മൂവാറ്റുപുഴ: ഒപ്പം താമസിച്ചിരുന്ന 73 കാരിയായ മാതാവ് മരണപ്പെട്ടത് ക്രൂരമായ മർദ്ധനത്തിൽ പരിക്കേറ്റെന്ന് പോസ്്റ്റുമോർട്ടം റിപ്പോർട്ട്. ചോദ്യം ചെയ്യലിൽ ഉരുണ്ടുകളിച്ച 41 കാരനും അവിവിവാഹിതനുമായ മകനെ'ലാസ്റ്റ് സീൻ തിയറി'യിൽ കുരുക്കി പൊലീസ് അകത്താക്കി. ഈസ്റ്റ് മാറാടി കാട്ടാംകോട്ടിൽ പരേതനായ ചാക്കോയുടെ ഭാര്യ അന്നക്കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടാണ് മകൻ ഷിബു ചാക്കോയെ( 41) കൊലപാതകേസുകളിലും മറ്റും പൊലീസ് ഉപയോഗിക്കുന്ന എവിടൻസ് ആക്ടിലെ ലാസ്റ്റ് സീൻ തിയറി പ്രകാരം മൂവാറ്റുപുഴ പൊലീസ് അഴിക്കുള്ളിലെത്തിച്ചത്. എസ് ഐ ജി പി മനുരാജിന്റെ നേതൃത്വത്തിലായിരുന്നു ആദ്യഘട്ടത്തിൽ കേസന്വേഷണം.പിന്നീട് ഇത് സംബന്ധിച്ചുള്ള അന്വേഷണം സി ഐ ജയകുമാർ ഏറ്റെടുക്കുകയായിരുന്നു.സി ഐ യുടെ നേതൃത്വത്തിലാണിപ്പോൾ കേസ് നടപടികൾ പുരോഗമിക്കുന്നത്.

രണ്ട് വ്യക്തികൾ തമ്മിൽ ഒരുസമയം കാണുകയും അടുത്ത സമയത്ത് ഇവരിൽ ഒരാൾക്ക് ആപത്ത് നേരിടുകയോ മരണപ്പെടുകയോ ചെയ്താൽ മറ്റേയാൾ ഇത് സംമ്പന്ധിച്ച് കൃത്യമായ വിവരം നൽകാൻ ബാദ്ധ്യസ്ഥനാണെന്നും ഇല്ലാത്ത പക്ഷം ഇയാളെ കുറ്റകൃത്യവുമായി അടുത്ത ബന്ധമുണ്ടെന്നുള്ള പരിഗണനയിൽ കേസിൽ പ്രതിയാക്കാമെന്നുമാണ് ലാസ്റ്റ് സീൻ തിയറി നിയമത്തിന്റെ നിർവ്വജനമെന്ന് ജിഷകൊലക്കേസിൽ പ്രതി അമിറുൾ ഇസ്ലാമിന് വേണ്ടി വാദിക്കാൻ സർക്കാർ നിയമിച്ച അഡ്വ. രാജൻ വ്യക്തമാക്കി.

അന്നകുട്ടിയുടെ മൂത്തമകൻ പത്ത് വർഷം മുമ്പ് മരണമടഞ്ഞിരുന്നു. മകളെ വിവാഹം കഴിപ്പിച്ചയക്കുകയും ചെയ്തതോടെ വീട്ടിൽ ഷിബുവും അന്നക്കുട്ടിയും മാത്രമായി. ഈയവസരത്തിലാണ് അന്നക്കുട്ടി വാരിയെല്ലിന് പരിക്കേറ്റ് മരണപ്പെട്ടിട്ടുള്ളത്. ചോദ്യം ചെയ്യലിൽ താൻ ഉറങ്ങുകയായിരുന്നെന്നും മരണത്തിൽ തനിക്ക് പങ്കില്ലന്നും ഷിബു ആവർത്തിച്ച്് വ്യക്തമാക്കിയതോടെയാണ് ഇയാളുടെമേൽ ഈ വകുപ്പ് പ്രയോഗിക്കാൻ അന്വേഷക സംഘം തീരുമാനിച്ചത്.

കഴിഞ്ഞമാസം 29-നാണ് അന്നകുട്ടി മരണമടഞ്ഞത്. അവശയായി കാണപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ മതാവ് മരണപ്പെടുകയായിരുന്നെന്നാണ് ഷിബു പൊലീസിൽ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ഇത് ശരിയല്ലന്നാണ് പൊലീസ് ഇടപെടലുകളിൽ നിന്നും വ്യക്തമായി. ഈ മാസം 1-ന് അന്നക്കുട്ടി എഴുതിയ കത്ത് മൂവാറ്റുപുഴ ഡിവൈഎസ്‌പി കെ ബിജുമോന് ലഭിച്ചതാണ് മകനെതിരെ സംശയം ഉയരാൻ കാരണമായത്.

മരണത്തോട്ടുത്ത ദിവസം എഴുതിയതെന്ന് കരുതപ്പെടുന്ന കത്തിൽ മകൻ തന്നെ ക്രൂരമായി മർദ്ദിക്കുന്നതായി അന്ന കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. കുനിച്ച് നിർത്തി പുറത്തിടിച്ചത് കത്തിൽ എടുത്ത് പറഞ്ഞിരുന്നു. ഈ കത്ത് ഡി വൈ എസ് പി തുടരന്വേഷണത്തിനായി എസ് ഐയ്ക്ക് കൈമാറുകയായിരുന്നു. എസ്.ഐ ഈ മാസം 3 -ന് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് അന്നക്കുട്ടി മരണമടഞ്ഞെന്നും ഈസ്റ്റ് മാറാടി സെന്റ് ജോർജ്ജ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ മൃതദ്ദേഹം അടക്കം ചെയ്തതായും വ്യക്തമായത്.തുടർന്ന് മകൻ ഷിബുവിനോട് കത്തിലെ കാര്യങ്ങളേ കുറിച്ച് പൊലീസ് നിരവധി തവണ ചോദിച്ചെങ്കിലും എല്ലാം നിഷേധിക്കുകയായിരുന്നു.

വീടിന്റെ പരിസരങ്ങളിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഷിബു മാതാവിനെ ഉപദ്രവിച്ചിരുന്നതായി സൂചനകൾ ലഭിച്ചു. തന്റെ വിവാഹം നടക്കാത്തതിന് കാരണം മാതാവാണെന്ന് ഇയാൾ പലരോടും വെളിപ്പെടുത്തിയിരുന്നു.കത്തിൽ പറഞ്ഞിട്ടുള്ള വസ്തുതകളിൽ വ്യക്തത വരുത്തുന്നതിനായി മൃതദ്ദേഹം കല്ലറയിൽ നിന്നും പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്താൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കല്ലറയിൽ നിന്നും പുറത്തെടുത്ത മൃതദ്ദേഹം പൊലീസ് സർജ്ജൻ പോസ്റ്റുമോർട്ടം നടത്തിയതോടെയാണ് അരുംകൊലയുടെ ചുരുൾ നിവർന്നത്.

അന്നക്കുട്ടിയുടെ നാല് വാരിയെല്ലുകൾ ചവിട്ടേറ്റിട്ടെന്ന പോലെ ഒടിഞ്ഞി നിലയിലായിരുന്നു. മർദ്ധനമേറ്റതിനേത്തുടർന്നാണ് വാരിയെല്ലുകൾ ഒടിഞ്ഞതെന്നാണ് പൊലീസ് സർജ്ജന്റെ നിഗമനം. ഇക്കാര്യം ഇദ്ദേഹം പൊലീസിന് കൈമാറിയതോടെയാണ് മകൻ ഷിബുവിനേ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വീട്ടിൽ ഷിബുവും അന്നക്കുട്ടിയും മാത്രമായിരുന്നതിനാലാണ് മാതാവിനോടുള്ള ഷിബുവിന്റെ ക്രൂരതകൾ പുറത്തറിയാതെ പോയതെന്നാണ് പൊലീസിന് ലഭിച്ച സൂചന.