തിരുവനന്തപുരം: ഇടത് മുന്നണിയിലെ അന്തരിച്ച നേതാക്കളുടേയും അവരുടെ ആശ്രിതരുടെയുമൊക്കെ വായ്പാക്കുടിശികകൾ സർക്കാർ ഖജനാവിൽ നിന്ന് എടുത്തു നൽകുന്ന സർക്കാരാണ് മൂവാറ്റുപുഴ പേഴയ്ക്കാ പള്ളി വലിയപറമ്പിൽ അജേഷിന്റെയും മഞ്ജുവിന്റെയും 10, 7, 5 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെ ജപ്തി നടപടികളുടെ ഭാഗമായി വീട്ടിൽ നിന്ന് ഇറക്കി വിട്ടത്. എം എൽ എ മാത്യു കുഴൽനാടൻ പൂട്ട് പൊളിച്ച് കുട്ടികളെ വീട്ടിലാക്കിയ സംഭവം മനസാക്ഷിയെ പിടിച്ചുലച്ച സംഭവമായിരുന്നു. ഹൃദ് രോഗബാധിതനായ അജേഷ് എറണാകുളം ജനറൽ ആശുപത്രിയിൽ ഭാര്യയോടൊപ്പമായിരുന്നു. മാതാപിതാക്കളില്ലാത്ത നേരത്താണ് സി പി എം നിയന്ത്രണത്തിലുള്ള ബാങ്കധികൃതർ ഈ കടുംകൈ കുട്ടികളോട് ചെയ്തത്.

ചെങ്ങന്നൂർ മുൻ എംഎൽഎയും സിപിഎം നേതാവുമായിരുന്ന കെ കെ രാമചന്ദ്രൻ 2018 ജനുവരിയിൽ ക്യാൻസർ ബാധിച്ചു മരിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ സ്വർണ വായ്പകൾ ഉൾപ്പടെയുള്ള കുടിശിക തീർക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം അനുവദിച്ചിരുന്നു. അതേസർക്കാരാണ് മൂവാറ്റുപുഴയിലെ ദലിത് കുടുംബത്തിലെ കുഞ്ഞുങ്ങളെ വായ്പാ കുടിശ്ശികയുടെ പേരിൽ വീട്ടിൽ നിന്ന് ഇറക്കി വിട്ടു ജപ്തി നടപ്പാക്കിയത്.

കെ. കെ.രാമചന്ദ്രൻ നായർ നിയമസഭയിൽ നിന്നും വിവിധ ബാങ്കുകളിൽനിന്നും എടുത്ത വായ്പയുടെ കുടിശികയായ 8,66,697 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നടച്ചത്. ഇതിനും പുറമേ രാമചന്ദ്രൻ നായരുടെ മകന് കെ എസ് ഇ ബി യിൽ നിയമനവും നൽകി. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നു സ്വർണ വായ്പ എടുത്തതും വീടു നിർമ്മാണ സാമഗ്രികൾ വാങ്ങിയ ഇനത്തിലും കൊടുക്കാനുണ്ടായിരുന്ന കുടിശികളെല്ലാം തന്നെ സർക്കാർ അടച്ചുതീർത്തു. സംസ്ഥാനത്ത് ആദ്യമായിട്ടാണ് അന്തരിച്ച ഒരു ജനപ്രതിനിധിയുടെ സ്വകാര്യ വായ്പ കുടിശിക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണമെടുത്തുകൊടുക്കുന്നത്.

സമാനമായ രീതിയിലാണ് എൻസിപി നേതാവ് ഉഴവൂർ വിജയൻ അന്തരിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ മക്കളുടെ പീനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചു. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയ പൊലീസ് വാഹനം മറിഞ്ഞ് കൊല്ലപ്പെട്ട പൊലീസുകാരന്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയിൽ നിന്ന് 20 ലക്ഷം രൂപ അനുവദിച്ചു. ഈ മൂന്ന് സംഭവങ്ങളും ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടന്നതാണ്. ദുരിതാശ്വാസ നിധിയിൽ നിന്ന് അനധികൃതമായി പണം അനുവദിച്ചതിനെതിരെ ലോകായുക്തയിൽ മുഖ്യമന്ത്രിയെ പ്രതിയാക്കി കേസ് നടക്കയാണ്.

അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുംബങ്ങളെ സഹായിക്കാൻ ദുരിതാശ്വാസ നിധിയിൽ നിന്നും പണം വകമാറ്റിയെന്നതാണ് ലോകായുക്തയിലെ കേസിനാധാരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണത്തിന്റെ ഉപയോഗത്തിന് മുഖ്യമന്ത്രിക്ക് വിവേചന അധികാരമുണ്ടെന്നാണ് സർക്കാർ നിലപാട്. അതേസമയം കുട്ടികളെ പെരുവഴിയിൽ ഇറക്കി വിട്ടുള്ള ജപ്തി നടപടി വിവാദമാകുമ്പോഴും ന്യായീകരിക്കുന്ന നിലപാടാണ് കേരളാ ബാങ്ക് ചെയർമാൻ കൂടിയായ സിപിഎം നേതാവ് ഗോപി കോട്ടമുറിക്കൽ സ്വീകരിക്കുന്നത്.

നടപടി അപ്രതീക്ഷിതമല്ലെന്നും സാധാരണ എപ്പോൾ ചെന്നാലും അവിടെ ആളുണ്ടാവാറില്ലെന്നും ബാങ്ക് ഭാരവാഹി കൂടിയായ ഗോപി വിശദമാക്കി. കുട്ടികളെ ആരും പുറത്താക്കിയിട്ടില്ല. അമ്മയുടെ വീട്ടിലേക്ക് അവർ പോവുകയാണ് ഉണ്ടായത്. കുടുംബം തിരിച്ചടയ്ക്കാനുള്ള തുക പിരിച്ചെടുത്ത് ബാങ്കിൽ അടയ്ക്കുകയായിരുന്നു മാത്യു കുഴൽനാടൻ എംഎൽഎ ചെയ്യേണ്ടിയിരുന്നത്. പിതാവ് ആശുപത്രിയിലാണെന്ന് അറിയിച്ചിരുന്നെങ്കിൽ ജപ്തി തൽക്കാലം ഒഴിവാക്കിയേനെയെന്നും ഗോപി കോട്ടമുറിക്കൽ പറയുന്നു.

ചെറിയ വായ്പക്കാർക്ക് വായ്പ കൊടുക്കില്ലെന്ന് പറയാനാകില്ല. തിരിച്ചടവ് മുടങ്ങുമ്പോൾ അതിന്റേതായ സമയം എടുത്താണ് ജപ്തി നടപടികൾ സ്വീകരിക്കുന്നത്. അപ്രതീക്ഷിത നടപടിയല്ലിത്. പൊലീസ് സംരക്ഷണത്തോടുകൂടി നടപടികൾ സ്വീകരിക്കാമെന്ന് കോടതി ഉത്തരവുണ്ട്. ജപ്തിക്കു ചെന്നപ്പോൾ കുട്ടികളോട് ആവശ്യമുള്ളത് എടുക്കാൻ നിർദ്ദേശിച്ചു. പഠനസംബന്ധമായ കാര്യങ്ങൾ അവർ പുറത്തെടുത്ത് ബെഞ്ചിൽ വച്ചു. നടപടികൾ പൂർത്തിയാക്കി ബാങ്ക് ജീവനക്കാർ തിരിച്ചുപോയി. അതിനുശേഷം വൈകിട്ടാണ് എംഎൽഎയും മറ്റുള്ളവരും എത്തി പ്രശ്‌നങ്ങൾ സൃഷ്ടിച്ചത് അദ്ദേഹം പറഞ്ഞു.

വലിയപറമ്പിൽ അജേഷിന്റെയും മഞ്ജുവിന്റെയും 10, 7, 5 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെയാണ് ജപ്തി നടപടികളുടെ ഭാഗമായി വീട്ടിൽനിന്ന് ഇറക്കി വിട്ടത്. രണ്ടുപേർ ഇരട്ടപ്പെൺകുട്ടികളാണ്. ഒന്നര ലക്ഷം രൂപയോളം ബാങ്കിൽ വായ്പ കുടിശിക ആയതിന്റെ പേരിലാണ് ഇടതു ഭരണസമിതി ഭരിക്കുന്ന ബാങ്കിന്റെ നടപടിയെന്ന് അയൽവാസികൾ പറഞ്ഞു.