- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കി മൂന്നാറിനു സമീപം കുണ്ടള പുതുക്കുടി എസ്റ്റേറ്റിൽ ഉരുൾപൊട്ടൽ; രണ്ട് കടമുറിയും അമ്പലവും മണ്ണിനടിയിൽ; ഉരുൾപൊട്ടലിൽ ആളപായമില്ലെന്ന് പ്രാഥമിക നിഗമനം; വട്ടവിള ദേശീയപാത തകർന്നു; 141 കുടുംബങ്ങളിലെ 450 പേരെ കുണ്ടള സ്‌കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു; ഒഴിഞ്ഞു പോയത് വമ്പൻ ദുരന്തം; രക്ഷാപ്രവർത്തനം തുടരുന്നു
മൂന്നാർ: ഇടുക്കി മൂന്നാറിനു സമീപം കുണ്ടള പുതുക്കുടി എസ്റ്റേറ്റിൽ ഉരുൾപൊട്ടൽ. രണ്ട് കടമുറിയും അമ്പലവും മണ്ണിനടിയിലായി. ഉരുൾപൊട്ടലിൽ ആളപായമില്ല. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കടയിലും അമ്പലത്തിലും രാത്രി ആളുണ്ടായിരുന്നില്ല. ഇതാണ് ആളപായം ഒഴിവാക്കിയത്. രാവിലെയാണ് സംഭവിച്ചതെങ്കിൽ വലിയ ദുരന്തം ഉണ്ടാകുമായിരുന്നു.
141 കുടുംബങ്ങളിലെ 450 പേരെ കുണ്ടള സ്‌കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കുറച്ചുപേരെ ബന്ധുവീടുകളിലേക്കും മാറ്റി. ദേവികുളം എംഎൽഎ എ.രാജയുടെ നേതൃത്വത്തിലാണ് ആളുകളെ മാറ്റിപാർപ്പിച്ചത്. മൂന്നാർ വട്ടവട ദേശീയപാത തകർന്നു. ഇവിടെ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു. മൂന്നാറിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് കുണ്ടള പുതുക്കുടി എസ്റ്റേറ്റ്.
രണ്ട് കടകളും ഒരു ക്ഷേത്രവും ഒരു ഓട്ടോറിക്ഷയും മണ്ണിനടിയിലായി. ആളപായമില്ല. രാത്രി ഒരു മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. അതിനാൽ പ്രദേശത്ത് ആളുകളുണ്ടായിരുന്നില്ല. പുതുക്കുടി ഡിവിഷനിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ചെത്തിയ പൊലീസ് ഫയർഫോഴ്‌സ് സംഘം 175 കുടുംബങ്ങളെ സ്ഥലത്ത് നിന്നും മാറ്റിപ്പാർപ്പിച്ചു.
ഉരുൾപൊട്ടലിൽ മൂന്നാർ വട്ടവട സംസ്ഥാന പാതയിലെ പുതുക്കുടിയിൽ റോഡ് തകർന്ന നിലയിലാണ്. റോഡ് ഗതാഗതം തടസപ്പെട്ടതിനാൽ വട്ടവട ഒറ്റപ്പെട്ടു. ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്നും നിലവിൽ മഴക്ക് ശമനമുണ്ടെന്നുമാണ് ദേവികുളം തഹസിൽദാർ വിശദീകരിച്ചത്. എല്ലാ അർത്ഥത്തിലും ഗതാഗതം ഉരുൾപൊട്ടലിൽ തടസ്സപ്പെട്ടു. ഇതോടെ വട്ടവട ഒറ്റപ്പെട്ട നിലയിലാണ്.
മൊബൈലിനും മറ്റും റേഞ്ചുള്ളതുകൊണ്ടു തന്നെ സംഭവമുണ്ടായ ഉടൻ തന്നെ പുറത്തേക്ക് വിവരം എത്തി. ഉടൻ തന്നെ പൊലീസും ഫയർഫോഴ്‌സും രക്ഷാപ്രവർത്തനം തുടങ്ങി. ഇതു കൊണ്ടാണ് വലിയ നാശനഷ്ടം ഉണ്ടാകാത്തത്. മണ്ണ് വലിയ തോതിൽ കൂടി കിടക്കുന്നതാണ് റോഡ് ഗതാഗതത്തിന് തടസ്സം. ഇത് മാറ്റാൻ മണിക്കൂറുകൾ എടുക്കും.
മറുനാടന് മലയാളി ബ്യൂറോ