തൊടുപുഴ: മൂന്നാറിൽ ലോഡ്ജെന്ന പേരിൽ അനുമതി വാങ്ങി റിസോർട്ടുകൾ പഞ്ചായത്ത് നികുതി വെട്ടിച്ച് പ്രവർത്തിക്കുന്നുതിന് പിന്നിൽ മുൻ മന്ത്രി കെ എം മാണിയുടെ മരുമകൻ.

ഇതിന് മൂന്നാർ പഞ്ചായത്തും ഒത്താശ ചെയ്യുന്നുവെന്ന ആരോപണമാണ് ഉയരുന്നത്. മൂന്നാറിലെ അനധികൃത കയ്യേറ്റം ചർച്ചയാകുമ്പോഴാണ് പുതിയ തട്ടിപ്പ് വിരവങ്ങൾ പുറത്തുവരുന്നത്. റിസോർട്ട് മാഫിയയുടെ യോജിച്ചുള്ള നീക്കമാണ് ഇതിന് പിന്നിൽ. എങ്ങനെയെല്ലാം ഖജനാവ് കൊള്ളയടിക്കാൻ മാഫിയ സാഹചര്യം ഒരുക്കുന്നതെന്നതിന് വ്യക്തമായ സൂചനയാണ് ഈ തട്ടിപ്പിലൂടെ പുറത്തു വരുന്നത്.

വിവരാവകാശരേഖകളിൽ മൂന്നാറിൽ ലോഡ്ജ്-റിസോർട്ടുകളുടെ എണ്ണം 56 ആണ്. രേഖ പ്രകാരം ഇതിൽ നാലെണ്ണം മാത്രമാണ് റിസോർട്ടുകൾ. ബാക്കി 52 എണ്ണവും ലോഡ്ജുകളാണ്. ഈ ലോഡ്ജുകളിൽ ഒന്ന് മാണിയുടെ മരുമകന്റെ റിസോർട്ടാണ്. എന്നാൽ അവരുടെ വെബ്സൈറ്റിൽ റിസോർട്ടെന്നാണ് കാണിച്ചിരിക്കുന്നത്. ഇതോടെയാണ് നികുതി വെട്ടിപ്പ് തടയാനുള്ള കള്ളക്കളിയാണ് നടക്കുന്നതെന്ന് വ്യക്തമായത്.

ഇത്തരം റിസോർട്ടിൽ മിക്കതും 13000 മുതൽ 17000 വരെ രൂപയാണ് ഒരു ദിവസം ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്നത്. പഞ്ചായത്ത് പ്രതിവർഷം ലോഡ്ജിന് കരമീടാക്കുന്നത് ചതുരശ്ര അടിക്ക് 30 രൂപ വീതമാണ്. ഹോട്ടലുകൾക്ക് ചതുരശ്ര അടിക്ക് 50 രൂപയും റിസോർട്ടുകൾക്ക് 80 രൂപയും ഈടാക്കും. റിസോർട്ട് ലോഡ്ജാക്കി രേഖയുണ്ടാക്കിയാൽ 50 രൂപയുടെ കുറവുണ്ടാകും. ഉടമയ്ക്ക് വൻ ലാഭമുണ്ടാകുമ്പോൾ പഞ്ചായത്തിന് കിട്ടേണ്ട വരുമാനമാണ് നഷ്ടമാകുന്നത്. ഈ ഹോട്ടലുകളെല്ലാം റിസോർട്ടാണെന്ന ബോർഡും ഉണ്ട്. അതുകൊണ്ട് തന്നെ ഇത് പഞ്ചായത്തിനും അറിയാം.

മൂന്നാറിനേക്കാൾ നാലിലൊന്ന് മാത്രം റിസോർട്ടുകളുള്ള പള്ളിവാസലിൽ കഴിഞ്ഞ വർഷം 1.15 കോടി രൂപയാണ് നികുതിയിനത്തിൽ കിട്ടിയത്. ഇതിൽ നിന്ന് തന്നെ മൂന്നാറിൽ റിസോർട്ടുകൾ ഉണ്ടാക്കുന്ന ലാഭത്തിന്റെ വ്യാപ്തിയും വ്യക്തമാണ്.