- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വാരിയംകുന്നനും അലി മുസലിയാരും സ്വാതന്ത്ര്യസമര സേനാനികളല്ല; മലബാർ കലാപത്തിന്റെ ലക്ഷ്യം ഖിലാഫത്ത് സൃഷ്ടിക്കാനും ശരിഅത്ത് നടപ്പാക്കാനും; മുദ്രാവാക്യം ബ്രിട്ടീഷ് വിരുദ്ധമല്ലെന്നും കണ്ടെത്തൽ; സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്ന് 387 മാപ്പിള കലാപകാരികളെ നീക്കം ചെയ്യാൻ ഐസിഎച്ച്ആർ
ന്യൂഡൽഹി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, അലി മുസലിയാർ അടക്കം മലബാർ കലാപത്തിലെ 387 രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്യും. ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് (ഐസിഎച്ച്ആർ) പുറത്തുവിട്ട നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തിലെ എൻട്രികൾ അവലോകനം ചെയ്ത മൂന്നംഗ പാനൽ 1921 ലെ കലാപം സ്വതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്ന് കണ്ടെത്തിയതായും നിഘണ്ടുവിൽ നിന്നും നീക്കം ചെയ്യാൻ ശുപാർശ ചെയ്തതായുമാണ് റിപ്പോർട്ടുകൾ. മതപരിവർത്തനത്തിന് ഊന്നൽ നൽകിയ ഒരു മൗലികവാദ മുന്നേറ്റമായിരുന്നു കലാപം. കലാപകാരികൾ ഉയർത്തിയ മുദ്രാവാക്യങ്ങളൊന്നും ദേശീയതയ്ക്ക് അനുകൂലവും ഉള്ളടക്കത്തിൽ ബ്രിട്ടീഷ് വിരുദ്ധവുമല്ല- പാനൽ ചൂണ്ടിക്കാട്ടുന്നു.
കലാപത്തിന്റെ 100-ാം വാർഷികം ആചരിക്കുന്ന വേളയിലാണ് ഇത്തരമൊരു കണ്ടെത്തൽ എന്നതാണ് പ്രത്യേകത. മലബാർ കലാപത്തിന്റെ ഇരകളെ അനുസ്മരിക്കുന്ന യോഗത്തിൽ ആർഎസ്എസ് നേതാവ് രാം മാധവ്, ഇന്ത്യയിലെ താലിബാൻ മനോഭാവത്തിന്റെ ആദ്യ പ്രകടനങ്ങളിലൊന്നാണ് 1921 ലെ കലാപമെന്ന് പ്രസ്താവിച്ചിരുന്നു. എന്നാൽ ബ്രിട്ടീഷുകാരോട് മാപ്പുപറയാൻ വിസമ്മതിക്കുകയും മക്കയിലേക്ക് നാടുകടത്തപ്പെടുന്നതിനെ തുടർന്ന് രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത യോദ്ധാവ് എന്നാണ് നിയമസഭാസ്പീക്കർ എംബി രാജേഷ് വാരിയംകുന്നനെ വിശേഷിപ്പിച്ചത്.
കഴിഞ്ഞ വർഷം നടൻ പൃഥ്വിരാജിനെ മുഖ്യകഥാപാത്രമാക്കി പ്രഖ്യാപിച്ച വാരിയൻകുന്നൻ എന്ന സിനിമയ്ക്കെതിരെ സംഘപരിവാർ സംഘടനകൾ രംഗത്ത് വന്നിരുന്നു. ഇരുവിഭാഗങ്ങളും നിലപാടുകളിൽ ഉറച്ചുനിന്നതോടെ വലിയ വിവാദങ്ങൾക്കാണ് അന്ന് തിരികൊളുത്തപ്പെട്ടത്. ഒരു കലാപകാരിയെ വെള്ളപൂശാനുള്ള ശ്രമമായാണ് സംഘപരിവാർ ആ സിനിമയെ വിശേഷിപ്പിച്ചത്.
കലാപം ഒരു ഖിലാഫത്ത് സ്ഥാപിക്കാനുള്ള ശ്രമമാണെന്ന് പാനൽ റിപ്പോർട്ടിൽ പരാമർശിക്കുന്നതായാണ് സൂചന. ആ ശ്രമം വിജയിച്ചിരുന്നെങ്കിൽ മലബാറിലും പരിസര പ്രദേശങ്ങളിലും ഒരു ഖിലാഫത്ത് സ്ഥാപിക്കപ്പെടുമായിരുന്നു. അതിന്റെ ഭാഗമായി ആ പ്രദേശം സ്വതന്ത്ര ഇന്ത്യക്ക് നഷ്ടപ്പെടുമായിരുന്നെന്നും ഐസിഎച്ച്ആർ വൃത്തങ്ങൾ സൂചിപ്പിച്ചു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഒരു ശരീഅത്ത് കോടതി സ്ഥാപിക്കുകയും ധാരാളം ഹിന്ദുക്കളുടെ ശിരഛേദം ചെയ്യുകയും ചെയ്ത കലാപകാരിയാണെന്ന് പാനൽ നിരീക്ഷിച്ചു. മതേതര മുസ്ലീങ്ങളെ പോലും കലാപകാരികൾ വെറുതെ വിട്ടില്ല. കലാപകാരികളാൽ അന്ന് മരിച്ചവരിലേറെയും അമുസ്ലീങ്ങളായിരുന്നു. മാത്രമല്ല വിചാരണയ്ക്ക് വിധേയരായ തടവുകാരായ 'മാപ്പിള കലാപകാരികൾ' കോളറ പോലുള്ള പകർച്ചവ്യാധികൾ പിടിപെട്ടാണ് മരണമടഞ്ഞത്. അതിനാൽ അവരെ രക്തസാക്ഷികളായി കണക്കാക്കാനാവില്ല. അവരിൽ വിരലിലെണ്ണാവുന്നവരെ മാത്രമാണ് കോടതി വിചാരണയ്ക്ക് ശേഷം സർക്കാർ വധശിക്ഷയ്ക്ക് വിധേയരാക്കിയത്.
പാനലിന്റെ ശുപാർശ പ്രകാരം സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടിക പരിഷ്കരിക്കുമെന്നും ഒക്ടോബർ അവസാനത്തോടെ നിഘണ്ടു പുറത്തിറക്കുമെന്നും ഐസിഎച്ച്ആർ ഡയറക്ടർ (റിസർച്ച് ആൻഡ് അഡ്മിനിസ്ട്രേഷൻ) ഓം ജീ ഉപാധ്യായ് അറിയിച്ചു.