മുക്കെല്ലാം ഈ വരുന്ന തിങ്കളാഴ്ച സൂപ്പർമൂൺ കാണുന്നതിനുള്ള അപൂർവ അവസരമാണ് തിങ്കളാഴ്ച സമാഗതമാകുന്നത്. 68 വർഷത്തിന് ശേഷം ഇതാദ്യമായിട്ടാണ് ഏറ്റവും വലിയ ചന്ദ്രൻ മറ്റന്നാൾ എത്തുന്നത്. ഇനി ഇത്തരത്തിലുള്ള ഒരു സംഭവം ഈ നൂറ്റാണ്ടിലുണ്ടാവില്ലെന്നറിയുമ്പോഴാണ് ഈ സംഭവത്തിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാകുന്നത്. ചന്ദ്രന്റെ ഭ്രമണപഥം ഭൂമിക്ക് ഏറ്റവുമടുത്തെത്തുമ്പോഴാണ് സൂപ്പർമുണോ അല്ലെങ്കിൽ ഫുൾ മൂണോ സംജാതമാകുന്നത്. തിങ്കളാഴ്ച എത്തുന്ന ചന്ദ്രൻ സാധാരണനിലയിലേതിനേക്കാൾ 14 ശതമാനത്തിലധികം വലുതും 30 ശതമാനത്തിലധികം പ്രഭയേറിയതുമായിരിക്കുമെന്നാണ് റിപ്പോർട്ട്. 1948ന് ശേഷം ഇതാദ്യമായിട്ടാണ് ചന്ദ്രൻ ഭൂമിയുടെ ഇത്രയുമടുത്തെത്തുന്നത്. ഇത്തരത്തിലുള്ള ഭീമാകാരനായ ചന്ദ്രനനെ കാണാൻ ഏതാനും കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

തിങ്കളാഴ്ച രാത്രി ജിഎംടി സമയം എട്ട് മണിക്ക്( ഉച്ചയ്ക്ക് 3.09 ഇടി) ആണ് സൂപ്പർമൂണെത്തുന്നത്. ഈ സമയം ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ദൂരം വെറും മൂന്നരലക്ഷം കിലോമീറ്ററുകൾ മാത്രമായിരിക്കും. തെളിഞ്ഞ കാലാവസ്ഥയുള്ള ആകാശമുള്ളിടത്ത് പോയി തെക്കോട്ട് കാഴ്ചയുള്ള ഇടങ്ങളിൽ പോയി നിന്നാൽ സൂപ്പർമൂണിനെ നന്നായി ആസ്വദിക്കാനാവുമെന്നാണ് വാനനിരീക്ഷകർ നിർദ്ദേശം നൽകിയിരിക്കുന്നത്. ഏത് ഫുൾ മൂണിനെയും പോലെ സൂര്യൻ അസ്തമിച്ചതിന് ശേഷം കിഴക്ക് ഭാഗത്താണ് തിങ്കളാഴ്ച ചന്ദ്രനുദിക്കുകയെന്നും തുടർന്ന് ഉയർന്ന് പൊങ്ങി ഇത് ഏറ്റവും വലുപ്പത്തിൽ കാണുക അർധരാത്രിയായിരിക്കുമെന്നുമാണ് ഓസ്ട്രോണമി എഴുത്തുകാരനായ കോളിൻ സ്റ്റുവർട്ട് വെളിപ്പെടുത്തുന്നത്.

വായുമലിനീകരണം ഏറ്റവും കുറഞ്ഞ സ്ഥലത്ത് പോയി നിന്നാലാണ് സൂപ്പർമൂണിനെ അതിന്റെ ഏറ്റവും പൂർണരൂപത്തിലും തെളിമയിലും കാണാൻ സാധിക്കുക. എന്നാൽ ഈ അവസരത്തിൽ ചന്ദ്രൻ സാധാരണത്തേതിലും വലുതാകുന്നില്ലെന്നും മൂൺ ഇല്യൂഷൻ എന്ന എഫക്ടിനാൽ നമുക്ക് ഇങ്ങനെ തോന്നുകയാണെന്നും സ്റ്റുവർട്ട് വെളിപ്പെടുത്തുന്നു. അതിനാൽ മരങ്ങളും കെട്ടിടങ്ങളും തടസപ്പെടുത്താത്ത കിഴക്കൻ ചക്രവാളത്തിലേക്ക് നല്ല കാഴ്ച ലഭിക്കുന്ന ഇടങ്ങളിൽ പോയി നിന്നാൽ ചന്ദ്രന്റെ മനോഹര രൂപം നമുക്ക് കാണാൻ സാധിക്കുമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു. ഇതിനായി പ്രത്യേക ഉപകരണങ്ങളൊന്നും ഉപയോഗിക്കേണ്ടതില്ല. സൂപ്പർമൂണിനെ വീടിന് പുറത്ത് പോകാതെ ലൈവായി കാണാൻ ആഗ്രഹിക്കുന്നുവെങ്കിലോ അതിനുള്ള സൗകര്യമില്ലെങ്കിലോ സ്ലൂഹ് ഒബ്സർവേറ്ററി ഇതിന്റെ തത്സമയ ബ്രോഡ്കാസ്റ്റിങ് നിർവഹിക്കുന്നുണ്ട്.

സാധാരണയായി ഒരു വർഷത്തിൽ നാല് മുതൽ ആറ് സൂപ്പർമൂണുകൾ ഒരു വർഷത്തിൽ ഉണ്ടാകാറുണ്ട്. എന്നാൽ തിങ്കളാഴ്ച ചന്ദ്രൻ 68 വർഷത്തിന് ശേഷം ഏറ്റവുമടുത്തെത്തുന്നുവെന്നതാണ് ഈ സൂപ്പർമൂണിനെ വ്യത്യസ്തമാക്കുന്നത്. ഇത്തരത്തിലുള്ള പ്രതിഭാസം ഇനിയുണ്ടാകുന്നത് 2034ൽ മാത്രമാണ്. ഈ വർഷത്തെ രണ്ടാമത്തെ സൂപ്പർമൂണാണ് ഈ നവംബർ 14ന് എത്തുന്നത്. 2016ലെ ആദ്യത്തെ സൂപ്പർമൂൺ വന്നത് ഒക്ടോബർ 16നായിരുന്നു. ഈ വർഷത്തെ അടുത്ത സൂപ്പർമൂൺ വരുന്നത് ഡിസംബർ 14ന് ആണ്.

ഈ സൂപ്പർമൂണുമായി ബന്ധപ്പെട്ട് വിവിധതരം വിശ്വാസങ്ങളും ആശങ്കകളും പ്രചരിക്കാൻ തുടങ്ങിയിട്ടുമുണ്ട്. ഈ വിശേഷാവസരത്തെ യേശുക്രിസ്തുവിന്റെ രണ്ടാം വരവും ലോകാവസാനവുമാണെന്നാണ് കോൺസ്പിരസി തിയറിസ്റ്റുകളടക്കമുള്ള ചിലർ അഭിപ്രായപ്പെടുന്നത്.ഇതിന് മുമ്പ് ചന്ദ്രൻ ഭൂമിയോട് ഇത്രയും അടുത്ത് വന്ന സമയമായ 1948ൽ തന്നെയാണ് ഇസ്രയേൽ സ്വതന്ത്ര രാഷ്ട്രമായതെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. ക്രിസ്തുമതവിശ്വാസത്തിന്റെ പരിശുദ്ധ ഭൂമിയായിട്ടാണ് ഇസ്രയേൽ പരിഗണിച്ച് വരുന്നതെന്നത് ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.സൂപ്പർമൂണുണ്ടാകുന്ന അതേ ആഴ്ച തന്നെയാണ് ക്രിസ്തുവിന്റെ ശവക്കല്ലറ ഖനനം ചെയ്ത് പരിശോധിക്കാനൊരുങ്ങുന്നതെന്നതും വിശ്വാസികൾക്കിടയിൽ ഇത് സംബന്ധിച്ച ആശങ്ക വർധിപ്പിക്കുന്നുണ്ട്. ബൈബിളിലെ പരാമർശവുമായി ബന്ധപ്പെടുത്തുമ്പോൾ ക്രിസ്തുമതവിശ്വാസികളെ സംബന്ധിച്ചിടത്തോളം സൂപ്പർമൂണിന് പ്രാധാന്യമേറെയുണ്ട്. എന്നാൽ സൂപ്പർമൂണിനെച്ചൊല്ലി ആശങ്കപ്പെടേണ്ടതില്ലെന്നാണ് ശാസ്ത്രജ്ഞന്മാർ നിർദ്ദേശിക്കുന്നത്. ഇത് സാധാരണ പ്രകൃതി പ്രതിഭാസം മാത്രമാണെന്നും അവർ പറയുന്നു. ചന്ദ്രൻ ചക്രവാളത്തിനോടടുത്ത് വരുന്ന സന്ദർഭത്തിൽ മരങ്ങൾ, കെട്ടിടങ്ങൾ, തുടങ്ങിയവയ്ക്കിടയിൽ കൂടി കാണുമ്പോൾ അത് പതിവിലും വലുതായി നമുക്ക് തോന്നുന്നതാണെന്നാണ് നാസ വിശദീകരിക്കുന്നത്. ഇത് വെറുമൊരു ഒപ്റ്റിക്കൽ ഇല്യൂഷനാണെന്നും നാസ വെളിപ്പെടുത്തുന്നുണ്ട്.