ന്യൂഡൽഹി:നരേന്ദ്ര മോദിയുടെ രണ്ടുവർഷത്തെ ഭരണംകൊണ്ട് ഏറ്റവും വലിയ ഗുണമുണ്ടായത് മറ്റാർക്കുമല്ല, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് തന്നെയാണ്.രാഹുലിന്റെ ജനസമ്മതി ഒരു വർഷത്തിനിടെ 8ൽനിന്ന് നിന്ന് 22 ശതമാനമായി ഉയർന്നുതായും, 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദിയെ എതിരിടാൻ ഏറ്റവും അനുയോജ്യൻ രാഹുലാണെന്നും ഇന്ത്യാ ടുഡേ മാഗസിൻ നടത്തിയ അഭിപ്രായ സർവെ പറയുന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും എൻ.ഡി.എയുടെയും പിന്തുണ കുറയുകയാണ്. പക്ഷേ അധികാരം നഷ്ടമാവുന്ന തലത്തിലേക്ക് അത് വളർന്നിിട്ടില്‌ളെന്നതാണ് ബിജെപി ക്യാമ്പിന് ആശാസ്വമാവുന്നത്്.

ഈ വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ കോൺഗ്രസ് നയിക്കുന്ന യു.പി.എയുടെ സീറ്റ് നിലവിലെ 88ൽനിന്ന് 110ആയി വർധിക്കുമെന്ന് സർവെ കണ്ടത്തെുന്നു. 337സീറ്റുകള്ള എൻ.ഡി.എ 50 സീറ്റോളം നഷ്ടപ്പെട്ട് 286ൽ എത്തും.ഇങ്ങനെ പോവുകയാണെങ്കിൽ 2019ൽ രാഹുൽ മോദിക്ക് ശക്തനായ എതിരാളിയാവുമെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.

2014ലെ മോദി തരംഗത്തിൽ നിലംപരിശായ കോൺഗ്രസിന്റെ ഉയർത്തെഴുനേൽപ്പാണ് ഇതെന്നും ഇന്ത്യാടുഡെ വിലയിരുത്തുന്നു. രണ്ട് മാസം നീണ്ടുനിന്ന അവധിക്ക് ശേഷം മടങ്ങിയത്തെിയ രാഹുൽ പുനർജനിക്കുകയായിരുന്നെന്നും മാഗസിൻ വിശേഷിപ്പിക്കുന്നു.
സോണിയാഗാന്ധിയും,അരവിന്ദ് കെജ്രിവാളും, ജനപ്രീതിയിലും മോദിയെ എതിരിടുന്ന കാര്യത്തിലും രാഹുലിന് പിന്നിലായാണ് ഇടംപിടിച്ചത്. ഹിന്ദുക്കൾക്കിടയിൽ രാഹുൽ ഗാന്ധിക്ക് 20 ശതമാനം സ്വീകാര്യതയാണുള്ളതെന്നും, എന്നാൽ മുസ്ലീങ്ങൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾ കൂടുതലായി രാഹുലിനെ പിന്തുണയ്ക്കുന്നുവെന്നും സർവെ പറയുന്നു.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഏറ്റവും നല്ല പ്രധാനമന്ത്രിയെന്ന് സർവെ അഭിപ്രായപ്പെട്ടു. നല്ല പ്രധാനമന്ത്രിമാരുടെ ലിസ്റ്റിൽ മോദിയുടെ ജനപ്രിയത കഴിഞ്ഞ വർഷത്തെ 30 ശതമാനത്തിൽ നിന്ന് 14 ശതമാനമായി ഇടിഞ്ഞിട്ടുണ്ട്.രാജ്യത്ത് അസഹിഷ്ണുത വളരുന്നതായി സർവെയിൽ പങ്കടെുത്ത 40 ശതമാനം പേരും അഭിപ്രായപ്പെടുന്നു.

അതേസമയം പ്രധാനമന്ത്രി പദത്തിൽ മോദി മികച്ച പ്രകടനമാണ് കാഴ്‌ച്ചവെക്കുന്നതെന്ന് 58 ശതമാനം പേർ അഭിപ്രായപ്പെടുന്നു.മോദി അധികാരമേൽക്കുമ്പോൾ ഇത് 61 ശതമാനമായിരുന്നു. മോദിയുടെ വിദേശയാത്രകൾ ഇന്ത്യയ്ക്ക് ഗുണം ചെയ്യന്നുണ്ടെന്ന് 53 ശതമാനം പേർ കരുതുമ്പോൾ,ഗുണം ഉണ്ടായില്ല എന്നാണ് 27 ശതമാനം പേർ കരുതുന്നത്.

സവർണർക്കിടയിൽ മോദിയുടെ ജനപ്രീതി ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും പട്ടിക ജാതി വർഗ വിഭാഗങ്ങൾക്കിടയിൽ ഇത് വളരെ കുറവാണ്. സവർണ വിഭാഗത്തിലെ 54 ശതമാനം പേർ മോദിയെ പിന്തുണയ്ക്കുമ്പോൾ പട്ടിക വിഭാഗത്തിൽ പെട്ട 33 ശതമാനം മാത്രമാണ് മോദിക്കൊപ്പമുള്ളത്.

ദേശീയമാദ്ധ്യമങ്ങളിലൂടെ അടിക്കടിയുണ്ടാവുന്ന അഭിപ്രായ സർവേകളും മറ്റുമാണ് ഒരുകാലത്ത് മോദിപ്രഭാവം എന്ന വാക്കിനെതന്നെ കൊണ്ടുവന്നതെങ്കിൽ ഇന്നത് ബിജെപിയെ തിരിഞ്ഞു കുത്തുകയാണ്. അസഹിഷ്ണുതക്കെതിരെ രാജ്യവ്യാപകമായി ഉയർന്നുവന്ന പ്രശ്‌നങ്ങളും ബീഫ് നിരോധനമൊക്കെ മോദി സർക്കാറിന്റെ പ്രതിഛായയെ ബാധിച്ചതായുള്ള പൊതുവിലയിരുത്തൽ സർവേ സാധൂകരിക്കുന്നു. ഈ വിഷയത്തിലൊക്കെ രാഹുൽ ഗാന്ധി നടത്തിയ ഇടപെടലുകൾ അദ്ദേഹത്തിന്റെ ജനപ്രീതി വർധിപ്പിച്ചതായും സർവേ അടിവരയിടുന്നു.