ന്യൂഡൽഹി: ലളിത് മോദി വിവാദത്തിൽ ഒളിച്ചുപോയ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ശേഷം ഇരുസഭകളും പിരിച്ചുവിട്ടല്ല. സാങ്കേതികമായി ഇന്നലെ അനിശ്ചിത കാലത്തേക്ക് സഭ പിരിഞ്ഞെങ്കിലും ഉടൻ തന്നെ വീണ്ടും സമ്മേളനം വിളിച്ചു ചേർക്കുമെന്നാണ് സൂചന. സുപ്‌റധാനമായ ബില്ലുകൾ പാസാക്കുന്നതിന് വേണ്ടിയാണ് പാർലമെന്റ് വീണ്ടും സമ്മേളിക്കാൻ ഒരുങ്ങുന്നത്. സഭാസമ്മേളനം ഔദ്യോഗികമായി പിരിച്ചുവിടാൻ രാഷ്ട്രപതിയോട് ശുപാർശചെയ്യേണ്ടതില്ലെന്ന് മന്ത്രിസഭാ ഉപസമിതി വ്യാഴാഴ്ച തീരുമാനമെടുത്തു. ചരക്ക് സേവന നികുതി(ജി.എസ്.ടി.) ബിൽ പാസ്സാക്കുന്നതിനായി സപ്തംബറിലോ ഒക്ടോബറിലോ അഞ്ചുദിവസത്തേക്ക് വിളിച്ചുചേർക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിയുകമാത്രം ചെയ്യുകയും സമ്മേളനം ഔദ്യോഗികമായി പിരിച്ചുവിടാതിരിക്കുകയും ചെയ്താൽ സാങ്കേതികമായി സമ്മേളനം തുടരുന്നുവെന്നാണ് കണക്കാക്കുന്നത്. അതിനാൽ നിലവിൽ ഇരുസഭകളും പിരിഞ്ഞെങ്കിലും വർഷകാലസമ്മേളനം തുടരുന്നുവെന്ന് കണക്കാക്കാം. ഈ സാഹചര്യത്തിൽ സമ്മേളനം ഏതുസമയത്തും വീണ്ടും വിളിച്ചുചേർക്കാം. പ്രതിപക്ഷബഹളം കാരണം ജി.എസ്.ടി. ബില്ലുൾപ്പെടെയുള്ള സുപ്രധാന ബില്ലുകൾ പാസ്സാക്കാൻ സർക്കാറിനു സാധിച്ചിരുന്നില്ല. ബിൽ ചൊവ്വാഴ്ച രാജ്യസഭയിലവതരിപ്പിച്ചിരുന്നുവെങ്കിലും കോൺഗ്രസ് അംഗങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് ചർച്ചയ്‌ക്കെടുക്കാനായില്ല. 2016 ഏപ്രിലോടെ ജി.എസ്.ടി. നടപ്പാക്കേണ്ടതുണ്ട്.

നിയമം നടപ്പിൽവരുന്നുവെന്നുറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജി.എസ്.ടി. ബിൽ പാസ്സാക്കുന്നതിനായി പാർലമെന്റ് സമ്മേളനം ഏതാനും ദിവസത്തേക്ക് വിളിച്ചുചേർക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നത്. ഭരണഘടനാഭേദഗതിബില്ലായതിനാൽ ഇതു പാസ്സാക്കാൻ പ്രതിപക്ഷപിന്തുണയും ആവശ്യമാണ്. പ്രതിപക്ഷത്തെ ഏതാനും കോൺഗ്രസിതരപാർട്ടികളുടെ പിന്തുണ ഉറപ്പുവരുത്താനാണ് കേന്ദ്രസർക്കാരും ബിജെപി.യും ശ്രമിക്കുന്നത്. തൃണമൂൽ കോൺഗ്രസ് ബില്ലിനനുകൂലമാണ്. എസ്‌പി., ബി.ജെ.ഡി., എൻ.സി.പി. എന്നീ പാർട്ടികളെക്കൂടി വിശ്വാസത്തിലെടുക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. കുറച്ച് പ്രതിപക്ഷപാർട്ടികളുടെ പിന്തുണ ഇക്കാര്യത്തിൽ സർക്കാറിനു ലഭിച്ചാൽ പാർലമെന്റ് സമ്മേളനം ഏതാനും ദിവസത്തേക്ക് വിളിച്ചുചേർക്കുമെന്നാണ് സൂചന. മൂന്നുതവണ ഓർഡിനൻസ് പുറപ്പെടുവിച്ചുകഴിഞ്ഞ പശ്ചാത്തലത്തിൽ ഭൂമിയേറ്റെടുക്കൽ ഭേദഗതി ബിൽ പാസ്സാക്കേണ്ടതും സർക്കാറിന് പ്രധാനമാണ്.

സാധാരണ പ്രതിപക്ഷ സാന്നിധ്യത്തിലാണ് സമ്മേളനശേഷം സഭ പിരിയാറ്്. എന്നാൽ ഇക്കുറി പ്രതിരപക്ഷത്തിന്റെ സാന്നിധ്യമുണ്ടാകാത്തതാണ് സാങ്കേതികമായുള്ള പിരിയലായി മാറിയത്. ലോക്‌സഭയിൽ വ്യാപം അടക്കമുള്ള സംഭവങ്ങളിൽ പ്രതിഷേധിച്ച് നടുത്തളത്തിലിറങ്ങിയ കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള അംഗങ്ങൾ പ്രകടനമായി സഭ ബഹിഷ്‌കരിച്ചു. ഇതേത്തുടർന്ന് പ്രതിപക്ഷമില്ലാത്ത സഭ ഉച്ചയ്ക്ക് മുമ്പേ പിരിയുകയും ചെയ്തു. രാജ്യസഭയും ഉച്ചയ്ക്ക് മുമ്പേ പിരിഞ്ഞു.

ജൂലായ് 21ന് തുടങ്ങിയ പാർലമെന്റിന്റെ വർഷകാല സമ്മേനം വ്യാപം, ലളിത് മോദി വിവാദങ്ങളെത്തുടർന്നുണ്ടായ പ്രതിപക്ഷ ബഹളത്തിൽ പൂർണമായും ഒലിച്ചുപോയി. സഭാ തടസ്സത്തിന് പ്രതിപക്ഷമാണ് കാരണമെന്ന് ഭരണപക്ഷവും ബിജെപി. ഒളിച്ചോടുകയാണെന്ന് കോൺഗ്രസ്സും ആരോപിച്ചു. വ്യാഴാഴ്ച സഭ തുടങ്ങിയപ്പോൾ വ്യാപം, ലളിത് മോദി വിഷയങ്ങളിൽ പ്രധാനമന്ത്രി സഭയിൽ വിശദീകരണം നൽകണമെന്ന് കോൺഗ്രസ് സഭാ നേതാവ് മല്ലികാർജുന ഖാർഗെ ആവശ്യപ്പെട്ടു.

പിന്നീട് അരമണിക്കൂറോളം മുദ്രാവാക്യം വിളിച്ച കോൺഗ്രസ്ഇടത് നേതൃത്വത്തിലുള്ള പ്രതിപക്ഷാംഗങ്ങൾ പ്രകടനമായി സഭ ബഹിഷ്‌കരിച്ചു. തുടർന്ന് ജാതി സെൻസസ് പുറത്തിറക്കിയില്ലെന്നാരോപിച്ച സമാജ് വാദി പാർട്ടി അംഗങ്ങളും ആർ.ജെ.ഡി. അംഗങ്ങളും സഭ വിട്ടു. അല്പനേരംകൂടി സഭ തുടർന്ന സ്പീക്കർ സുമിത്ര മഹാജൻ സഭ തത്കാലത്തേക്ക് പിരിയുന്നതായി പ്രഖ്യാപിച്ചു. തുടർച്ചയായി അംഗങ്ങൾ നടുത്തളത്തിലിറങ്ങി സഭ തടസ്സപ്പെടുത്തിയതിൽ സ്പീക്കർ സുമിത്ര മഹാജൻ ഖേദം പ്രകടിപിച്ചു. അംഗങ്ങൾക്ക് പ്രതിഷേധിക്കാമെങ്കിലും ഇതാണോ വഴിയെന്ന് ആലോചിക്കണമെന്നും സ്പീക്കർ പറഞ്ഞു.