- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തട്ടിപ്പിന്റെ പുരാവസ്തു വേർഷൻ മോൺസൺ വിശ്വസിപ്പിച്ചത് മനംമയക്കുന്ന സംസാരത്തിലൂടെ; 'മോശയുടെ അംശവടിയും യേശുവിനെ ഒറ്റിയ വെള്ളിക്കാശും അടക്കം തിരുശേഷിപ്പുകളിൽ ഭൂരിഭാഗവും വ്യാജൻ; വിറ്റുകാശാക്കാൻ യൂട്യൂബിലൂടെ വെള്ളപൂശലും; എല്ലാം വണ്ടറടിച്ച് അവതരിപ്പിച്ച യൂടൂബർമാരെയും ചോദ്യം ചെയ്യും
കൊച്ചി: മോശയുടെ അംശ വടിയും യേശു ക്രിസ്തുവിനെ ഒറ്റിക്കൊടുക്കാൻ യൂദാസ് വാങ്ങിയ 30 വെള്ളിക്കാശിലെ 2 വെള്ളിക്കാശും അൽഫോൻസയുടെ തിരുവസ്ത്രവും ഉൾപ്പെടെ പല വ്യാജ തിരുശേഷിപ്പുകളും കാട്ടി തട്ടിപ്പു നടത്തി വരുന്നതിനിടെ സാമ്പത്തിക തട്ടിപ്പിന് അറസ്റ്റിലായ മോൻസൺ ജോസഫിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച യൂട്യൂബേഴ്സിനെ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.
മോൻസണിന്റെ പക്കൽ നിന്നും ഏതെങ്കിലും തരത്തിൽ പണം കൈപ്പറ്റിയ ശേഷം തെറ്റായ വിവരം അറിഞ്ഞു കൊണ്ട് പുറത്ത് വിട്ടതാണോ എന്നാണ് അന്വേഷിക്കുന്നത്. അങ്ങനെയെങ്കിൽ തട്ടിപ്പിന് കൂട്ടു നിന്നതിന് ഇവർക്കെതിരെ കേസെടുക്കാനും സാധ്യതയുണ്ട്. തട്ടിപ്പ് നടത്തുന്നതിന് വിശ്വാസം ആർജ്ജിച്ചെടുക്കാൻ ഇത്തരം വീഡിയോകളും ഇയാൾ ഉപയോഗിച്ചിരുന്നു എന്ന് പരാതിക്കാർ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഈ വഴിക്കും നീങ്ങുന്നത്. തട്ടിപ്പിന് സഹായത്തിനായി ഏതെങ്കിലും പി.ആർ ഏജൻസികളുടെ സഹായവും ലഭ്യമായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
യൂട്യൂബേഴ്സും ചില പത്ര ദൃശ്യ മാധ്യമങ്ങളും ഇയാളെ പറ്റി വാർത്തകളും ഫീച്ചറുകളും നൽകിയിരുന്നു. ഇതൊക്കെ കാട്ടിയാണ് പലരിലും വിശ്വാസം ആർജ്ജിച്ചെടുത്തത്. ഉന്നത പൊലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും സുഹൃദ് വലയത്തിലാക്കിയതും ഇത്തരം വാർത്തകളുടെയും വീഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു. കൂടാതെ മാധ്യമ പ്രവർത്തകരുമായി ഇയാൾ നല്ല അടുപ്പം സ്ഥാപിച്ചിരുന്നു. ഇതെല്ലാം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിൽ ഇവരുമായി ബന്ധം ഉള്ളവരെ പ്രത്യേകം ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
യൂട്യൂബ് വഴിയാണ് മോശയുടെ അംശവടിയും യേശുവിനെ ഒറ്റിക്കൊടുക്കാനായി യൂദാസ് വാങ്ങിയ മുപ്പത് വെള്ളിക്കാശിലെ രണ്ട് വെള്ളിക്കാശ് ഇന്ത്യയിലുള്ളത് തന്റെ കൈവശമാണ് എന്നും മോൻസൺ അവകാശപ്പെട്ടത്.
കൂടാതെ അന്തോണീസ് പുണ്യാളന്റെ നഖം, മദർതെരേസയുടെ മുടി, അൽഫോൻസയുടെ തിരുവസ്ത്രം, യേശുവിന്റെ മുഖം തുടച്ച തുണി തുടങ്ങീ തിരു ശേഷിപ്പുകളാണ് തന്റെ പക്കലുള്ളതെന്ന് ഇയാൾ തെറ്റിദ്ധരിപ്പിച്ചു.
കലൂരിലെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന പുരാവസ്തുക്കളിൽ പകുതിയിലേറെയും വ്യാജമായി നിർമ്മിച്ചതാണ്. ഒറ്റ ചന്ദനമരത്തിൽ കൊത്തിയുണ്ടാക്കിയിരിക്കുന്ന കൂറ്റൻ വിശ്വരൂപം, ഗണപതിയുടെ വിഗ്രഹം, വെങ്കിടാചല വിഗ്രഹം തുടങ്ങീ നിരവധി തടിയിൽ തീർത്ത ശിൽപ്പങ്ങളും വ്യാജമാണെന്നാണ് ലഭിക്കുന്ന വിവരം. ഇതെല്ലാം യൂട്യൂബേഴ്സ് വലിയ അത്ഭുതത്തോടെ വിവരിക്കുന്നതാണ് കാണാൻ കഴിയുന്നത്.
ഇരു നൂറിലധികം ഖുറാനുകൾ ഉണ്ടെന്നും വീഡിയോയിൽ കാണിക്കുന്നുണ്ട്. ഇതും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപുള്ളതാണെന്നാണ് അവകാശ വാദം. എന്നാൽ ഇവയിൽ ഭൂരിഭാഗവും വ്യാജ നിർമ്മിതിയാണ്. ചുരുക്കം ചിലത് മാത്രം പഴക്കമുള്ളവയാണ്.
ബൈബിളും ഭഗവത് ഗീതയും അടങ്ങുന്ന പുരാണ ഗ്രന്ഥങ്ങളും ഇവിടെയുണ്ടെന്ന് യൂട്യൂബേഴ്സ് കാണിക്കുന്നുണ്ട്. വലിയ രീതിയിൽ പ്രചാരം നൽകിയത് തട്ടിപ്പിന് മുന്നോടിയായിട്ടാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. അതിനാൽ തന്നെ യൂട്യൂബേഴ്സിനെ ചോദ്യം ചെയ്യാൻ തന്നെയാണ് തീരുമാനം.
അതേ സമയം ക്രൈംബ്രാഞ്ചിന്റെ നിർദ്ദേശ പ്രകാരം പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ ഇവിടെയെത്തി പരിശോധന നടത്തുമെന്ന് വിവരമുണ്ട്. പുരാവസ്തു ഗവേഷകർ ഇവിടെയെത്തി കാലപഴക്കം നിർണ്ണയിച്ച് വ്യക്തമായ റിപ്പോർട്ട് ശേഖരിച്ച് കോടതിക്ക് നൽകും. ഓരോ ദിവസവും കൂടുതൽ പേർ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം. പലരും മോൻസന്റെ ഉന്നത സ്വാധീനവും ഗുണ്ടകളെയും പേടിച്ചാണ് പരാതിപ്പെടാൻ ധൈര്യം കാട്ടാതിരുന്നത്. എന്നാൽ ഇപ്പോൾ തട്ടിപ്പിനിരയായ പലരും പരാതിയുമായി ക്രൈംബ്രാഞ്ച് ഓഫീസിൽ ബന്ധപ്പെടുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് 10 കോടി രൂപയോളം സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ചേർത്തല വല്ലയിൽ മാവുങ്കൽ വീട്ടിൽ മോൻസൺ മാവുങ്കൽ(52) ക്രൈംബ്രാഞ്ച് സംഘത്തിന്റെ പടിയിലാകുന്നത്. 2,62,000 കോടി രൂപ തന്റെ ബാങ്ക് അക്കൗണ്ടിലെത്തി. അത് തിരിച്ചെടുക്കുന്നതിന് കുറച്ച് പണത്തിന്റെ ആവശ്യമുണ്ട്.അതിനുവേണ്ടി സഹായം ചെയ്തു നൽകിയാൽ ബിസിനസ് സംരംഭങ്ങൾക്ക് താൻ പലിശ രഹിതവായ്പ നൽകാമെന്ന വാഗ്ദാനം നൽകി കോഴിക്കോട് സ്വദേശികളായ യാഖൂബ് ഖാനും മറ്റ് അഞ്ച് പേരുടെയും പക്കൽ നിന്നും പണം തട്ടിയെടുക്കുകയായിരുന്നു.
ഈ സംഭവത്തിൽ മുഖ്യമന്ത്രിക്ക് ഇവർ നൽകിയ പരാതിയിലാണ് അറസ്റ്റ് ഉണ്ടായതും കള്ളക്കളികൾ പുറത്ത് വരുന്നതും.ഇതോടെ മോൻസൺ യുഗത്തിന് അന്ത്യം കുറിക്കുകയായിരുന്നു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.