മൂന്നാർ: കെ റ്റി ഡി സിയും സ്‌കൂൾ അധികൃതരും തമ്മിൽ 17 സെന്റ് സ്ഥലത്തിന്റെ ഉടമസ്ഥ അവകാശത്തെച്ചൊല്ലി പരസ്പരം വെല്ലുവിളി.സംഘർഷം ഒഴിവാക്കാൻ ഇരുകൂട്ടരോടും തർക്കഭൂമിയിൽ കടന്നുകയറിയുള്ള 'കളി' വേണ്ടെന്ന് പൊലീസ്.

മൂന്നാറിലെ ഇക്കാനഗറിൽ കെ.റ്റി.ഡി.സി യ്ക്കു സമീപം നിലവിലെ സർവ്വേ നമ്പർ 912 ൽ പ്പെട്ട 17 സെന്റ് സ്ഥലത്ത് കെ റ്റി ഡി സി സ്ഥാപിച്ച സി സി ടീ വി കാമറയും ചുറ്റുമതിലും മുന്നാർ ഗവൺമെന്റ് സ്‌കൂൾ പി റ്റി എ ഭാരവാഹികളും ജനപ്രതിനിധികളും ചേർന്ന് പൊളിച്ച് നീക്കി. സ്ഥലം തങ്ങളുടേതാണെന്നും കെ.റ്റി.ഡി.സി അനധികൃതമായി കൈയടക്കി വച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി സ്‌കൂൾ ഹെഡ്‌മാസ്റ്റർ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.

ഈ സ്ഥലം ബോയ്സ് ഹോസ്റ്റൽ നിർമ്മിക്കുന്നതിനായി മാറ്റിയിട്ടിരിക്കുകയായിരുന്നെന്നും കെ റ്റി ഡി സി അനധികൃതമായി കയ്യേറി നിർമ്മാണം നടത്തിയെന്നുമാണ് സ്‌കൂൾ അധികൃതരുടെ പരാതി. തിങ്കളാഴ്ച ഉച്ചയോടെയാണ് മൂന്നാർ ഗവ.സ്‌കൂൾ പി റ്റി എ കമ്മറ്റി ഭാരവാഹികളും ജനപ്രതിനിധികളുമടങ്ങുന്ന സംഘം വിവാദ സ്ഥലത്തെത്തി അതിർത്തി തിരിച്ചിരുന്ന കരങ്കൽ തൂണുകൾ പിഴുതുമാറ്റിയും കാമറ സ്ഥാപിച്ചിരുന്ന ഇരുമ്പ് പൈപ്പ് മറിച്ചിടുകയും ചെയ്തത്.

മുമ്പും ഈ സ്ഥലം കൃഷിയിറക്കി സ്വന്തമാക്കുവാൻ കെ.റ്റി.ഡി.സി ശ്രമിച്ചിരുന്നെന്നും അന്ന് തങ്ങളുടെ എതിർപ്പ് മൂലമാണ് ഈ നീക്കം വിഫലമായതെന്നുമാണ് സ്‌കൂൾ അധിരുടെ വാദം. റീസർവ്വേ ചെയ്യുന്നതോടെ സ്ഥത്തിന്റെ ഉടമസ്ഥാവകാശം സംമ്പന്ധിച്ചുള്ള തർക്കത്തിന് പരിഹാരമാവുമെന്നും അതുവരെ ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തരുതെന്നും പൊലീസ് കെ.റ്റി.ഡി.സി അധികൃതരോട് നിർദ്ദേശിച്ചിട്ടുണ്ട്.

സ്‌കൂൾ അധികതരോടും പൊലീസ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.എന്നാൽ സ്‌കൂളിലെ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന കൂട്ടികളെ രംഗത്തിറക്കി തർക്കത്തിലിരിക്കുന്ന സ്ഥലം വേലികെട്ടി തിരിക്കുന്നതിന് സ്‌കൂൾ അധികൃതർ രഹസ്യമായി കരുക്കൽ നീക്കുന്നുണ്ടെന്നാണ് ലഭ്യമായ വിവരം.