കൊച്ചി: ബലാൽസംഗ കേസിൽ ഒളിവിലായ നടനും നിർമ്മാതാവുമായ വിജയ ബാബുവിന് പിന്തുണയുമായി നടൻ മൂർ. ആരോപണങ്ങൾ സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ല എന്നതാണ് മൂറിന്റെ ന്യായം. അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായി പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാൽ താൻ വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വൺ ചാനലിനോടാണ് പ്രതികരണം.

വിജയ് ബാബുവിനെതിരായ ആരോപണത്തിന്റെ പേരിൽ സിനിമയെ ഒന്നാകെ തള്ളിപ്പറയുന്നത് ശരിയല്ല. തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര അവാർഡ് ഹോം സിനിമയ്ക്ക് വേണ്ടിയും ഇന്ദ്രൻസിന് വേണ്ടിയും സമർപ്പിക്കുന്നെന്നും മൂർ പറഞ്ഞു. അവൾക്കൊപ്പമല്ല അവനൊപ്പമാണ് താനെന്നും മൂർ പറഞ്ഞു.

'ഞാൻ പറയുന്നത്, ഇത് കോടതിയിൽ ഇരിക്കുന്ന കേസാണ്. പക്ഷേ സിനിമക്ക് അങ്ങനെയൊന്നുമില്ല. പ്രൊഡ്യൂസർക്ക് ഒരു പ്രശ്നമുണ്ടെന്ന് കരുതി അതിൽ അഭിനയിച്ച ആൾക്കാരെ തള്ളിക്കളയുന്നതിനോട് എനിക്ക് തീരെ യോജിപ്പില്ല. അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായി പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല. ഏത് പൊട്ടനും മനസിലാവും ഇക്കാര്യങ്ങളൊക്കെ. അതിന്റെ പേരിൽ ഒരു പടത്തിനെ തഴയുന്നതിനോട് യോജിക്കാനാവില്ല.

ഞാൻ അവനൊപ്പമാണ്. അവൾക്കൊപ്പം എന്നത് ട്രെൻഡായി. അവനൊപ്പവും ആൾക്കാര് വേണ്ടേ. ഇതിന്റെ പേരിൽ വിമർശനം ഉണ്ടായിക്കോട്ടെ. എനിക്കെതിരെ മീ ടൂവോ റേപ്പോ എന്ത് വന്നാലും ഞാൻ സഹിക്കും. ആണുങ്ങൾക്കാർക്കും ഒന്നും പറയാൻ പറ്റില്ല. അപ്പോൾ അത് റേപ്പായി, മീ ടൂവായി പ്രശ്നങ്ങളായി. സാമാന്യ ലോജിക്കിൽ ചിന്തിച്ചാൽ മനസിലാവില്ലേ. ഒരു വട്ടം പീഡിപ്പിക്കപ്പെട്ടാൽ അപ്പോൾ തന്നെ പ്രശ്നമാക്കണ്ടേ. എന്തിനാണ് നിരന്തരമായി പീഡിപ്പിക്കപ്പെടാൻ പോയിക്കൊണ്ടിരിക്കുന്നത്,' മൂർ ചോദിച്ചു.

52 ാമത് സംസ്ഥാന ചലച്ചിത്രം പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ മികച്ച സ്വഭാവ നടനായി തെരഞ്ഞെടുക്കപ്പെട്ടത് മൂർ ആണ്. കളയിലെ അഭിനയമാണ് മൂറിനെ അവാർഡിനർഹമാക്കിയത്. കളയിലെ അഭിനയമാണ് മൂറിനെ അവാർഡിനർഹമാക്കിയത്. സംസ്ഥാന അവാർഡ് കിട്ടിയാൽ നിരസിക്കാമെന്ന് കരുതിയിരുന്നതായും എന്നാൽ ഇത്തവണത്തെ അവാർഡ് ആ ഗതിയിലേക്ക് പോയിട്ടുള്ളതായി വിചാരിക്കുന്നില്ലെന്നുമായിരുന്നു മൂറിന്റെ പ്രതികരണം.