മൂന്നാർ: രാഷ്ട്രീയ പാർട്ടികളുടെ പ്രവൃത്തികളിൽ വിശ്വാസമില്ലാത്തതിനാൽ ഒരുമുന്നണിക്കും മൂന്നാറിലെ പെമ്പിളൈ ഒരുമൈ പിന്തുണ നൽകില്ല. ഒറ്റയ്ക്ക് മത്സരിച്ച് ശക്തി തെളിയിക്കും. മൂന്നാർ അവകാശപ്പോരാട്ടത്തിൽ മുൻനിരയിൽനിന്ന് നേതൃത്വം നൽകിയവരിൽ പ്രമുഖയായ, പെമ്പിളൈ ഒരുമൈ ട്രേഡ് യൂണിയൻ ജനറൽ സെക്രട്ടറി രാജേശ്വരി  മൂന്നാർ ഉൾപ്പെടുന്ന ദേവികുളം മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നു തൊടുപുഴയിൽ നടന്നു. പെമ്പിളൈ ഒരുമൈയുടെ സ്ഥാനാർത്ഥിത്വം പ്രധാന മുന്നണികൾക്ക് ഭീഷണിയാകും.

സംഘടനയുടെ പ്രസിഡന്റ് ലിസി സണ്ണി പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ഒറ്റയ്ക്ക് മത്സരിച്ച് ലഭിക്കുന്ന വോട്ടുകൾകൊണ്ട് വിജയിക്കാനാകില്ലെന്നാണ് പെമ്പിളൈ ഒരുമൈ നേതാക്കളുടെ വിലയിരുത്തൽ. എന്നാൽ ഏതെങ്കിലുമൊരു മുന്നണി നല്ലൊരു സ്ഥാനാർത്ഥിയെ രംഗത്തിറക്കിയാൽ പിന്തണക്കാമെന്ന കണക്കുകൂട്ടൽ സംഘടനയ്ക്കുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ചെലവുകൾക്ക് പണം കണ്ടെത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്തവും പ്രതിസന്ധിയായിരുന്നു. എന്നാൽ സ്ഥിരം നേതാക്കൾതന്നെ വീണ്ടും മത്സരത്തിനിറങ്ങുകയും സ്വീകാര്യരായ സ്ഥാനാർത്ഥികൾ ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഒറ്റയ്ക്കുതന്നെ മത്സരിക്കാൻ സംഘടന തീരുമാനമെടുക്കുകയായിരുന്നു. രാജേശ്വരിയ കൂടാതെ സംഘടനയുടെ ഭാരവാഹികളായ കൗസല്യ. വേളാങ്കണ്ണി എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. ഇന്ന് രാവിലെയാണ് അന്തിമ തീരുമാനമെടുക്കുക. രാജേശ്വരിതന്നെയായിരിക്കും സ്ഥാനാർത്ഥിയെന്നാണ് റിപ്പോർട്ട്.

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പെമ്പിളൈ ഒരുമൈയുടെ പേരിൽ മത്സരിച്ചു വിജയിച്ച മൂന്ന് അംഗങ്ങളേയും നഷ്ടപ്പെട്ടതിന്റെ വേദന ഇനിയും മാറിയിട്ടില്ല. ദേവികളം ബ്ലോക്ക് പഞ്ചായത്തിലേക്ക് മികച്ച വിജയം നേടിയ ഗോമതി അഗസ്റ്റിൻ ഇപ്പോൾ സി. പി. എമ്മിലാണ്. മാരിയമ്മ, വെള്ളത്തായി എന്നിവർ മൂന്നാർ പഞ്ചായത്തിലേക്ക് വിജയിച്ചിരുന്നു. ആർക്കും ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തിൽ നിർണായകമായ പെമ്പിളൈ ഒരുമൈ അംഗങ്ങൾ കോൺഗ്രസിനെ പിന്തുണച്ചു. എന്നാൽ അംഗങ്ങളെ പിന്നീട് കോൺഗ്രസ് തങ്ങളുടെ വരുതിയിലാക്കിയെന്നാണ് പെമ്പിളൈ ഒരുമൈയുടെ ആക്ഷേപം. പഞ്ചായത്തിലെ വികസനപ്രവർത്തനങ്ങളിൽ പെമ്പിളൈ ഒരുമൈയുടെ അഭിപ്രായങ്ങൾക്കനുസരിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു ധാരണ. എന്നാൽ ഒന്നും നടപ്പായില്ലെന്നു നേതാക്കൾ പറയുന്നു.

തങ്ങളെ സമരത്തിനായി പെരുവഴിയിൽ ഇറക്കിയതിന്റെ പൂർണ ഉത്തരവാദിത്തം പ്രധാന രാഷ്ട്രീയ പാർട്ടികൾക്കുതന്നെയാണെന്നു പെമ്പിളൈ ഒരുമൈ ട്രേഡ് യൂണിയൻ പ്രസിഡന്റ് ലിസി സണ്ണി മറുനാടൻ മലയാളിയോട് പറഞ്ഞു. സമരം പൊളിക്കാനും സമരത്തെ അട്ടിമറിക്കാനും പ്രധാന മുന്നണികൾ ശ്രമിച്ചു. അതൊക്കെ അതിജീവിച്ച് സമരം വിജയിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരുമുന്നണികൾക്കുമെതിരെ ഒറ്റയ്ക്കു മത്സരിച്ചാണ് മൂന്നു സീറ്റുകൾ നേടിയത്. പണവും ഭീഷണിയുംകൊണ്ട് തങ്ങളെ തകർക്കാനാവില്ലെന്നു തെരഞ്ഞെടുപ്പുനേട്ടം വ്യക്തമാക്കുന്നു. പ്രചാരണത്തിന് പണം കണ്ടെത്തുക ശ്രമകരമാണെന്നറിയാം. കാൽനടയായും ബസിൽ സഞ്ചരിച്ചും മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുമെന്നും ലിസി പറഞ്ഞു.

എൽ. ഡി. എഫിന്റെ സിറ്റിങ് സീറ്റായ ദേവികുളം മണ്ഡലത്തിൽ സി. പി. എമ്മിലെ എസ് രാജേന്ദ്രനാണ് വീണ്ടും മത്സരിക്കുന്നത്. ആദ്യം പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ പിൻവലിച്ച് മുൻ എംഎൽഎ കൂടിയായ കെ. പി. സി. സി വൈസ് പ്രസിഡന്റ് എ. കെ മണിയാണ് യു. ഡി. എഫ് വീണ്ടും നിയോഗിച്ചിരിക്കുന്നത്. എൻ. ഡി. എ സ്ഥാനാർത്ഥിയായി എൻ ചന്ദ്രനും എ. ഐ. ഡി. എം. കെ സ്ഥാനാർത്ഥിയായി ധനലക്ഷ്മിയും രംഗത്തുണ്ട്. രാജേന്ദ്രനും മണിയും തമ്മിലാണ് പ്രധാനമത്സരം. നിലവിലെ സാഹചര്യത്തിൽ പെമ്പിളൈ ഒരുമയ്ക്ക് വിജയപ്രതീക്ഷയില്ല. പക്ഷേ, വിജയപരാജയങ്ങൾ നിർണയിക്കുന്നതിൽ അവർ നിർണായകമാകും.