കൊച്ചി: കെ റെയിൽ പദ്ധതിക്ക് വേണ്ടി പതിനായിരങ്ങൾ കുടിയൊഴിക്കപ്പെട്ടാൽ എങ്ങനെ പുനരധിവസിപ്പിക്കുമെന്ന ചോദ്യത്തിന് സർക്കാർ വലിയ പാക്കേജ് പ്രഖ്യാപിച്ച കാര്യമാണ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ഇത്തരമൊരു പാക്കേജ് പ്രഖ്യാപിച്ചാലും എത്രകണ്ട് അത് ഗുണകരമാകും എന്ന കാര്യമാണ് അറിയേണ്ടത്. വല്ലാർപ്പാടം പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിക്ക പെട്ടവർക്കായി സർക്കാർ പ്രഖ്യാപിച്ച പാക്കേജ് പോലും ഇനിയും നൽകാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പദ്ധതിയെ കുറിച്ച് കൂടുതൽ വിമർശനം ഉയർത്തുന്നതും. സർക്കാർ സംവിധാനങ്ങളുടെ മെല്ലോപ്പോക്കാണ് പലപ്പോഴും പദ്ധതികളുടെ മെല്ലേപ്പോക്കിന് കാരണമാകുന്നത്.

വല്ലാർപാടം പദ്ധതിക്കു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവർക്കു സർക്കാർ പ്രഖ്യാപിച്ച പാക്കേജ് ഇതുവരെ പൂർണമായി നടപ്പാക്കിയിട്ടില്ലെന്നു മൂലമ്പിള്ളി കോ ഓർഡിനേഷൻ കമ്മിറ്റി കുറ്റപ്പെടുത്തി രംഗത്തുവന്നിരുന്നു. കെ റെയിലിനു വേണ്ടി സ്ഥലം അക്വയർ ചെയ്യാൻ പ്രഖ്യാപിച്ച പാക്കേജ് ഈ സാഹചര്യത്തിൽ ജാഗ്രതയോടെ കാണണമെന്ന് ജസ്റ്റിസ് പി.കെ.ഷംസുദീൻ, പ്രഫ. കെ അരവിന്ദാക്ഷൻ, ഫാ.പ്രശാന്ത് പാലക്കാപ്പിള്ളി, സി.ആർ.നീലകണ്ഠൻ, ഫ്രാൻസിസ് കളത്തുങ്കൽ തുടങ്ങിയവർ ഒപ്പിട്ട പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

മൂലമ്പിള്ളി പാക്കേജ് പൂർണമായും നടപ്പാക്കണം. പുനരധിവാസത്തിന്റെ വിവിധ വശങ്ങൾ വ്യക്തമാക്കി 5 സർക്കാർ ഉത്തരവുകളും ഹൈക്കോടതിയുടെ 2 വിധികളും നിലനിൽക്കുമ്പോഴും പാക്കേജ് പൂർണമായി നടപ്പാക്കിയിട്ടില്ല. 7 വില്ലേജിൽനിന്നു കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങളിൽ 52 കുടുംബങ്ങൾക്കു മാത്രമാണു പുനരധിവാസ പ്ലോട്ടുകളിൽ വീടുകൾ പണിയാനായത്. ശേഷിക്കുന്നവരിൽ ഭൂരിപക്ഷം പേരും വാടകയ്ക്കും താൽക്കാലിക സംവിധാനങ്ങളിലും കഴിയുന്നു. പുനരധിവാസ ആനുകൂല്യങ്ങൾ ലഭിക്കാതെ 32 പേർ മരിച്ചു. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളിൽനിന്ന് ഒരാൾക്കു വീതമെങ്കിലും പദ്ധതിയിൽ തൊഴിൽ നൽകുമെന്ന വാക്കു പാലിച്ചില്ല.

പുനരധിവാസത്തിനായി കണ്ടെത്തിയ 7 സൈറ്റുകളിൽ അഞ്ചും ചതുപ്പാണ്. ചില വീടുകൾക്കു ചരിവും വിള്ളലുകളും ഉണ്ടായി. ഈ സ്ഥലം കെട്ടിട നിർമ്മാണത്തിനു യോജിച്ചതല്ലെന്നു പിഡബ്ല്യുഡി തന്നെ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഏറ്റെടുത്ത ഭൂമിക്കു നഷ്ടപരിഹാരം നൽകിയതിൽ നിന്ന് 12 % ആദായനികുതി പിടിച്ചത് ഇതുവരെ തിരികെ കൊടുത്തിട്ടില്ല.

പുനരധിവാസ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ ജില്ലാ കലക്ടർ അധ്യക്ഷനായ മോണിറ്ററിങ് കമ്മിറ്റി യോഗം ചേർന്നിട്ടു വർഷങ്ങളായി. പുനരധിവാസ സൈറ്റ് വാസയോഗ്യമാക്കുന്നതുവരെ കുടുംബങ്ങൾക്കു പ്രതിമാസം 5000 രൂപ വീതം വാടക നൽകണമെന്ന ഹൈക്കോടതി വിധി ലംഘിച്ചു. കിടപ്പാടം നഷ്ടമായവർ ഇപ്പോഴും പെരുവഴിയിലാണെന്ന് അവർ കുറ്റപ്പെടുത്തി.