിൽ പങ്കാളികളായ ഓരോരുത്തരെയും തിരിച്ചറിയുക എന്നത് ആത്മാഭിമാനമുള്ള ഓരോ പത്രപ്രവർത്തകന്റെയും അവകാശമാണ്. തട്ടിപ്പുകാർക്കെതിരെ നടപടിയെടുക്കേണ്ടത് സംസ്ഥാന സമിതിയുടെ ഉത്തരവാദിത്തവുമാണ്. ഇതുകൊണ്ടുതന്നെ മുൻ ജില്ലാ സെക്രട്ടറി പി.ശശികാന്തിനെതിരെ പൊലീസിൽ പരാതി നൽകാൻ സംസ്ഥാന സമിതി തയാറാകണം. മോൻസന്റെ കയ്യിൽനിന്നു പണം കൈപ്പറ്റിയതു ശശികാന്താണെന്നിരിക്കെ കമ്മിഷൻ തുക മാത്രം കൈപ്പറ്റിയ സഹിനെതിരെ ശക്തമായ നടപടിയെടുക്കുകയും ശശികാന്തിനെതിരെ ഇത്തരം നടപടികൾ ഉണ്ടാകാതിരിക്കുകയും ചെയ്യുന്നതു തെറ്റിദ്ധാരണകൾക്കു വഴിവച്ചേക്കാമെന്നും ഓർമിപ്പിക്കുന്നു. മാത്രമല്ല, ശശികാന്ത് സഹിൻ ആന്റണിക്കു കമ്മിഷൻ നൽകാൻ തീരുമാനിച്ചതു ഭരണസമിതി അംഗീകാരത്തോടെയല്ലെന്നിരിക്കെ ചട്ടവിരുദ്ധമായ കമ്മിഷൻ തുകയുൾപ്പെടെയുള്ള 10 ലക്ഷവും ശശികാന്തിൽനിന്ന് തിരിച്ചുപിടിക്കാനും ഉചിതമായ തുടർനടപടികൾ സ്വീകരിക്കാനും സംസ്ഥാനസമിതിയോട് ആവശ്യപ്പെടുന്നു.
മേൽപ്പറഞ്ഞ കാര്യങ്ങൾ കെയുഡബ്ല്യുജെ മനോരമ കൊച്ചി സെല്ലിന്റെ മാത്രമല്ല, ജില്ലയിലെ ആത്മാഭിമാനമുള്ള, സത്യസന്ധരായ പത്രപ്രവർത്തകരുടെ പൊതുവികാരവും ആവശ്യവുമാണെന്നതു തിരിച്ചറിഞ്ഞുള്ള സത്വര നടപടി കെയുഡബ്ല്യുജെ സംസ്ഥാന സമിതിയിൽ നിന്നുണ്ടാകണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു. കുറ്റമറ്റ അന്വേഷണം നടത്തി, തെറ്റുചെയ്തുവെന്നു ബോധ്യപ്പെടുന്ന പക്ഷം ഈ അഴിമതിക്കാരെ പുറത്താക്കി സംഘടനയിൽ ശുദ്ധികലശം നടത്തി ജില്ലയിലെ പത്രപ്രവർത്തകരുടെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കാൻ തയാറാകണമെന്നും ഇതിനുള്ള ബാധ്യത കൂടി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഭാരവാഹികൾക്കുണ്ടെന്നും ഓർമിപ്പിക്കുന്നു.
കെയുഡബ്ല്യുജെ മലയാള മനോരമ കൊച്ചി സെല്ലിനു വേണ്ടി,
എം.ആർ.ഹരികുമാർ,
പ്രസിഡന്റ്
ജോസുകുട്ടി പനയ്ക്കൽ,
സെക്രട്ടറി
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.