മൂകാംബിക സന്ദർശനം എല്ലാം ഒത്ത് ചേരുന്ന ഒരു ദിവ്യാനുഭവം തന്നെയാണ്. ഇത്തവണ അത് കുറച്ച് കൂടി ഹൃദ്യമായി എന്ന് മാത്രം. സാധാരണ മൂകാംബിക ദർശനത്തിനോടൊപ്പം കുടജാദ്രിയിലും പോകാറുണ്ട്. ഇത്തവണ മുരുദ്ദ്വേശ്വർ എന്ന തീരപ്രദേശം കൂടി കാണാൻ കഴിഞ്ഞത് യാത്ര കൂടുതൽ രസകരമാക്കി.

മംഗലാപുരത്ത് ട്രെയിൻ ഇറങ്ങുന്നതിന് മുൻപ് തന്നെ അവിടെ നിന്നും മൂകാംബിക റോഡ് എന്ന സ്റ്റേഷനിലേക്ക് ട്രെയിനിൽ പോകുന്നത് സൗകര്യപ്രദവും ചെലവ് കുറഞ്ഞതും ആകും എന്ന് ഒരു സഹയാത്രികൻ പറഞ്ഞിരുന്നു. ഇത് റോഡ് മാർഗ്ഗം പോകാനുള്ള ആശയം ഉപേക്ഷിക്കാൻ പ്രേരകമായി. ഉച്ചയ്ക്ക് ശേഷമുള്ള ട്രെയിൻയാത്ര സുഖപ്രദവും ഏറ ആസ്വാദ്യകരമായി എന്നത് സത്യം. ബസ്സിലെ യാത്ര ഏകദേശം മൂന്നര മണിക്കൂർ എടുക്കും എന്ന് മാത്രമല്ല പരസ്പരം കണ്ട് സംസാരിച്ചിരിക്കാൻ പറ്റുകയുമില്ല. കൂടെ യാത്രചെയ്ത വ്യക്തി മുകേഷ് എന്ന ഹിന്ദി ഗായകൻ കൂടിയായത് ഏറെ വിനോദപ്രദമായി. അദ്ദേഹത്തിന്റെ ആലാപനം കേൾക്കുകയും ഒപ്പം പാടുകയും ചെയ്തുകൊണ്ടുള്ള ആ രണ്ടരമണിക്കൂർ യാത്ര മനസ്സിലിപ്പോഴും ഒളിമങ്ങാത്ത ഓർമ്മയായി ഞാൻ സൂക്ഷിക്കുന്നു.

ഒരു മുൻവിധികളും ഇല്ലാത്ത സൗഹൃദം ഞങ്ങളുടെ ഇടയിൽ ഉടലെടുത്തു എന്നത് ഏതോ മുജന്മ പരിചയം ഞങ്ങളുടെ ഇടയിൽ ഉണ്ടായിരുന്നു എന്ന പ്രതീതി ഉളവാക്കി. ഇപ്പോഴും ഫോണിൽ വിളിക്കാറുണ്ട് മുകേഷ് എന്ന ആ അനുഗ്രഹീത ഗായകൻ. 

മൂകാംബിക റോഡ് സ്റ്റേഷനിൽനിന്നും കൊല്ലൂരിലേക്ക് നാൽപത്തിരണ്ട് കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ. അതു കൊണ്ട് തന്നെ കേരളത്തിൻ നിന്നു വരുന്ന യാത്രികർക്ക് ഈ സ്റ്റേഷൻ മൂകാംബികാ ക്ഷേത്രത്തിൽനിന്നും ഏറ്റവും അടുത്തുള്ളതാണ്. മൂകാംബിക റോഡിൽ ഇറങ്ങി അൽപ്പം വിലപേശലിന് ശേഷം ഒരു വലിയ ഓട്ടോറിക്ഷയിൽ കുട്ടികൾ ഉൾപ്പെടെ ഞങ്ങൾ അഞ്ച് പേർ മുന്നൂറ്റിയൻപത് രൂപാ നിരക്ക് നിജപ്പെടുത്തി യാത്ര ആരംഭിച്ചു.

യാത്രയുടെ ഏറിയ പങ്കും മൂകാംബികാ വന്യജീവി സങ്കേതത്തിലൂടെ ആയതിനാൽ മനുഷ്യവാസമില്ലാത്ത വനമേഖലയിലൂടെ ആയിരുന്നു പ്രയാണം. ആനയുടെ അഭാവം മൂലം ഈ മേഖലയിലൂടെയുള്ള യാത്ര ദുഷ്‌കരമല്ല. തീർത്ഥാടകർക്ക് മൂകാംബികാ ക്ഷേത്രത്തിലേക്ക് രാത്രി വൈകിയായാലും ആശ്വാസകരമായ ഒരു എളുപ്പ വഴിയാണ് ഈ റോഡ്.

രാത്രി എട്ട് മണി കഴിഞ്ഞിരുന്നു ഹോട്ടലിൽ എത്തിയപ്പോൾ. അന്ന് അവിടെ വിശ്രമിച്ചു. രാവിലെ സൗപർണ്ണിയിൽ മുങ്ങിക്കളിച്ച ശേഷം ക്ഷേത്രദർശനം നടത്തി. തിരക്ക് കുറവായതിനാൽ ആനന്ദപ്രദവും സുഖകരവുമായ ഒരു പ്രഭാതം ആയി അത് മാറി.

രാവിലെ അൽപ്പം വൈകിയാണെങ്കിലും രണ്ടായിരത്തി അഞ്ഞൂറു രൂപാ കൊടുത്ത് ജീപ്പ് വാടകയ്‌ക്കെടുത്ത് കുടജാദ്രിയിലേക്ക് തിരിച്ചു. റോഡിന്റെ അവസ്ഥയിൽ വളരെയേറെ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും കുടജാദ്രിയോടടുക്കുന്ന അവസാനത്തെ പതിനഞ്ച് കിലോമീറ്റർ തീർത്തും ദുർഘടമായിരുന്നു. ആദ്യമായി ഇവിടെ വന്നപ്പോൾ നടത്തിയ ജീപ്പ് യാത്ര കിടിലം കൊള്ളിക്കുന്ന ഒന്നായിരുന്നു. അത് വച്ച് നോക്കിയാൽ ഇത് എത്രയോ ഭേദം.

വനമേഖലയിലൂടെയുള്ള റോഡ് നിർമ്മാണത്തിന് സാങ്കേതിക തടസ്സങ്ങൾ ഉള്ളതിനാൽ ടാറിട്ട റോഡിന്റെ അഭാവം യാത്ര തികച്ചും ദുഷ്‌കരമാക്കുന്നു. ജീപ്പ് ഡ്രൈവറുമാരുടെ സംഘടന സ്വന്തം ചെലവിൽ റോഡിൽ മണ്ണ് ഇട്ട് കുഴികളും പാറകളും മൂടുന്നത് കാണാമായിരുന്നു.

ഭാരതത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമായ ജോഗ് ഫാൾസ് കുടജാദ്രിയിലേക്കുള്ള പാതയിൽനിന്നും തൊണ്ണൂറ് കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്നു. കുടജാദ്രിയിൽ എത്തുമ്പോൾ സമയം പതിനൊന്നര കഴിഞ്ഞിരുന്നു.

രണ്ട് മണിക്കകം ജീപ്പിനടുത്തു എത്തണമെന്നായിരുന്നു നിർദ്ദേശം. സമയ പരിധികഴിഞ്ഞുള്ള ഓരോ മണിക്കൂറിനും നൂറു രൂപാ അധികം നൽകണമെന്നായിരുന്നു വ്യവസ്ഥ. കുടജാദ്രിയിൽ രണ്ട് ക്ഷേത്രങ്ങൾ ഉണ്ട്. ഒന്ന് താഴ്ന്ന ജാതിയിൽപ്പെട്ടവരുടെയും മറ്റേത് ഉയർന്ന കുലത്തിൽപ്പെട്ടവരുടെയുമാണ്. ഇവർ തമ്മിലുള്ള മത്സരം സ്വന്തം മേന്മ കൂട്ടി പറഞ്ഞ് പണം കൊയ്യാനുള്ള ഒന്നാണ് എന്നുള്ളത് അവരുടെ സംഭാഷണം അൽപ്പനേരം ശ്രദ്ധിച്ചാൽ മനസ്സിലാകും.

എന്തൊക്കെയായാലും കുടജാദ്രിയിലൂടെ ഉള്ള പദയാത്ര എപ്പോഴത്തെയും പോലെ മറക്കാനാകാത്ത ഒരു അനുഭവമായി. ശങ്കരാചാര്യർ മൂകാംബിക ദേവിയെ ദർശിച്ചതായി പറയപ്പെടുന്ന സർവ്വജ്ഞപീഠവും ഇതിന് പിന്നിലുള്ള ദുർഘടമായ മലചെരുവിലൂടെ ഇറങ്ങുമ്പോൾ എത്തുന്ന ചിത്രമൂല ഗുഹയും മനസ്സിനും ശരീരത്തിനും നവോന്മേഷം ഏകുന്നു.

എന്നെ ഏറെ ദുഃഖിപ്പിച്ച കാര്യം ചിത്രമൂല ഗുഹയുടെ മുന്നിൽ കാണപ്പെട്ട പ്ലാസ്റ്റിക് അവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളുടെ കൂമ്പാരവുമായിരുന്നു. വർഷങ്ങൾക്ക് മുൻപ് ഭാര്യയൊടൊപ്പം വിവാഹശേഷം നടത്തിയ കുടജാദ്രിയാത്രയിൽ ഞങ്ങൾ ഇവിടെവരെ മലചെരുവിലൂടെ ഇറങ്ങി വന്നിരുന്നു. അന്ന് ഇവിടെ തപസ്സനുഷ്ഠിച്ചിരുന്ന ഒരു സന്യാസിയെ കണ്ടു. അപ്പോൾ അനുഭവിച്ച ദൃശ്യഭംഗിയോ മാനസിക സംതൃപ്തിയോ ഇത്തവണ ലഭ്യമായില്ല എന്നത് പരിസ്ഥിതി മലിനീകരണം എന്ന ദുർഭൂതം ഇവിടെയും കടന്നു വന്നത് മൂലമായിരുന്നു എന്ന സത്യം ദുഃഖത്തോടെ ഞങ്ങൾ മനസ്സിലാക്കി.

ഏതായാലും തിരിച്ചുള്ള കാൽ നടയാത്രയിൽ ഏറെ സന്തോഷം നൽകിയ ദൃശ്യാനുഭവങ്ങൾ ആശ്വാസമേകി. ചിത്രശലഭങ്ങളുടെ കൂട്ടവും, പച്ചപ്പും നീലിമയും കലർന്ന കുന്നിൻചെരുവകളും, കാട്ടരുവികളും ഹൃദ്യമായ ശ്രവ്യ ദൃശ്യ വിരുന്നൊരുക്കി.

ഒരു മണിക്കൂർ വൈകി എത്തിയതിനാൽ ഡ്രൈവർക്ക് തിരികെ കൊല്ലൂരിലെത്തിയപ്പോൾ നൂറു രൂപ അധികം നൽകേണ്ടി വന്നു. ഏതായാലും അയാളുടെ പരിചയത്തിലുള്ള ഒരു ടൂറിസ്റ്റ് ടാക്‌സിയിൽ സാധാരണ നിജപ്പെടുത്തിയ വാടകയിൽ നിന്നും കുറവ് ചെയ്ത് മുരുദ്ദ്വേശ്വറിലേക്ക് അന്ന് വൈകിട്ട് തന്നെ യാത്ര തിരിക്കാൻ തീരുമാനിച്ചു. പുറപ്പെടുമ്പോഴേക്കും സമയം നാല് മണി കഴിഞ്ഞിരുന്നു. മുരുദ്ദ്വേശ്വരിലെ സൂര്യാസ്തമയം മനോഹരമായ കാഴ്ചയാണ് എന്ന അറിയാമായിരുന്നതുകൊണ്ട് കുറച്ച് വേഗത കൂട്ടാൻ ഡ്രൈവറോട് ആവശ്യപ്പെട്ടു.

സൂര്യൻ താഴെയ്ക്കുള്ള പ്രയാണം ആരംഭിച്ചുകഴിഞ്ഞിരുന്നു. ഏതായാലും വഴിനീളെ വിണ്ണിലെ വലിയ സിന്ദൂരപ്പൊട്ട് പോലെ ആഴിയിൽ അലിഞ്ഞ് ചേരാൻ വെമ്പുന്ന സൂര്യനെ ഞങ്ങൾക്ക് തോൽപ്പിക്കാനായില്ല. മുരുദ്ദ്വേശ്വരിൽ എത്തുന്നതിനുമുൻപേ ചുവന്ന സൂര്യൻ കടൽപരപ്പിലേക്ക് പടരുകയായിരുന്നു. മുരുദ്ദ്വേശ്വരി നെക്കാളും ദൃശ്യഭംഗി വഴിനീളെ ഞങ്ങൾക്കേകികൊണ്ടാകാം സൂര്യൻ യാത്രയായത്.

മുരുദ്ദ്വേശ്വറിലെ പ്രധാന ആകർഷണം അവിടെ സ്ഥിതി ചെയ്യുന്ന ഭീമാകാരമായ ശിവപ്രതിഷ്ഠയാണ്. ഉത്തര കന്നഡ ജില്ലയിലെ ഭട്കൽ താലൂക്കിൽ സ്ഥിതി ചെയ്യുന്ന കടലോര പ്രദേശമാണ് മുരുദ്ദ്വേശ്വർ. ശിവന്റെ മറ്റൊരു പേര് തന്നെയാണ് മുരുദ്ദ്വേശ്വർ. രാവണനുമായി ബന്ധപ്പെട്ട ഒരു രസകരമായ കഥ മുരുദ്ദ്വേശ്വറിനെ രാമായണവുമായി ബന്ധിപ്പിക്കുന്നു.

ദേവന്മാർ അമരത്വം കൈവരിക്കാൻ ആത്മലിംഗത്തെ ആരാധിക്കാറുണ്ടായിരുന്നു. ഇതറിഞ്ഞ രാവണൻ ആത്മലിംഗം ലഭിക്കാൻ പരമശിവനെ ധ്യാനിച്ചു. രാവണന്റെ പ്രാർത്ഥനയിൽ സംപ്രീതനായ ശിവൻ, ആത്മലിംഗം ലങ്കയിൽ എത്തുന്നത് വരെ താഴെ വയ്ക്കരുതെന്ന നിബന്ധനയോടെ രാവണന് നൽകി. ഇതറിഞ്ഞ നാരദൻ ആത്മലിംഗം കൈവശപ്പെടുത്തിയ രാവണൻ ലങ്കയിൽ തിരികെയെത്തിയാൽ സർവ്വനാശം വിതക്കും എന്ന് ഭയന്ന് ഗണപതി ഭഗവാനെ സമീപിച്ചു.

പരമഭക്തനായ രാവണൻ ദിവസവും വൈകുന്നേരം പ്രാർത്ഥനയ്ക്കായി സമയം ചിലവഴിക്കുന്നുണ്ടെന്നറിഞ്ഞ ഗണേശൻ രാവണൻ ഗോകർണ്ണത്തെത്തിയപ്പോൾ ഒരു ബ്രാഹ്മണന്റെ വേഷത്തിൽ അവിടെ പ്രത്യക്ഷപ്പെട്ടു. നേരം സന്ധ്യയായതിനാൽ പ്രാർത്ഥിക്കാനായി രാവണൻ ഒരുങ്ങി. അപ്പോഴാണ് ആത്മലിംഗം എവിടെ വയ്ക്കും എന്ന ആശങ്കയിലായത്. സമീപത്തുനിന്ന ബ്രാഹ്മണ വേഷധാരിയായ ഗണപതിയോട് ആത്മലിംഗം നിലത്ത് വെയ്ക്കാതെ പ്രാർത്ഥന തീരും വരെ കൈയിൽ പിടിക്കാമോ എന്ന് ചോദിച്ചപ്പോൾ ഗണപതി അത് സമ്മതിച്ചു. ഇതോടൊപ്പം മൂന്ന് പ്രാവിശ്യം രാവണനെ പേര് വിളിക്കുമെന്നും വിളി കേൾക്കാത്ത പക്ഷം ആത്മലിംഗം താഴെ വയ്ക്കുമെന്നും നിബന്ധന വച്ചു.

പ്രാർത്ഥന കഴിഞ്ഞ് തിരികെ എത്തിയ രാവണൻ ആത്മലിംഗം താഴെയിരിക്കുന്ന കാഴ്ചയാണ് കണ്ടത്. ക്രൂദ്ധനായ രാവണൻ ആത്മലിംഗം പല കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞു. ഇതിൽ ആത്മലിംഗം മൂടിയിരുന്ന വസ്ത്രം വലിച്ചെറിഞ്ഞപ്പോൾ വീണ സ്ഥലമാണത്രെ മുരുദ്ദ്വേശ്വർ.
രണ്ട് കടലോരങ്ങൾ ആണ് ഇവിടെയുള്ളത്. മീൻപിടുത്തക്കാർക്ക് മാത്രമായി ഒരു കടൽ പുറവും, മറ്റൊന്ന് പ്രശാന്ത സുന്ദരമായ തിരമാലകൾ തീരെയില്ലാത്ത ഒരു കടലോരവും. ഈ കടൽപുറത്ത് ഇരുപത് നിലയുള്ള ഒരു ഗോപുരവും ഒരു ക്ഷേത്ര സമുച്ചയവും സ്ഥിതി ചെയ്യുന്നു. ഈ ഗോപുരത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലെത്താൻ ലിഫ്റ്റും പടവുകളും ഉണ്ട്. ഇപ്പോൾ ഇത് ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറിക്കഴിഞ്ഞു. എൻ. ഷെട്ടി എന്ന ഒരു വ്യവസായി ആണ് ഇതിന്റെ ശിൽപ്പിയും ഉടമയും.

പുതുമയും പഴമയും പ്രകൃതിയുമായി ഇഴുകിചേരുന്ന ഒരു പ്രത്യേക അനുഭൂതി ഈ ടൂറിസ്റ്റ് കേന്ദ്രം പ്രദാനം ചെയ്യുന്നു എന്ന് പറയാതെ വയ്യ.  

അടുത്ത ദിവസം ഒന്നുകൂടി സൗപർണ്ണികയിൽ നീന്തിതുടിച്ച ശേഷം ക്ഷേത്രദർശനവും കഴിഞ്ഞ് മംഗലാപുരത്തേക്ക്. അവിടെനിന്നും രാത്രി വണ്ടിയിൽ തിരുവനന്തപുര്‌ത്തേക്കുള്ള മടക്കയാത്രയിൽ പല ചിന്തകൾ കടന്നുവന്നു. അതിൽ എന്നെ ഏറ്റവും സ്വാധീനിച്ചത് ''ഓരോ യാത്രാനുഭവവും എത്രമാത്രം വ്യത്യസ്തമാണ് എന്ന സത്യമായിരുന്നു. ഓരോ മനുഷ്യനെയും പോലെ.''
(സി കെ വേണുഗോപാൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസറാണ്.)