- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുപാട് ആഗ്രഹിച്ചാണ് ഉപ്പ ഈ കല്യാണം നടത്തിയത്; എന്നിട്ടും അവിടെ ഞാൻ നേരിടുന്ന കാര്യങ്ങൾ അറിഞ്ഞാൽ ഉപ്പയ്ക്ക് സഹിക്കില്ല എന്നതുകൊണ്ട് പലതും ഞാൻ ഇവിടെ വന്ന് പറഞ്ഞിരുന്നില്ല; ഹീബയുടെ വെളിപ്പെടുത്തലുകൾ ഞെട്ടിപ്പിക്കുന്നത്; മൂസക്കുട്ടിയുടേത് മരുമകന്റെ പീഡനം സഹിക്കവയ്യാതെയുള്ള ആത്മഹത്യ തന്നെ
മലപ്പുറം: വിവരിക്കാനാവാത്ത പീഡനമാണ് ഭർത്താവിന്റെ വീട്ടിൽ താൻ അനുഭവിച്ചതെന്ന് മലപ്പുറത്ത് ആത്മഹത്യ ചെയ്ത അബ്ദുൾ ഹമീദിന്റെ മകൾ ഹിബ. ഒരച്ഛനും സഹിക്കാനാവാത്ത ക്രൂരമായ വാക്കുകളാണ് തന്റെ ഭർത്താവ് അബ്ദുൾ ഹമീദ് പറഞ്ഞതെന്നും ഹിബ പറയുന്നു. കഴിഞ്ഞ മാസം 23നാണ് മൂസക്കുട്ടി തന്റെ വീടിന് സമീപമുള്ള റബ്ബർ തോട്ടത്തിൽ ആത്മഹത്യ ചെയ്യുന്നത്. മകളെ ഭർതൃവീട്ടുകാർ ഉപദ്രവിക്കുന്നതിലുള്ള ദുഃഖം വീഡിയോയായി ചിത്രീകരിച്ച ശേഷമായിരുന്നു ഇദ്ദേഹം ആത്മഹത്യ ചെയ്തത്. അച്ഛന്റെ മരണത്തിന് കാരണം ഭർത്താവാണെന്ന് പറയുകയാണ് മകളും.
2020 ജനുവരി 12നാണ് മൂസക്കുട്ടിയുടെ മകൾ ഹിബയും ഒതായി തെഞ്ചേരി സ്വദേശി അബ്ദുൾ ഹമീദും വിവാഹിതരായത്. അന്നുമുതൽ സ്ത്രീധനം കുറഞ്ഞെന്നു പറഞ്ഞുള്ള പീഡനം താൻ നേരിടേണ്ടി വന്നിരുന്നുവെന്ന് ഹിബ ആരോപിക്കുന്നു. മനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനമാണ് നടന്നതെന്നാണ് ഹീബ പറയുന്നത്. ''മകളെ ഭർത്താവ് അബ്ദുൾ ഹമീദ് ക്രൂരമായി പീഡിപ്പിക്കുന്നു. എന്റെ വേദന കേരളം ഏറ്റെടുക്കണം. പത്ത് പവൻ നൽകാതെ മകളെ വേണ്ടെന്ന് ഭർത്താവ് പറയുന്നു'' എന്നാണ് മൂസക്കുട്ടി ആത്മഹത്യയ്ക്ക് മുമ്പെടുത്ത വീഡിയോവിലുള്ളത്. ഈ കണ്ണുനീർ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഇതിന് പിന്നാലെയാണ് അച്ഛന്റെ ആത്മഹത്യയിൽ വെളിപ്പെടുത്തലുമായി മകളും എത്തുന്നത്. നിങ്ങളുടെ മുറ്റത്ത് റബ്ബർഷീറ്റും മറ്റും കണ്ടപ്പോൾ റബ്ബർതോട്ടമുണ്ടൊന്നൊക്കെ കരുതിയാണ് മകളെ കെട്ടിയതെന്നും അല്ലാതെ മകളെ കണ്ടിട്ടല്ലെന്നുമായിരുന്നു അയാൾ ഉപ്പയോട് പറഞ്ഞത്. എന്നും മാനസികമായും ശാരീരികമായും അയാൾ എന്നെ ഉപദ്രവിക്കുമായിരുന്നു. ക്രൂരമായ മർദ്ദനമാണ് ഭർത്താവിന്റെ വീട്ടിൽ നിന്നും നേരിട്ടതെന്ന് ഹീബ പറയുന്നു. ഹിബയുടെ പരാതിയിൽ നിലമ്പൂർ പൊലീസ് അബ്ദുൾ ഹമീദിനും മാതാപിതാക്കൾക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
ഹീബയുടെ വിശദീകരണം ഇങ്ങനെ
വേലക്കാരിയെപ്പോലെയാണ് എന്നെ കണ്ടത്. അത്രയേറേ ജോലി ചെയ്യിപ്പിച്ചിട്ടുണ്ട്. സ്വർണം ഇത് പോര എന്ന് പറഞ്ഞ് എന്നെ ഇവിടെ കൊണ്ടുവിട്ടു. ഇതോടെ ഉപ്പ ഉമ്മയുടെ കയ്യിലും കഴുത്തിലുമുണ്ടായിരുന്ന സ്വർണം എനിക്ക് ഊരി നൽകി. ഒരാഴ്ചയ്ക്ക് ശേഷം ഞാൻ ഭർത്താവിന്റെ വീട്ടിലേക്ക് പോയി. ആ സ്വർണം അവരെ ഏൽപ്പിച്ചു. എന്നിട്ടും പണ്ടം പോരെന്ന് പറഞ്ഞ് വീണ്ടും ഉപദ്രവം തുടങ്ങി.
പത്ത് പവൻ കൂടി കൊണ്ടുവരണമെന്നായി ആവശ്യം. നിരന്തരമായി ഉപദ്രവമായിരുന്നു. ഒരുപാട് ആഗ്രഹിച്ചാണ് ഉപ്പ ഈ കല്യാണം നടത്തിയത്. എന്നിട്ടും അവിടെ ഞാൻ നേരിടുന്ന കാര്യങ്ങൾ അറിഞ്ഞാൽ ഉപ്പയ്ക്ക് സഹിക്കില്ല എന്നതുകൊണ്ട് പലതും ഞാൻ ഇവിടെ വന്ന് പറഞ്ഞിരുന്നില്ല. ഉറങ്ങാൻ പോലും അവർ സമ്മതിച്ചിരുന്നില്ല. അടിക്കും, മൊട്ടുസൂചി കൊണ്ട് കുത്തും, പിന്നുകൊണ്ട് കുത്തും, എന്നെ ഇരിക്കാനോ കിടക്കാനോ സമ്മതിക്കില്ല.
പ്രസവിച്ചുകിടക്കുമ്പോൾ ഭർത്താവ് ഇവിടെ വന്ന് ഉപ്പയോട് സ്വർണം തന്നത് പോരെന്നും പത്ത് പവൻ കൂടി നൽകാതെ എന്നെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകില്ലെന്നും പറഞ്ഞു. ഒരു കുട്ടി ഉണ്ടായാൽ സന്തോഷിക്കുകയല്ലേ വേണ്ടത് എന്ന് ഉപ്പ പറഞ്ഞപ്പോൾ നിങ്ങൾ എന്താണ് കരുതിയത് നിങ്ങളുടെ മകളെ താത്ക്കാലത്തേക്ക് അഡ്ജസ്റ്റ്മെന്റിന് കൊണ്ടുനടക്കുകയാണെന്നാണ് അയാൾ പറഞ്ഞത്. അത് എന്റെ ഉപ്പയ്ക്ക് താങ്ങാൻ കഴിഞ്ഞില്ല.
പൈസയൊന്നും ഉണ്ടായിട്ടല്ല, എങ്കിലും അത്യാവശ്യം നന്നായി തന്നെയാണ് ഉപ്പ എന്റെ കല്യാണം നടത്തിയത്. തത്ക്കാലത്തേക്ക് കൊണ്ടുനടക്കുകയാണെന്നൊക്കെ കേട്ടപ്പോൾ ഉപ്പയ്ക്ക് അത് താങ്ങാനായില്ല. ഉപ്പയെ അവർ തല്ലാൻ വരെ നോക്കി. 10 പവൻ തന്നില്ലെങ്കിൽ വേറെ ആൾക്ക് കെട്ടിച്ചുകൊടുത്തോ എന്നൊക്കെ പറഞ്ഞാണ് അവർ പോയത്, ഹിബ പറയുന്നു.
വിവാഹ സമയത്തുള്ള 18 പവൻ സ്വർണാഭരണങ്ങൾ പോരെന്ന് പറഞ്ഞപ്പോൾ ആറ് പവൻ വീണ്ടും മൂസക്കുട്ടി നൽകി. അതും പോരെന്നും പത്ത് പവൻ സ്വർണാഭരണങ്ങൾ കൂടി കൊടുത്താലേ പ്രസവിച്ചു കിടക്കുന്ന ഹിബയേയും കുഞ്ഞിനേയും വീട്ടിലേക്ക് കൊണ്ടുപോകുകയുള്ളൂവെന്നും പറഞ്ഞ് അബ്ദുൾ ഹമീദ് ഹിബയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ