- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമൂതിരിയെ ആർക്കാണ് പേടി? ഉമ്മൻ ചാണ്ടി സർക്കാർ എട്ട് വർഷം മുമ്പ് സാമൂതിരി കുടുംബത്തിന് അനുവദിച്ച മാസ അലവൻസ് 2021 ലും തുടർന്ന് പിണറായി സർക്കാർ; സർക്കാർ ഖജനാവിൽ നിന്ന് നീക്കി വച്ചിരിക്കുന്നത് 2.58 കോടി; പ്രിവി പഴ്സ് നിർത്തലാക്കിയിട്ടും ഇത് പിൻവാതിൽ വഴിയുള്ള പ്രീണനമെന്ന് വിമർശിച്ച് സോഷ്യൽ മീഡിയ
കോഴിക്കോട്: നാട്ടുരാജ്യങ്ങളിലെ ഭരണ കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുന്ന പ്രിവി പഴ്സ് നിർത്തലാക്കിയിട്ടും സാമൂതിരി കുടുംബത്തിന് മാത്രം എന്തിന് മാസന്തോറും പെൻഷൻ അനുവദിക്കുന്നു? സോഷ്യൽ മീഡിയയിൽ ചൂടുപിടിക്കുന്ന ഒരുചർച്ചാവിഷയമാണിത്. 2013 ലെ ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ച 2500 രൂപ പെൻഷൻ 2021 ലെ പിണറായി സർക്കാരും തുടരുകയാണ്. 2.58 കോടി രൂപ ഇതിനായി സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുകയാണ്. 2021-22 സാമ്പത്തിക വർഷത്തേക്കുള്ള സ്പെഷ്യൽ അലവൻസായി 258,56,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. 800ലധികം വരുന്ന സാമൂതിരി കുടുംബാഗങ്ങൾക്ക് പ്രതിവർഷം 30,000 രൂപ വീതം കൊടുക്കുന്നതിനാണ് ഈ തുക മാറ്റി വച്ചിരിക്കുന്നത്.
സാമൂതിരി കുടുംബത്തിന്റെ ദീർഘകാല ആവശ്യം പരിഗണിച്ചാണ് 2013 ലെ ഉമ്മൻ ചാണ്ടി സർക്കാൻ മാസന്തോറും 2500 രൂപ പെൻഷൻ അനുവദിച്ചത്. സാമൂതിരി കുടുംബത്തിലെ മൂന്നുകൈവഴികളിൽ നിന്നുള്ള 826 അംഗങ്ങൾക്കാണ് മാസ പെൻഷൻ അനുവദിച്ചത്. മാനുഷിക പരിഗണന വച്ച് മാത്രമല്ല, സർക്കാർ തീരുമാനമെടുത്തതെന്ന് ഉമ്മൻ ചാണ്ടി അന്ന് വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ പുരോഗതിക്കായി തങ്ങളുടെ സ്വത്തുക്കളും സമ്പാദ്യവും ഉപേക്ഷിച്ചതിനുള്ള നഷ്ടപരിഹാരം കൂടിയാണ് പെൻഷനെന്നും അദ്ദേഹം പറഞ്ഞിരുന്നു. അന്നത്തെ കണക്ക് പ്രകാരം വാർഷിക കണക്കിൽ 2.5 കോടിയാണ് സർക്കാർ ഖജനാവിൽ നിന്ന് ഇതിനായി ചെലവഴിക്കുന്നത്.
സാമൂതിരി കുടുംബങ്ങളുടെ അവസ്ഥയും അർഹതയും
പഴയ രാജകീയ പ്രൗഢിയൊന്നുമില്ലാതെ, സാധാരണ ജീവിതം നയിക്കുന്നവരാണ് ഇന്നത്തെ സാമൂതിരി കുടുംബങ്ങൾ. ചില അംഗങ്ങൾ സമ്പന്നരെങ്കിലും, മറ്റുചിലർ കുടുംബം നടത്തുന്ന കോളേജിൽ പിയൂൺമാരായും മറ്റും ജോലി നോക്കി പോരുന്നു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ നൈറ്റ് വാച്ച്മാനായി 18 വർഷം പിസി മാനവിക്രമൻ രാജ ജോലി നോക്കിയിരുന്നു. മൂന്നുനേരത്തെ ആഹാരത്തിന് വകയില്ലാത്തവരും ഉള്ളതായി പറയപ്പെടുന്നു.
അന്ന് പ്രതിപക്ഷമായിരുന്ന സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി ഉമ്മൻ ചാണ്ടി സർക്കാരിന്റെ തീരുമാനത്തെ എതിർത്തിരുന്നില്ല. എന്നാൽ, ചില എതിർസ്വരങ്ങൾ ഉയരാതെയും ഇരുന്നില്ല. ചില കോൺഗ്രസ് നേതാക്കളും, ചരിത്രകാരന്മാരും ഇതൊരു പിന്തിരിപ്പൻ തീരുമാനമെന്നാണ് വിശേഷിപ്പിച്ചത്. ഇന്ദിരാ ഗാന്ധി നിർത്തലാക്കിയ പ്രിവി പഴ്സ് പിൻവാതിലിലൂടെ കൊണ്ടുവരികയാണെന്നാണ് വി.ടി.ബൽറാം അന്ന് വിമർശിച്ചത്.
1971ൽ 26 ാം ഭരണഘടനാ ഭേദഗതി വഴിയാണ് പ്രിവി പഴ്സ് നിർത്തലാക്കിയത്. മുമ്പ് സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളെ ലയിപ്പിക്കാനുള്ള കരാറുകളുടെ ഭാഗമായി പഴയ നാട്ടുരാജ്യങ്ങളിലെ ഭരണകുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകിയിരുന്നു പ്രിവിപേഴ്സ് എന്നറിയപ്പെട്ട ഈ ആനുകൂല്യത്തിന് സമാനമാണിതെന്നാണ് ഉയരുന്ന വിമർശനം. 280ഓളം നാട്ടുരാജാക്കന്മാർക്ക് സർക്കാർ ഇങ്ങനെ പണം നൽകിയിരുന്നു. ഭീമമായ സംഖ്യ സർക്കാർ ഖജനാവിൽ നിന്നു ഇതിനായി ചെലവായി. പിന്നീട് 1971 ൽ ഇന്ദിരാഗാന്ധി പ്രിവിപേഴ്സ് നിർത്തലാക്കുകയായിരുന്നു.
ഭരണഘടനാവിരുദ്ധമെന്ന് ചരിത്രകാരന്മാർ
സാമൂതിരി കുടുംബത്തിന് പ്രത്യേക പരിഗണന നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് പല ചരിത്രകാരന്മാരും അന്നും ചൂണ്ടിക്കാട്ടിയത്. സാമൂതിരിമാർ തങ്ങളുടെ സ്വത്ത് സംസ്ഥാനത്തിന് കൈമാറിയവരല്ല എന്നാണ് ചരിത്രകാരനായ എം.ജി.എസ് നാരായണൻ മുമ്പ് പറഞ്ഞത്. 1766 ൽ ഹൈദരാലി കോഴിക്കോട് പിടിച്ചെടുത്തപ്പോൾ സാമൂതിരി കുടുബം അവിടെ നിന്ന് പലായനം ചെയ്തിരുന്നു. തോൽവി ആസന്നമായപ്പോൾ സാമൂതിരി കൊട്ടാരത്തിന് തീവച്ച് ജീവനൊടുക്കുകയായിരുന്നു. ആ നടപടിയാണ് കോഴിക്കോടിനെ ഹൈദരാലി വഴി ടിപ്പുസുൽത്താനിലേക്കും പിന്നീട് ബ്രിട്ടീഷുകാരുടെ കൈകളിലേക്കും എത്തിച്ചത്. 1800 ൽ കോഴിക്കോട്ടേക്ക് മടങ്ങി വരാൻ സാമുതിരി കുടുംബത്തെ അനുവദിച്ചപ്പോഴേക്കും അവർക്ക് സ്വത്തുക്കൾ എല്ലാം നഷ്ടമായിരുന്നുവെന്ന് എംജിഎസ്. ഉയർന്ന മധ്യവർഗ്ഗ ഭൂപ്രഭുക്കളായി സാമൂതിരി കുടുംബം അപ്പോഴേക്കും ചുരുങ്ങി.
ദളിത് ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കെ.കെ.കൊച്ചിനെ പോലെയുള്ളവർ ഈ പരോക്ഷ പ്രവി പഴ്സ് സമ്പ്രദായത്തെ ശക്തമായി വിമർശിച്ച് ലേഖനങ്ങൾ എഴുതിയിരുന്നു.
'സാമൂതിരികുടുംബം ദാരിദ്ര്യവും നിരാശ്രയത്വവും അനുഭവിക്കുന്നുണ്ടോ? അവരുടെ സാമ്പത്തിക സ്ഥിതി എന്താണ്? ഇത്തരം കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ് പെൻഷൻ നൽകുന്നത്. കേരളത്തിലിപ്പോഴും നിരവധി രാജകുടുംബങ്ങൾ നിലനിൽക്കുന്നുണ്ട്. അവരിൽ നിന്നൊക്കെ അടർത്തിമാറ്റിയാണ് സാമൂതിരികുടുംബത്തിന് പെൻഷൻ നൽകുന്നത്. പിൽക്കാല ഭരണാധികാരികൾക്ക് മാതൃകയാക്കാവുന്ന രാഷ്ട്രസേവനത്തിന്റെയോ ഭരണപരിഷ്കാരങ്ങളുടെയോ ചരിത്രമുള്ളവരല്ല സാമൂതിരിമാർ. മറിച്ച് ബ്രിട്ടീഷുകാർ വരെയുള്ള കൊളോണിയൽ ഭരണാധികാരികൾക്ക് ചുവപ്പ് പരവതാനി വിരിച്ചവരും അവരുടെ ആശ്രിതരായി നിലനിന്ന് സമൂഹത്തിന്റെ സമ്പത്ത് വിദേശങ്ങളിലേക്ക് കടത്താനായി അധികാരം വിനിയോഗിച്ചവരുമാണിവർ. ഈ ദാസ്യവൃത്തിക്കായി നിരവധി കരാറുകൾ സൃഷ്ടിക്കുക മാത്രമല്ല സ്വന്തം പ്രജകൾക്കെതിരെ നടത്തിയ കൂട്ടക്കൊലകളെ എതിർക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെന്ന് സാമൂതിരിമാരുടെ ചരിത്രം വ്യക്തമാക്കുന്നുണ്ട്.-കെ.കെ.കൊച്ച്
ഔദാര്യമല്ല, നഷ്ടപരിഹാരമെന്ന് സാമൂതിരി കുടുംബം
എന്നാൽ, ഈ വാദങ്ങളെ സാമുതിരി കുടുംബം ശക്തമായി എതിർക്കുന്നു. ഞങ്ങൾ എന്തെങ്കിലും ഔദാര്യം യാചിക്കുകയല്ല, മറിച്ച് 1000 കോടിയോളം മൂല്യം വരുന്ന ഞങ്ങളുടെ സ്വത്തുക്കൾ വിവിധ സർക്കാരുകൾ ഏറ്റെടുത്തതിന് നഷ്ടപരിഹാരമാണ് ചോദിച്ചത്. ബ്രിട്ടീഷുകാർ കുടുംബത്തിന് മാലി ഖന്ന എന്ന ആനുകൂല്യം നൽകിയിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ഭാരത സർക്കാർ അത് തുടർന്നു. 1856 ന് ശേഷം വാർഷിക തുകയായി 1.56 ലക്ഷം രൂപ അങ്ങനെ ലഭിച്ചിരുന്നു. അന്ന് അത് വലിയ തുകയായിരുന്നു. കുടുംബാംഗങ്ങളുടെ എണ്ണമാകട്ടെ വെറും 50 ആയിരുന്നു. എന്നാൽ, ആ തുക ഇപ്പോൾ 826 അംഗങ്ങൾക്കായാണ് വീതിക്കുന്നത്. കുടുംബത്തിന് സംയുക്തമായി ഒരു കോളേജും, സ്കൂളും, ചില ക്ഷേത്രങ്ങളും ഉണ്ട്. എന്നാൽ, കുടുംബത്തിന് ഇവയിൽ നിന്ന് കാര്യമായ വരുമാനം ഒന്നുമില്ലെന്നാണ് അവകാശവാദം.
സ്വാതന്ത്ര്യത്തിന്ശേഷം സംസ്ഥാന സർക്കാരിൽ നിന്ന് പെൻഷൻ വാങ്ങാൻ സാമൂതിരി കുടുംബം പരിശ്രമിച്ചുവരികയായിരുന്നു. കോഴിക്കോട് ബ്രിട്ടീഷ് ഭരണത്തിന് അധീനമായിരുന്ന കാലത്ത് മദ്രാസ് പ്രസിഡൻസിയോട് ആദ്യ അഭ്യർത്ഥന നടത്തി. പിന്നീട് സംസ്ഥാനങ്ങളുടെ പുനഃ സംഘടനയ്ക്കും കേരളപ്പിറവിക്കും ശേഷം മദ്രാസ് സർക്കാർ ഈ അപേക്ഷ കേരള സർക്കാരിന് അയയ്ക്കുകയായിരുന്നു.
എന്നാൽ, സാമൂതിരി കുടുംബത്തിന് മാത്രമായി പെൻഷൻ അനുവദിക്കുന്നതിനെ പല ചരിത്രകാരന്മാരും എതിർത്തിരുന്നു. കൊച്ചി രാജകുടുംബം അടക്കം പലരും സമാനമായ രീതിയിൽ സ്വത്തുക്കൾ സർക്കാരിന് വിട്ടുകൊടുത്തെങ്കിലും നഷ്ടപരിഹാരം വാങ്ങാതെയാണ് ജീവിക്കുന്നത്. അങ്ങനെ വരുമ്പോൾ മുൻ രാജകുടുംബങ്ങളെല്ലാം പെൻഷന് അർഹരല്ലേ എന്ന ചോദ്യവും ഉയരുന്നു.
മറുനാടന് മലയാളി ബ്യൂറോ