കൊച്ചി: സഹോദരങ്ങൾ സ്വത്ത് തട്ടിയെടുത്തു എന്ന് കാട്ടി മൂലൻസ് ഗ്രൂപ്പ് ഡയറക്ടർ വർഗ്ഗീസ് സെബാസ്റ്റ്യൻ അങ്കമാലി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിന്മേലുള്ള നടപടി ക്രമങ്ങൾ ഹൈക്കോടതി മരവിപ്പിച്ചു. കോടികണക്കിന് രൂപയുടെ സ്വത്ത് സഹോദരങ്ങൾ തട്ടിയെടുത്തു എന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ പരാതി വ്യാജമാണ് എന്ന് തെളിവുകൾ സഹിതം സഹോദരങ്ങൾ ഹൈക്കോടതിയിൽ ഹർജി നൽകി സ്റ്റേ വാങ്ങുകയായിരുന്നു. വർഗ്ഗീസ് സെബാസ്റ്റ്യൻ എന്ന വർഗ്ഗീസ് മൂലൻ പരാതിയിൽ പറഞ്ഞിരിക്കുന്നതൊക്കെയും വ്യാജമാണ്.

പിതാവിനെ തെറ്റിദ്ധരിപ്പിച്ചും ചതിച്ചും ഇയാൾ തന്നെയാണ് സ്വത്ത് തട്ടിയെടുത്തത് എന്നുമാണ് സഹോദരങ്ങൾ പറയുന്നത്. ഹൈക്കോടതി വിധി വാങ്ങിയ ശേഷം ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് സഹോദരങ്ങൾ ഉൾപ്പെടെയുള്ള മറ്റു ബന്ധുക്കൾ. അങ്കമാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂലൻസ് ഗ്രൂപ്പ്  ഡയറക്ടർ വർഗീസ് സെബാസ്റ്റ്യൻ എന്ന മൂലൻ മരിച്ചു പോയ പിതാവിന്റെ ഒത്താശയോടെ സഹോദരങ്ങൾ 80 കോടിയോളം രൂപയുടെ സ്വത്ത് കബളിപ്പിച്ചെടുത്തു എന്ന് കാട്ടി അങ്കമാലി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇത് സംബന്ധിച്ച മറുനാടൻ മലയാളി വാർത്ത നൽകിയിരുന്നു.

1981 മുതൽ വിദേശത്ത് ജോലി ചെയ്തിരുന്ന പരാതിക്കാരൻ പിതാവിന്റെ പേരിൽ നാട്ടിലേക്ക് അയച്ചു നൽകിയ പണം ഉപയോഗിച്ച് വാങ്ങിയ സ്വത്തുക്കളും, ബിസിനസിൽ ഒപ്പം ചേർന്ന സഹോദരങ്ങൾ കബളിപ്പിച്ചും കോടികൾ തട്ടിയെടുത്തെന്നാണ് ആരോപണം. 1985 ൽ സൗദിയിലെ അൽകോബാറിൽ സൂപ്പർമാർക്കറ്റ് സ്ഥാപിച്ചാണ് ഗ്രൂപ്പ് ബിസിനസ് രംഗത്തേക്ക് കടന്നത്. സഹോദരങ്ങളായ ജോസ്, സാജു, ജോയ് എന്നിവരെ പലകാലയളവിലായി ബിസിനസിൽ ഒപ്പം ചേർത്തു. 1987 ൽ ഗ്രൂപ്പ് കയറ്റുമതിയും തുടങ്ങി. നാട്ടിൽ ഇതിന്റെ ചുമതലയും സഹോദരങ്ങളെ ഏൽപ്പിച്ചു. ഇതിനിടെ, മായം കലർന്ന ഭക്ഷ്യ വസ്തുക്കൾ കയറ്റി അയച്ചത് മൂലം സൗദിയിൽ കേസും ഉണ്ടായി.

സഹോദരങ്ങൾക്ക് ബിസിനസ് നടത്തണമെന്നുള്ള പിതാവിന്റെ ആവശ്യം പരിഗണിച്ചാണ് ഭാഗം വെക്കാനായി പിതാവ് ദേവസ്സിയുടെ പേരിൽ മുക്ത്യാർ എഴുതി നൽകിയത്. എന്നാൽ പിതാവിനെ ഭീഷണിപ്പെടുത്തി മുക്ത്യാർ ഉപയോഗിച്ച് സ്വത്തുക്കൾ സഹോദരങ്ങൾ എഴുതി വാങ്ങിയെന്നാണ് പരാതിക്കാരൻ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പിതാവിന് ഒപ്പിട്ടു നൽകിയ ബ്ലാങ്ക് പേപ്പറുകളും തട്ടിപ്പിന് ഉപയോഗപ്പെടുത്തി. ,മൂലൻസ് എക്‌സിം ഇന്റർ നാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ ബോർഡിൽ നിന്നും സഹോദരങ്ങൾ ഒഴിവാക്കിയതായും പരാതിയിൽ പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420, 468, 471, 34 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു പൊലീസ് പ്രഥമവിവര റിപ്പോർട്ട് അങ്കമാലി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

എന്നാൽ ഇക്കാര്യങ്ങളെല്ലാം വാസ്തവവിരുദ്ധമാണെന്നാണ് സഹോദരങ്ങൾ പറയുന്നത്. സത്യമെന്താണെന്ന് അങ്കമാലിയിലെ നാട്ടുകാർക്ക് അറിയാമെന്നും കൊച്ചി സിറ്റിപൊലീസിലെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ സ്വാധീനിച്ചാണ് പരാതിയിന്മേൽ എഫ്.ഐ.ആർ ഇട്ട് കേസെടുത്തതെന്നുമാണ് ഇവർ ആരോപിക്കുന്നത്. കൂടാതെ പരാതിയിൽ പറയുന്നത് പ്രകാരം മൂലൻസ് ഗ്രൂപ്പിന്റെ ചെയർമാൻ ഇയാളല്ലെന്നും പറയുന്നു. ഇത് സംബന്ധിച്ച രേഖകൾ മറുനാടൻ മലയാളിക്ക് കൈമാറിയിട്ടുണ്ട്. മരിച്ചുപോയ ഇവരുടെ പിതാവ് ദേവസ്സിയാണ് ചെയർമാൻ സ്ഥാനത്തുള്ളത്. ബാക്കിയുള്ള നാലുപേർ ഡയറക്ടേഴ്സുമാണ് എന്ന് ഉടമ്പടിയിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്.

അങ്കമാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂലൻസ് ഗ്രൂപ്പ്  ഡയറക്ടറായ വർഗ്ഗീസ് മൂലനെന്ന വർഗീസ് സെബാസ്റ്റ്യൻ ശതകോടികളുടെ ആസ്തിയുള്ള മലയാളി വ്യവസായിയാണ്. അൽ-സലേഹ് ഗ്രൂപ്പ് ഓഫ് കമ്പനിയിൽ മാനേജരായിട്ടായിരുന്നു വർഗ്ഗീസിന്റെ പ്രവാസ ജീവിതം തുടങ്ങിയത്. 1986ൽ സുഗന്ധവ്യജ്ഞന കയറ്റുമതിയുടെ സാധ്യത തേടി കച്ചവടത്തിലേക്ക് ഇറങ്ങി. പലവ്യജ്ഞനകച്ചവടത്തിന്റെ സാധ്യതയും സൗദിൽ കണ്ടെത്തി. അങ്ങനെ കച്ചവടക്കാരനായ വർഗ്ഗീസ് 1987ൽ അച്ചാറു കമ്പനിക്ക് തുടക്കമിട്ടു. വിജ്. ജയ്, റോമ, പിന്നെ മൂലൻസും ഇതെല്ലാം വമ്പൻ ഹിറ്റായി മാറി. ഗൾഫിലെ ഭക്ഷ്യ വിതരണക്കാരിൽ ഒന്നാമനായതോടെ വർഗ്ഗീസ് തന്റെ വ്യവസായ മേഖലയും വിപൂലികരിച്ചു. എൺപതുകളിൽ ഗൾഫ് രാജ്യങ്ങളിൽ പാക്കിസ്ഥാനിൽ നിന്നെത്തിക്കുന്ന ഭക്ഷ്യവസ്തുക്കൾക്കായിരുന്നു പ്രിയം കൂടുതൽ.

മലയാളികൾ പോലും പാക്കിസ്ഥാൻ വസ്തുക്കൾക്ക് പിന്നാലെയായിരുന്നു. മാധ്യമ രംഗത്തെ പ്രവർത്തന മികവുമായെത്തിയ മൂലൻ വമ്പൻ പരസ്യങ്ങളിലൂടെ വിപണി കൈയടക്കി. മതപരമായ പ്രത്യേകതകൾ പോലും മനസ്സിലാക്കി വിപണയിൽ ഇടെൽ നടത്തി. അങ്ങനെ ഇന്ത്യാക്കാർക്കും അറബികൾക്കും മസാലയും കറി പൗഡറും പ്രിയപ്പെട്ടതായി. തൊണ്ണൂറുകളുടെ മധ്യത്തോടെ മൂലൻസ് അന്താരാഷ്ട്ര ബ്രാൻഡായി മാറി. ഇതിനിടയിലാണ് സ്വത്ത് തർക്കം രൂക്ഷമാകുന്നത്.

സ്വത്ത് ഭാഗം വെക്കുന്നത് സംബന്ധിച്ച് ഒരു കമ്മറ്റി തന്നെ രൂപീകരിച്ചിട്ടുണ്ട്. ഇതിൽ ജഡ്ജിയും പൊലീസുദ്യോഗസ്ഥരും വികാരികളും വരെയുണ്ട്. പല വട്ടവും സ്വത്ത് ഭാഗം ചെയ്യുമ്പോളും ഇടം കോലിടുന്നത് വർഗ്ഗീസ് തന്നെയാണെന്ന് ഇവർ പറയുന്നുണ്ട്.