- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോട്ടി കിട്ടാത്തതിന് എടുത്തു കൊണ്ടു വന്നത് മധുരയിൽ നിന്ന് മോഷ്ടിച്ച ഡബിൾ ബാരൽ; രണ്ടു ഭാഗങ്ങളായി മടക്കാവുന്ന 30 ഇഞ്ച് ഡബിൾ ബാരൽ 7145 നമ്പർ തോക്കിന്റെ യഥാർത്ഥ ഉടമ മൂലമറ്റത്ത്; അറുപത് പവനൊപ്പം 25,000 രൂപയും തോക്കുമായി കടന്ന ആ കള്ളൻ ആര്? മൂലമറ്റം കേസിൽ ട്വിസ്റ്റ്
തൊടുപുഴ: മൂലമറ്റത്ത് തട്ടുകടയിൽ പോട്ടി കൊടുക്കാത്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവിനെ വെടിവച്ചുകൊന്ന സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്. തോക്കിന് അവകാശി എത്തിയതാണ് ഇതിന് കാരണം. മധുര ദുരൈസ്വാമി നഗറിലെ രവീന്ദ്രൻ എന്നയാളുടെ വീട്ടിൽ നിന്നു മോഷണം പോയതാണ് ഈ ഡബിൾ ബാരൽ തോക്ക് എന്നാണ് സൂചന. ഈ തോക്ക് ഉപയോഗിച്ചാണ് പ്രതി കൃത്യം നടത്തിയതെന്നാണ് സംശയം.
തോക്ക് തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് മധുര സ്വദേശി രവീന്ദ്രനും മകൻ ആദിത്യ വിഗ്‌നേശ്വരനും പൊലീസിനെ സമീപിച്ചിട്ടുണ്ട്. മൂലമറ്റം വെടിവയ്‌പ്പുമായി ബന്ധപ്പെട്ട് തമിഴ് മാധ്യമങ്ങളിൽ വന്ന വാർത്തയിലെ തോക്കിന്റെ ചിത്രം തിരിച്ചറിഞ്ഞാണ് ഇവർ എത്തിയത്. തമിഴ്‌നാട്ടിൽ ലൈസൻസ് ലഭിച്ച് ഉപയോഗിച്ചിരുന്ന തോക്ക് 2020 ഡിസംബർ 29ന് രവീന്ദ്രന്റെ വീട്ടിൽ നിന്നു കളവുപോവുകയായിരുന്നു. ഒപ്പം 60 പവൻ സ്വർണവും 25,000 രൂപയും മോഷണം പോയി. മധുര സിറ്റി പൊലീസ് കേസ് അന്വേഷിക്കുകയായിരുന്നു.
15 ഇഞ്ചിന്റെ രണ്ടു ഭാഗങ്ങളായി മടക്കി വയ്ക്കാവുന്ന 30 ഇഞ്ച് ഡബിൾ ബാരൽ 7145 നമ്പർ തോക്കാണ് മോഷണം പോയത്. ഇ.ജെ.ചർച്ചിൽ ലെസൈറ്റർ സ്‌ക്വയർ ലണ്ടൻ എന്ന് തോക്കിൽ രേഖപ്പെടുത്തിയിട്ടും ഉണ്ട്. കാഞ്ഞാർ പൊലീസ് പിടിച്ചെടുത്ത തോക്കിലും സമാന അടയാളമുണ്ട്. തോക്കിന്റെ നമ്പറും ഒന്നാണ്. അതുകൊണ്ട് തന്നെ മോഷണ മുതലാണ് തോക്കെന്ന് പൊലീസ് ഏതാണ് ഉറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 26ന് രാത്രിയാണ് തട്ടുകടയിലുണ്ടായ വഴക്കിനെ തുടർന്ന് മൂലമറ്റം സ്വദേശി ഫിലിപ്പ് മാർട്ടിന്റെ വെടിയേറ്റ് കീരിത്തോട് സ്വദേശി സനൽ മരിച്ചത്.
പരുക്കേറ്റ കണ്ണിക്കൽ മാളിയേക്കൽ പ്രദീപ് പുഷ്‌കരൻ (32) കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. തോക്കിൽ പുതിയ ഉടമ എത്തിയ സാഹചര്യത്തിൽ അന്വേഷണം പുതിയ തലത്തിലെത്തും. ഫിലിപ്പിനെ വീണ്ടും ചോദ്യം ചെയ്യും. തോക്ക് എവിടെ നിന്ന് കിട്ടിയെന്നതും അന്വേഷിക്കും. ഇതോടെ രവീന്ദ്രന്റെ വീട്ടിലെ മോഷണത്തിനും തുമ്പുണ്ടാകുമെന്നാണ് പ്രതീക്ഷ. ഈ തോക്ക് പ്രാദേശികമായി ഉണ്ടാക്കിയതല്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്.
മൂലമറ്റത്ത് ബസ് കണ്ടക്ടറായ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിലേക്ക് നയിച്ചത് തട്ടുകടയിൽനിന്ന് ആവശ്യപ്പെട്ട ഭക്ഷണം കിട്ടാത്തതിനെച്ചൊല്ലിയുള്ള തർക്കമായിരുന്നു. ശനിയാഴ്ച അർധരാത്രിയായിരുന്നു വെടിവെപ്പ്. ശനിയാഴ്ച രാത്രി പത്തരയോടെ മൂലമറ്റം അശോക കവലയിലെ തറവാട് എന്ന തട്ടുകടയിലെത്തിയ ഫിലിപ്പും ബന്ധുവും പൊറോട്ടയും പോട്ടിയും ആവശ്യപ്പെട്ടു. പോട്ടി ഇല്ലെന്ന് കടയുടമ അറിയിച്ചു. എന്നാൽ, ഫിലിപ്പിനുശേഷം കടയിൽ എത്തിയവർക്ക് പോട്ടി നൽകിയതിനെച്ചൊല്ലി വാക്തർക്കമായി.
ഇത് കടയിലുണ്ടായിരുന്ന മറ്റ് ചിലർ ഏറ്റുപിടിച്ചതോടെ സംഘർഷമാകുകയും ഫിലിപ്പിന് മർദനമേൽക്കുകയും ചെയ്തു. ക്ഷുഭിതനായ ഫിലിപ്പ് ബന്ധുവിനൊപ്പം വെല്ലുവിളി നടത്തി സ്‌കൂട്ടറിൽ വീട്ടിലേക്ക് പോയി. വീട്ടിൽനിന്ന് ഇരട്ടക്കുഴൽ തോക്കുമായി കാറിൽ മടങ്ങിയെത്തിയ ഫിലിപ്പ് തട്ടുകടക്ക് നേരെ വെടിയുതിർത്തു. എന്നാൽ, ആർക്കും പരിക്കേറ്റില്ല. കടയിലുണ്ടായിരുന്നവർ ഉടൻ സംഘടിച്ച് ഫിലിപ്പിന് നേരെ അടുത്തു. ഇതുകണ്ട് കാർ തിരിച്ച് ഓടിച്ചുപോയ ഫിലിപ്പിനെ ഒരു സംഘം പിന്തുടർന്നു. അറക്കുളം എ.കെ.ജി കവലയിൽ എത്തിയപ്പോൾ ഫിലിപ്പിന്റെ മാതാവ് കാർ തടഞ്ഞുനിർത്തി. മകൻ വീട്ടിൽനിന്ന് തോക്കുമായി പോകുന്നത് കണ്ടാണ് ഇവർ റോഡിലേക്ക് ഇറങ്ങി വന്നത്.
ഈ സമയം പിന്തുടർന്നെത്തിയവർ കാറിന് കേടുപാട് വരുത്തുകയും ഫിലിപ്പിനെ മർദിക്കുകയും ചെയ്തു. അവിടെ നിന്ന് കാർ വെട്ടിച്ച് മൂലമറ്റം ഭാഗത്തേക്ക് പോയ ഫിലിപ്പ് തൊട്ടടുത്ത പെട്രോൾ പമ്പിന് സമീപം എത്തി തിരിച്ചുപോന്നു. തന്നെ മർദിച്ചവർ റോഡിൽ നിൽക്കുന്നത് കണ്ടതോടെ തോക്ക് എടുത്ത് വെടിയുതിർക്കുകയായിരുന്നു. എന്നാൽ, റോഡിൽ നിന്നവർ ഓടി മാറുകയും ഈ സമയം അതുവഴി സ്‌കൂട്ടറിൽ വന്ന സനലിനും പ്രദീപിനും വെടിയേൽക്കുകയും ചെയ്തു. വെടിയേറ്റ് സ്‌കൂട്ടറിൽനിന്ന് തെറിച്ചുവീണ പ്രദീപിനെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജിലും എത്തിച്ചു. ചോരയിൽ കുളിച്ചുകിടന്ന സനലിനെ കാഞ്ഞാർ പൊലീസും അഗ്‌നിരക്ഷാസേനയുമെത്തി ആശുപത്രിയിലേക്ക് മാറ്റുമ്പോഴേക്കും മരിച്ചിരുന്നു.
ഫിലിപ്പിന്റെ കാർ തൊടുപുഴ ഭാഗത്തേക്ക് പോയതായി അറിഞ്ഞ് കാഞ്ഞാർ പൊലീസ് മുട്ടം പൊലീസിനെ വിവരം അറിയിച്ചു. മുട്ടം പൊലീസ് വഴിയിൽ തടഞ്ഞുനിർത്തി കാറും ഫിലിപ്പിനെയും കസ്റ്റഡിയിൽ എടുത്ത് കാഞ്ഞാർ പൊലീസിന് കൈമാറി. പിന്നാലെ തോക്കും കണ്ടെത്തുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ