മൂലമറ്റം: തട്ടുകടയിലെ വാക്കുതർക്കത്തെത്തുടർന്നുണ്ടായ വെടിവയ്പിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ തന്റെ മകൻ പ്രാണരക്ഷാർഥമാണ് വെടിവച്ചതെന്നു ഫിലിപ്പ് മാർട്ടിന്റെ അമ്മ. ആളുകൾ കൂട്ടംകൂടി ഫിലിപ്പിനെ മർദിക്കുകയായിരുന്നെന്നു കൂടെയുണ്ടായിരുന്ന ബന്ധു ജോജുവും മാധ്യമങ്ങളോടു പറഞ്ഞു.

ആളുകൾ കൂട്ടം കൂടി തന്നെയും മകൻ ഫിലിപ്പിനെയും ആക്രമിക്കാൻ ശ്രമിച്ചു. തന്നെ ആക്രമിക്കുന്നതു കണ്ടു പ്രാണരക്ഷാർഥമാണ് ഫിലിപ്പ് വെടി ഉതിർത്തതെന്നും അമ്മ മാധ്യമങ്ങളോടു പറഞ്ഞു. തട്ടുകടയിൽ എത്തിയ ഫിലിപ്പ് ബീഫും പൊറോട്ടയും ചോദിച്ചപ്പോൾ ഇല്ലെന്നു പറഞ്ഞു. എന്നാൽ, പിന്നീട് മറ്റൊരാൾ ആവശ്യപ്പെട്ടപ്പോൾ കൊടുത്തു. ഇതു ചോദ്യം ചെയ്തതോടെ ഒരാൾ ഫിലിപ്പിനെ പിടിച്ചു തള്ളുകയും പിന്നീട് കൂട്ടം ചേർന്നു മർദിക്കുകയുമായിരുന്നെന്നു അമ്മ പറയുന്നു.

ശനിയാഴ്ച രാത്രി 10.50 ഓടെയാണ് മൂലമറ്റം അറക്കുളം അശോക കവലയിൽ വെടിവയ്പിലേക്കു നയിച്ച അനിഷ്ടസംഭവങ്ങളുണ്ടായത്. മൂലമറ്റം മാവേലിപുത്തൻപുരയിൽ ഫിലിപ്പ് മാർട്ടിൻ (കുട്ടു-26) വെടിവച്ചതിനെത്തുടർന്നു സ്വകാര്യ ബസ് ജീവനക്കാരനായ കീരിത്തോട് പാട്ടത്തിൽ സനൽ സാബു (32) ആണ് കൊല്ലപ്പെട്ടത്. മൂലമറ്റം കണ്ണിക്കൽ മാളിയേക്കൽ പ്രദീപ് പുഷ്‌കരനെ(32) ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സനൽ സാബുവിന്റെ സംസ്‌കാരം സ്വദേശമായ കീരിത്തോട്ടിൽ നടത്തി.

അതേസമയം ഫിലിപ്പ് മാർട്ടിൻ ആക്രമണത്തിന് ഉപയോഗിച്ചത് നാടൻ തോക്കാണെന്നാണ് പൊലീസ് പറയുന്ന്. തോക്ക് ഇയാൾ തന്നെ പണി കഴിപ്പിച്ചതാണ്. 2014 ൽ ഒരു കൊല്ലനെ കൊണ്ട് ഇയാൾ തോക്ക് നിർമ്മിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തന്റെ ഏലത്തോട്ടത്തിൽ വരുന്ന കാട്ടുപന്നിയെ വെടിവക്കാനും, നായാട്ടിനുമായാണ് ഇയാൾ തോക്ക് നിർമ്മിച്ചത്.

അതേസലമയം ഫിലിപ്പ് മാർട്ടിനും സുഹൃത്തും കടയിലെത്തി ബഹളമുണ്ടാക്കിയെന്നും ബഹളം വയ്ക്കരുതെന്ന് കടയിലെ മറ്റുള്ളവർ ആവശ്യപ്പെട്ടതോടെ ഇയാൾ പ്രകോപിതനായെന്നും തട്ടുകട ഉടമ സൗമ്യ പറയുന്നത്. 'രാത്രി പത്തരയോടെ ബീഫ് ആവശ്യപ്പെട്ടാണ് മാർട്ടിൻ കടയിലെത്തുന്നത്. എന്നാൽ ഇത് തീർന്നെന്ന് അറിയിച്ചതോടെ ഇയാൾ ബഹളമുണ്ടാക്കി. ഇത് കടയിൽ പാഴ്‌സൽ വാങ്ങാനെത്തിയ യുവാക്കൾ ചോദ്യംചെയ്തു. മാർട്ടിൻ പിന്നാലെ വീട്ടിൽ പോയി തോക്കുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തോക്കുമായെത്തി തെറിവിളിയായിരുന്നു. വണ്ടി കുറെ തവണ കറക്കി. വെടിവെച്ചു. കടയിൽ നിന്ന് 200 മീറ്റർ മാറിയാണ് വെടിവെപ്പ് നടന്നത്. ഒരാൾ കൊല്ലപ്പെട്ട വിവരം പിന്നീടാണ് അറിയുന്നതെന്നും സൗമ്യ പറഞ്ഞത്.

കേസിൽ അറസ്റ്റിലായ ഫിലിപ്പ് മാർട്ടിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് പൊലീസ്. ഫിലിപ്പ് മാർട്ടിൻ മാത്രമാണ് കേസിലെ പ്രതിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂലമറ്റം അശോക് കവലയിലെ തട്ടുകടയിൽ കയറി പ്രശ്‌നം ഉണ്ടാക്കുകയും വഴിയാത്രക്കാരായ യുവാക്കളെ വെടിവച്ചതും ഫിലിപ്പ് മാർട്ടിൻ ഒറ്റക്കെന്നാണ് പൊലീസ് പറയുന്നത്.