മൂവാറ്റുപുഴ:അവിഹിത ബന്ധം ഭാര്യയോട് വെളിപ്പെടുത്തിയതിന് 52 കാരനും സുഹൃത്തുക്കളും ചേർന്ന് കാമുകിയുടെ ഭർത്താവിനെ തല്ലിക്കൊന്നു.തൃക്കാരിയൂർ കുന്നയ്ക്കൽ ബിനോയി(45)ആണ് മരണമടഞ്ഞത്.ഇന്നലെ വൈകിട്ട് 6 മണിയോടെ മൂവാറ്റുപുഴ പണ്ടപ്പിള്ളി മുല്ലപ്പിള്ളി കനാലിന് സമീപം അവശനിലയിൽ കണ്ടെത്തിയ ഇയാളെ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും താമസിയാതെ മരണമടഞ്ഞു.

സംഭവത്തോടനുബന്ധിച്ച് പണ്ടപ്പിള്ളീൽ അച്ചക്കോട്ടിൽ ജയൻ(52),ഇയാളുടെ സുഹൃത്തുക്കളായ വടക്കേക്കര മാത്യു ഐസക് (35),പൈകയിൽ ടോമി (53) എന്നിവരെ മൂവാറ്റുപുഴ എസ് ഐ ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു.ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.മൃഗീയമായ മർദ്ദനം ഏറ്റുവാങ്ങിയാണ് ബിനോയി ജീവൻ വെടിഞ്ഞതെന്നാണ് മരിക്കുന്നതിന് തൊട്ടുമുമ്പ് ഇയാളെ ആശുപത്രിയിൽ എത്തിച്ച പൊലീസ് സംഘം നൽകുന്ന സൂചന.കസ്റ്റഡിയിലായ ജയന്റെ വെളിപ്പെടുത്തലും ഇക്കാര്യം ശരിവയ്ക്കുന്നതാണ്.

കോതമംഗലത്ത് തൃക്കാരിയൂരിൽ താമസിച്ചുവരുന്ന തന്റെ ഭാര്യയും ജയനും തമ്മിലുള്ള ബന്ധം ബിനോയി ഒരുമാസം മുമ്പ് ജയന്റെ ഭാര്യയെ അറിയിച്ചിരുന്നെന്നും ഇതിന്റെ വൈരാഗ്യത്താലാണ് ഇവർ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി ഇയാളെ കെലപ്പെടുത്തിയതെന്നുമാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.

നേരിൽ കണ്ട് ചിലകാര്യങ്ങൾ സംസാരി്ക്കണമെന്നും വീട്ടിലേക്ക് വരുന്നുണ്ടെന്നും ഇന്നലെ വൈകിട്ട് ബിനോയി, ജയനെ വിളിച്ച് അറിയിച്ചിരുന്നെന്നു. ഈ സമയം ഇരുവരും തമ്മിലുള്ള സംസാരം വാദപ്രതിവാദത്തിന് കാരണമായിരുന്നെന്നും ഇതിന് പിന്നാലെ ജയൻ വീട്ടിൽ നിന്നും ബൊലീറോ ജീപ്പുമായി ഇറങ്ങിയെന്നും ഇയാളുടെ ഭാര്യ പൊലീസിനെ ധരിപ്പിച്ചതായിട്ടാണ് സൂചന.

മൂവാറ്റുപുഴയിലേയ്ക്കുള്ള യാത്രയ്ക്കിടെ ജയൻ ബിനോയിയെ കണ്ടെത്തി, സുഹൃത്തുക്കളുടെ സഹായത്തോടെ വാഹനത്തിൽ കയറ്റി ആളൊഴിഞ്ഞ പണ്ടപ്പിള്ളി ഭാഗത്തെത്തിച്ച് പ്രതികാരം തീർക്കുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
ജയൻ മദ്യപിച്ചിരുന്നില്ല.എന്നാൽ കസ്റ്റഡിയിലുള്ള മറ്റ് രണ്ടുപേരും നന്നായി മദ്യപിച്ച നിലയിലായിരുന്നു.വാഹനത്തിൽ നിന്നും 30 മീറ്ററോളം ദൂരം അവശനായ ബിനോയിയെ ഇവർ വലിച്ചിഴച്ചുകൊണ്ടുപോയി നിലത്തിട്ട് ചവിട്ടിക്കൂട്ടുകയായിരുന്നു.ബിനോയിയുടെ തലയിൽ മാരകമായി മുറിവേറ്റിരുന്നു.താൻ പത്തലിന് ബിനോയിയെ തല്ലിയതായി ജയൻ പൊലീസിനോട് സമ്മതിച്ചു.

ഒരാളെ വാഹനത്തിൽ നിന്നും പുറത്തേയ്ക്ക് തള്ളിയിട്ട് വലിച്ചിഴച്ച് കൊണ്ടുപോകുന്നത് കണ്ടുവെന്ന് ഇതുവഴിയെത്തിയ നാട്ടുകാരിലൊരാൾ വിളിച്ചറിയിച്ചതോടെയാണ് പൊലീസ് വിവരം അറിയുന്നത് .തുടർന്നാണ് പൊലീസെത്തി ബിനോയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇതിനിടെ തന്നെ ആക്രമിച്ചവരെക്കുറിച്ച് ബിനോയി പൊലീസിന് വിവരം നൽകിയിരുന്നു. ഇതേത്തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലാണ് രാത്രിയിൽ തന്നേ പ്രതികൾ വലയിലായത്.സംഭവം സംമ്പന്ധിച്ച് വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സി ഐ ജയകുമാർ അറിയിച്ചു.രാവിലെ ഇൻക്വസ്റ്റ് നടപടികൾആരംഭിച്ചിട്ടുണ്ട് .മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.