മൂവാറ്റുപുഴ: 73 കാരിയായ മാതാവിനെ മർദ്ധിച്ച് കൊലപ്പെടുത്തിയതായി സൂചന. 41 കാരനായ മകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഈസ്റ്റ് മാറാടി കാട്ടാംകോട്ടിൽ പരേതനായ ചാക്കോയുടെ ഭാര്യ അന്നക്കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടാണ് മകൻ ഷിബു ചാക്കോയെ മൂവാറ്റുപുഴ എസ്‌ഐ ജി.പി. മനുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്ന് രാവിലെ കസ്റ്റഡിയിൽ എടുത്തത്.

കഴിഞ്ഞമാസം 29-നാണ് അന്നക്കുട്ടി മരണമടഞ്ഞത്. അവശയായി കാണപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ മതാവ് മരണപ്പെടുകയായിരുന്നെന്നാണ് ഷിബു പൊലീസിൽ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ഇത് ശരിയല്ലന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ഈ മാസം ഒന്നിന് അന്നക്കുട്ടി എഴുതിയ കത്ത് മൂവാറ്റുപുഴ ഡിവൈഎസ്‌പി കെ. ബിജുമോന് ലഭിച്ചതാണ് മകനെതിരെ സംശയം ഉയരാൻ കാരണമായത്.

മരണത്തോട്ടുത്ത ദിവസം എഴുതിയതെന്ന് കരുതപ്പെടുന്ന കത്തിൽ മകൻ തന്നെ ക്രൂരമായി മർദ്ദിക്കുന്നതായി അന്ന കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. കുനിച്ച് നിർത്തി പുറത്തിടിച്ചത് കത്തിൽ എടുത്ത് പറഞ്ഞിരുന്നു. ഈ കത്ത് ഡിവൈഎസ്‌പി തുടരന്വേഷണത്തിനായി എസ്‌ഐയ്ക്ക് കൈമാറുകയായിരുന്നു. എസ്‌ഐ ഈ മാസം 3 -ന് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് അന്നക്കുട്ടി മരണമടഞ്ഞെന്നും ഈസ്റ്റ് മാറാടി സെന്റ് ജോർജ്ജ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ മൃതദ്ദേഹം അടക്കം ചെയ്തതായും വ്യക്തമായത്.തുടർന്ന് മകൻ ഷിബുവിനോട് കത്തിലെ കാര്യങ്ങളേ കുറിച്ച് പൊലീസ് നിരവധി തവണ ചോദിച്ചെങ്കിലും എല്ലാം നിഷേധിക്കുകയായിരുന്നു.

വീടിന്റെ പരിസരങ്ങളിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഷിബു മാതാവിനെ ഉപദ്രവിച്ചിരുന്നതായി സൂചനകൾ ലഭിച്ചു. തന്റെ വിവാഹം നടക്കാത്തതിന് കാരണം മാതാവാണെന്ന് ഇയാൾ പലരോടും വെളിപ്പെടുത്തിയിരുന്നു. കത്തിൽ പറഞ്ഞിട്ടുള്ള വസ്തുതകളിൽ വ്യക്തത വരുത്തുന്നതിനായി മൃതദ്ദേഹം കല്ലറയിൽ നിന്നും പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്താൻ പൊലീസ് തീരുമാനിക്കുകയായിരുന്നു.

ഇന്ന് രാവിലെ കല്ലറയിൽ നിന്നും പുറത്തെടുത്ത മൃതദ്ദേഹം പൊലീസ് സർജ്ജൻ പോസ്റ്റുമോർട്ടം നടത്തിയതോടെയാണ് അരുംകൊലയുടെ ചുരുൾ നിവർന്നത്. അന്നക്കുട്ടിയുടെ നാല് വാരിയെല്ലുകൾ ഒടിഞ്ഞി നിലയിലായിരുന്നു. മർദ്ധനമേറ്റതിനേത്തുടർന്നാണ് വാരിയെല്ലുകൾ ഒടിഞ്ഞതെന്നാണ് പൊലീസ് സർജ്ജന്റെ നിഗമനം. ഇക്കാര്യം ഇദ്ദേഹം പൊലീസിന് കൈമാറിയതോടെയാണ് മകൻ ഷിബുവിനേ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷമേ കൊലപാതകം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാവു എന്നാണ് പൊലീസ് നൽകുന്ന വിവരം.അന്ന കുട്ടിയുടെ മൂത്ത മകൻ പത്ത് വർഷം മുബ് മരണമടഞ്ഞിരുന്നു. മകളെ വിവാഹം കഴിപ്പിച്ചയക്കുകയും ചെയ്തതോടെ ഷിബുവും അന്നക്കുട്ടിയും മാത്രമായി. ഇതേത്തുടർന്ന് ഇവരുടെ വീട്ടിലേ കാര്യങ്ങൾ പുറത്തറിയാറുമില്ല. ഇതാണ് ഷിബുവിന്റെ ക്രൂരതകൾ പുറത്തറിയാതിരിക്കാൻ കാരണമെന്നാണ് പൊലീസിന് ലഭിച്ച സൂചന.