മൂന്നാർ: സെപ്റ്റംബർ രണ്ട്. രാജ്യത്താകെയുള്ള സംഘടിത തൊഴിലാളി വർഗം ഒറ്റക്കെട്ടായി തങ്ങൾ പണിയെടുക്കില്ലെന്ന് പ്രഖ്യാപിച്ച ദിവസം. അധികാര വർഗത്തിന്റെ മർക്കട മുഷ്ടിക്ക് മുകളിൽ പണിയെടുക്കുന്നവന്റെ മുദ്രാവാക്യം അൽർച്ചയായി കേട്ട ദിവസം.

കൊടിയുടെ നിറം മറന്ന് തൊഴിലാളി ഐക്യം ഒന്നായി മൂന്നാറിൽ പ്രകടനം നടത്തി. കേരളത്തിലെമ്പാടുമുള്ള പ്രതിഷേധങ്ങൾ പോലെ മൂന്നാർ ടൗണിലും ട്രേഡ് യൂണിയനുകൾ ഒറ്റക്കെട്ടായാണ് പ്രകടനം നടത്തിയത്.

സി എ കുര്യൻ എന്ന എഐടിയുസി നേതാവ് പ്രകടനത്തിന് സമീപത്തേക്ക് 60 ഓളം വരുന്ന തൊഴിലാളി സ്ത്രീകൾ കടന്ന് വരുന്നത് കണ്ടപ്പോൾ അഭിവാദ്യം ചെയ്യാനെത്തിയതായിരിക്കും എന്നാണ് കരുതിയത്. ആവേശം മൂത്ത് തൊഴിലാളി ഐക്യത്തെ കുറിച്ച് വീണ്ടും വാ തോരാതെ പ്രസംഗിച്ച കുര്യനെന്ന സഖാവിന് മുൻപിലേക്ക് പാഞ്ഞടുത്ത തോട്ടം തൊഴിലാളി സ്ത്രീകൾ തങ്ങളുടെ ബോണസെവിടെ എന്ന് ഉറക്കെ ചോദിച്ചപ്പോഴാണ് കാര്യം അദ്ദേഹത്തിന് ഏതാണ്ട് മനസിലായത്.

പിന്നെ വാക്കേറ്റമായി, ഒടുവിൽ ചില നേതാക്കൾ പിന്തിരിപ്പിക്കാനെത്തിയെങ്കിലും അവർ ബഹളം തുടർന്നു. ഏതാണ്ട് 15 മിനിട്ടോളം അവിടെ വച്ച് തങ്ങളുടെ അവകാശങ്ങൾ നേതാക്കൾക്ക്മുൻപിൽ ഉറക്കെ ചോദിച്ച് തൊഴിലാളികൾ അവിടെ തന്നെ തുടർന്നു. പണിമുടക്കായതിനാൽ ആളുകൾ നന്നേ കുറവായ മൂന്നാർ ടൗണിൽ വലിയ ബഹളമാണ് ഇത് സൃഷ്ടിച്ചതെന്ന് ദൃക്‌സാക്ഷികൾ മറുനാടൻ മലയാളിയോട് പറഞ്ഞു.

സി എ കുര്യനടക്കമുള്ള ട്രേഡ് യൂണിയനുകൾ നേതാക്കൾ തൊഴിലാളി പ്രതിഷേധത്തെ തുടർന്ന് പതിയെ അവിടെ നിന്ന് സ്ഥലം വിട്ടു. പിന്നെയും ഒരുപാട് നേരം അവിടെ തുടർന്ന് നേതാക്കളെ വെല്ലുവിളിച്ചാണത്രെ തോട്ടം തൊഴിലാളികൾ സ്ഥലം വിട്ടത്.

ഇതിന്റെ അലയൊലി വീണ്ടും മൂന്നാറിൽ ഉണ്ടായി. തൊട്ടടുത്ത ദിവസം തന്നെ തങ്ങളെ വഞ്ചിച്ച തൊഴിലാളി സംഘടനകൾക്കെതിരായി പ്രതിഷേധം തോട്ടം തൊഴിലാളികൾ ശക്തമാക്കി. എഐടിയുസി, ഐഎൻടിയുസി ഓഫീസുകളിലേക്ക് മാർച്ച് നടത്തി തങ്ങളെ വഞ്ചിച്ച യൂണിയനുകൾക്കെതിരെ കലാപം പ്രഖ്യാപിക്കുകയായിരുന്നു പിന്നീട്. ഇതും അവിടത്തെ മാദ്ധ്യമങ്ങൾ ഒന്നും തന്നെ കാര്യമായി റിപ്പോർട്ട് ചെയ്തില്ല എന്നാണ് വസ്തുത.

ഇടുക്കിയിലും മൂന്നാറിലും കയ്യേറ്റങ്ങൾ മുതൽ ഉറുമ്പരിച്ചാൽ വരെ ആദ്യമറിയുന്ന ചാനലുകളും തൊഴിലാളികളുടെ വിഷയം മിണ്ടിയില്ല. ചില ചാനലുകളുടെ ഓഫീസുകളിലേക്ക് വിഷയം പറഞ്ഞ് ഫോൺകോളുകൾ പോയെങ്കിലും അവർ മൈൻഡ് ചെയ്യാൻ പോലും തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. ഇതോടെയാണ് കമ്പനിക്കെതിരെ പണിമുടക്കി പ്രതിഷേധം നടത്തുന്ന സ്ത്രീ പോരാളികൾ തങ്ങളുടെ വിപ്ലവം ദേശീയപാതയോരത്തേക്ക് വ്യാപിപ്പിച്ചത്. പ്രക്ഷോഭത്തിന്റെ ആദ്യഘട്ടം മുതൽ തന്നെ മറുനാടൻ മലയാളി ഇക്കാര്യങ്ങളൊക്കെ റിപ്പോർട്ടു ചെയ്തിരുന്നു.

പണിമുടക്കിനെ ഏതു വിധേനെയും നേരിടാമെന്ന് കരുതിയ ടാറ്റ എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്. വർഷങ്ങളായി സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസിയാണ് ഇവിടെ തൊഴിലാളി സംഘടനകളിൽ ശക്തർ. കോൺഗ്രസ്സിന്റെ തൊഴിലാളി വിഭാഗമായ ഐഎൻടിയുസിക്കും കാര്യമായ സ്വാധീനമാണ് തോട്ടം തൊഴിലാളികൾക്കിടയിലുള്ളത്. ഇവർക്ക് പുറകിലായി മാത്രമാണ് തമിഴ് മണക്കുന്ന മൂന്നാറിൽ സിപിഐ(എം) തൊഴിലാളി സംഘടനയായ സിഐടിയുവിന്റെ സ്വാധീനം. വെറും രണ്ട് വർഷം മുൻപാണ് സിഐടിയു തോട്ടം തൊഴിലാളികൾക്കായി യൂണിയൻ രൂപീകരിച്ചത്. എന്നാൽ ഇപ്പോഴും അതിൽ നാമമാത്രമായ തൊഴിലാളികൾക്ക് മാത്രമാണ് അംഗത്വം ഉള്ളത്.

പണി മുടക്കിന്ഏതാണ്ട് മാസങ്ങൾക്ക് മുൻപ് തന്നെ തൊഴിലാളികൾ തങ്ങളുടെ ബോണസുൾപ്പെടെയുള്ള കാര്യങ്ങൾ നേടി തരണമെന്ന് കാണിച്ച് നേതാക്കളെ കണ്ടിരുന്നു. എന്നാൽ അന്നൊക്കെ എല്ലാം തങ്ങൾ മാനെജ്‌മെന്റിനോട് സംസാരിച്ച് നേടിയെടുക്കാമെന്ന് മാത്രമാണത്രെ നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ ഓണത്തിന് പോലും തൊഴിലാളികളുടെ ആവശ്യം പരിഗണിക്കാൻ കമ്പനി തയ്യാറാവാതെ വന്നതോടെയാണ് മാനേജ്‌മെന്റിനും സംഘടനകൾക്കുംഒരു പോലെ എതിരായി തൊഴിലാളിസംഘശക്തി ഉണർന്നത്.

ഇതിനിടെ മൂന്നാറിൽ നിന്ന് പുറത്ത് പോയി പഠിച്ച ചെറുപ്പക്കാരുടെ നേതൃത്വത്തിൽ തൊഴിലാളികളുടെ പേരിൽ നേതാക്കളിൽ ചിലർ വാങ്ങിയെടുത്ത സ്വത്തിന്റേയും വീടുകളുടേയും കണക്കും തൊഴിലാളികൾ ശേഖരിച്ചു. ഇതോടെ ഇവരെല്ലാം തങ്ങളെ ചതിക്കുകയായിരുന്നു എന്ന് തൊഴിലാളികൾക്ക് ബോധ്യമായി. തോട്ടം തൊഴിലാളി കുടുംബമായതിനാൽ മാത്രമാണ് ഇ എസ് ബിജിമോൾക്ക് സമരത്തിൽ ഇരിക്കാനായത്. തൊഴിലാളി സംഘടന നേതാക്കൾക്ക് പലർക്കും ടാറ്റ നൽകിയ വീടുകളുടെ രേഖകളും തൊഴിലാളികളുടെ പക്കലുണ്ട്. എന്നാൽ സമരത്തിന് ഇങ്ങനെ ഒരു സംഘടനാ രൂപം എങ്ങിനെ കൈവന്നു എന്നതിനെ കുറിച്ച് പൊലീസിന് പോലും വ്യക്തമായ ധാരണയില്ല. ഏത് തൊഴിലാളിയോട് ചോദിച്ചാലും നേതാക്കൾക്കും മാനേജ്‌മെന്റിനും എതിരായി മാത്രമേ മറുപടി ലഭിക്കുന്നുള്ളൂ. സംഘടിതമായ ഒരു നേതൃത്വമില്ലാതെ ഇത് എങ്ങിനെ സാധ്യമായി എന്നതിനും ഭരണകൂടത്തിന് ഉത്തരമില്ല. ആരാണ് സമര നേതൃത്വം എന്നതും പൊലീസ് ഇപ്പോഴും അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. രാവിലെ പത്ത് മണിയോടെ വീടുകളിൽ നിന്ന് എത്തുന്ന സ്ത്രീ തൊഴിലാളികൾ വൈകീട്ട് അഞ്ച് മണിയോടെ മാത്രമാണ് തിരികെ വീടുകളിലേക്ക് മടങ്ങുന്നത്.

സ്ത്രീകൾ മാത്രമാണ് സമരത്തിൽ ഉള്ളതെന്നതും ശ്രദ്ധേയമാണ്. ഇവരുടെ ഭർത്താക്കന്മാരും മക്കളും മൂന്നാറിൽ സമരവേദിക്ക് സമീപത്ത് തന്നെയുണ്ടെങ്കിലും ആരും മുന്നണിയിലേക്ക് വരുന്നില്ലെന്നതും ശ്രദ്ധേയമാണ്. സമരത്തിന്റെ മുദ്രാവാക്യം പോലും തമിഴ് നാടൻപാട്ടിന്റെ ശൈലിയിലാണ് തയ്യാറാക്കിയിട്ടുള്ളത്. അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് പോസ്റ്ററുകളും തയ്യാറാക്കിയിട്ടുണ്ട്. എന്തായാലും അറബ് മുന്നേറ്റമായി വന്ന മുല്ലപ്പൂ വിപ്ലവത്തിന്റെ മറ്റൊരു മൂന്നാർ മാതൃകയാണ് ഈ സ്ത്രീ പോരാളികളുടെ ഐതിഹാസിക സമരത്തെ വിലയിരുത്തുന്നത്.