പൂർവമായ പ്രകൃതി പ്രതിഭാസങ്ങളുണ്ടാകുമ്പോൾ അതിനെ ലോകാവസാനമായി വ്യാഖ്യാനിക്കാനുള്ള പ്രവണത ചിലർക്കുണ്ട്. ഭീമൻ ഉൽക്ക ഭൂമിക്കടുത്ത് വരുമ്പോഴും സൗരക്കാറ്റ് പ്രവചിക്കപ്പെടുമ്പോഴും ചന്ദ്രൻ ഭൂമിയോടടുക്കുമ്പോഴും ഭൂമി സൂര്യനോട് അടുക്കുമ്പോഴും എന്തിനേറെ ഗ്രഹണങ്ങൾ ഉണ്ടാകുമ്പോൾ വരെ ഇത്തരം വ്യാഖ്യാനങ്ങൾ ഉണ്ടാകാറുണ്ട്. ഈ വീക്കെൻഡിൽ ഉണ്ടാകുന്ന ചന്ദ്രഗ്രഹണത്തെ ലോകാവസാനത്തിന്റെ അടയാളമായി ചിലർ പ്രവചിക്കുന്നുണ്ട്. അന്ന് ചന്ദ്രഗ്രഹണത്തോടൊപ്പം ചന്ദ്രൻ അസാധാരണമായ രീതിയിൽ ചുവന്നു തുടുക്കുകയും ചെയ്യുമെന്നാണ് ഗവേഷകർ പറയുന്നത്. ഈ സമ്പൂർണഗ്രഹണം ലോകമെങ്ങും ദൃശ്യമാവുകയും ചെയ്യും. ഏതായാലും ഈ അപൂർവഗ്രഹണത്തെ സൂക്ഷ്മമായി നിരീക്ഷിക്കാൻ ശാസ്ത്രജ്ഞന്മാർ തയ്യാറായിക്കഴിഞ്ഞു.

ചന്ദ്രഗ്രഹണവും ചന്ദ്രൻ ചുവന്ന് തുടുക്കുന്നതുമായ പ്രതിഭാസങ്ങൾ ഒന്നിച്ചെത്തുന്നത് വളരെ അപൂർവമായ സംഗതിയായാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. 30 വർഷങ്ങൾക്കിടെ ആദ്യമാണ് ഇത് സംഭവിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. സെപ്റ്റംബർ 26 ഞായറാഴ്ച വൈകീട്ടാണീ അപൂർവ പ്രതിഭാസം അരങ്ങേറുന്നത്. ഈ ഗ്രഹണത്തിലൂടെ ചന്ദ്രൻ ഏറെക്കൂറെ പൂർണമായും മറയ്ക്കപ്പെടുമെന്നാണ് കരുതുന്നത്. 1982ന് ശേഷം ഈ പ്രതിഭാസം നടന്നിട്ടില്ല. ഇനി 2033 വരെ ഇത് നടക്കുകയുമില്ല. എന്നാൽ ഇത്തരത്തിലുള്ള ഒരു ഗ്രഹണം ഇനിയൊരിക്കലും ഉണ്ടാകില്ലെന്നും ഇത് ലോകാവസാനത്തിന്റെ സൂചനയാണെന്നുമാണ് ചിലർ വാദിക്കുന്നത്. ലോകാവസാനമടക്കമുള്ള നിർണായകമായ സംഗതികളുടെ തുടക്കമായാണ് ചില മതവിശ്വാസക്കാർ ഇതിനെ കാണുന്നത്.സൂപ്പർമൂൺ എന്ന പ്രതിഭാസമാണ് ഞായറാഴ്ച അരങ്ങേറുന്നത്. അത്തരം സന്ദർഭങ്ങളിൽ ചന്ദ്രൻ ഭൂമിയുടെ തൊട്ടടുത്തെത്തും. അതായത് അപ്പോൾ 222,000 മൈലുകൾ മാത്രമെ ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുണ്ടാകൂ. സാധാരണത്തേതിൽ നിന്നും വലുതും തിളക്കമേറിയതുമായ ചന്ദ്രനായിരിക്കും അപ്പോഴുണ്ടാവുക. അതിനൊപ്പം ചന്ദ്രഗ്രഹണവും സംഭവിക്കും. പൂർണചന്ദ്രൻ ഭ അംബ്ര എന്നറിയപ്പെടുന്ന ഭൂമിയുടെ നിഴലിലേക്ക് പൂർണമായും മറയുന്ന അവസ്ഥയാണുണ്ടാവുക.

ഞായറാഴ്ചത്തെ ചന്ദ്രഗ്രഹണം ഒരുമണിക്കൂറും 11 മിനുറ്റുമാണ് നിലനിൽക്കുന്നത്. തെക്കെ അമേരിക്ക, വടക്കെ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, വെസ്റ്റ് ഏഷ്യയുടെ ഭാഗങ്ങൾ, ഈസ്റ്റേൺ പസിഫിക്ക് തുടങ്ങി ലോകത്തിലെ ഏതാണ്ട് എല്ലാഭാഗങ്ങളിലും ദൃശ്യമാകുന്ന ഗ്രഹണമാണിത്. യൂറോപ്യൻ സമയമനുസരിച്ച് രാത്രി 8.11 മണിക്കായിരിക്കും ചന്ദ്രൻ ഭൂമിയുടെ നിഴലിലേക്ക് പോകാനാരംഭിക്കുന്നത്. ബ്രിട്ടീഷ് സസമയമനുസരിച്ച് അപ്പോൾ സമയം പുലർച്ചെ 1.11 ആയിരിക്കും. യൂറോപ്യൻ സമയമനുസരിച്ച് രാത്രി രാത്രി 9.07 നായിരിക്കും ഗ്രഹണം ആരംഭിക്കുന്നത്. ബ്രിട്ടീഷ് സ്റ്റാൻഡേർഡ് ഓഫ് ടൈം അനുസരിച്ച് പുലർച്ചെ 2.07നായിരിക്കും ഗ്രഹണം തുടങ്ങുന്നത്. ഒരു മണിക്കൂർ ഭൂമിയുടെ നിഴലിൽ കഴിയുന്ന ചന്ദ്രനൻ യൂറോപ്യൻ സമയമനുസരിച്ച് രാത്രി 10.11ന് പുറത്ത് വരും. പുലർച്ചെ 3.11നായിരിക്കും ബ്രിട്ടനിൽ ഇത് സംഭവിക്കുന്നത്.

രാത്രി എട്ട് മണി മുതൽ 11.30 വരെ ചന്ദ്രഗ്രഹണത്തിന്റെ ഒരു ലൈവ് സ്ട്രീം നാസ ലഭ്യമാക്കുന്നുണ്ട്.അലബാമയിലെ ഹണ്ട്‌സ് വില്ലെയിലുള്ള മാർഷൽ സ്‌പേസ് ഫ്‌ലൈറ്റ് സെന്ററിൽ നിന്നാണിത് ബ്രോഡ്കാസ്റ്റ് ചെയ്യുന്നത്. ഈ ചന്ദ്രഗ്രഹണം കാണാൻ സാധാരണക്കാർ പ്രത്യേക ഉപകരണങ്ങളൊന്നും ഉപയോഗിക്കേണ്ടതില്ല. എന്നാൽ ബൈനോക്കുലർ ഉപയോഗിക്കുന്നത് നന്നായിരിക്കും. ഭൂമിയിൽ നിന്നും ചന്ദ്രനിലേക്ക് ഏറ്റവും ദൂരം കുറഞ്ഞ അവസ്ഥയാണ് പെരിജീ എന്നറിയപ്പെടുന്നത്. ഏറ്റവും ദൂരം കൂടിയ അവസ്ഥയെ അപോജീ എന്നും പറയുന്നു.

പൂർണചന്ദ്രനെ പെരിജീയിൽ കാണുമ്പോൾ അതിന് അപോജീയിലുള്ളതിനേക്കാൾ 14 ശതമാനം അധികം വലുപ്പവും 30 ശതമാനം അധികം തിളക്കവുമുണ്ടാകുമെന്നാണ് ശാസ്ത്രരജ്ഞന്മാർ പറയുന്നത്. ഞായറാഴ്ച ഇതാണ് സംഭവിക്കുന്നത്. സൂപ്പർമൂണും ഗ്രഹണവും സമന്വയിക്കുന്നത് വളരെ അപൂർവമായ പ്രതിഭാസമാണെന്നാണ് നാസ പറയുന്നത്. അതായത് 1900കൾക്ക് ശേഷം ചുരുങ്ങിയ അവസരങ്ങളിൽ മാത്രമെ ഇത് സംജാമായിട്ടുള്ളൂ. 1910, 1928,1946,1964, 1982 എന്നീ വർഷങ്ങളിലാണ് ഈ പ്രതിഭാസം അരങ്ങേറിയിട്ടുള്ളത്. എന്നാൽ സാധാരണ ചന്ദ്രഗ്രഹണങ്ങൾ സർവസാധാരണമാണ്. രണ്ടരവർഷം കൂടുമ്പോൾ ഇവ സംഭവിക്കാറുമുണ്ട്.

എന്നാൽ ഭൂമിയുടെ ചില ഭാഗങ്ങളിൽ നിന്നു മാത്രമെ ഇവ ദൃശ്യമാകാറുള്ളൂ. സൂര്യന്റെയും ചന്ദ്രന്റെയും ഇടയിലൂടെ ഭൂമി കടന്ന് പോകുമ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിച്ചാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.