- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയാണെന്ന് തെളിയിക്കുന്ന രേഖ ചോദിച്ച് ഷംലയേയും മകനേയും ആക്രമിച്ച് സദാചാര ഗുണ്ട; കൈ തല്ലി ഒടിക്കുന്നത് കണ്ടിട്ടും മിണ്ടാതെ നിന്ന നാട്ടുകാർ; പരവൂർ തെക്കുംഭാഗം ബീച്ചിലെത്തിയ അമ്മയ്ക്കും മകനും നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ആക്രമണം
കൊല്ലം: പരവൂർ തെക്കുംഭാഗം ബീച്ചിലെത്തിയ അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടയുടെ ആക്രമണം. എഴുകോൺ ചീരങ്കാവ് സ്വദേശികളായ കണ്ണങ്കര തെക്കതിൽ ഷംല (44), മകൻ സാലു (23) എന്നിവർക്കു നേരെയാണ് ആക്രമണം ഉണ്ടായത്. തിങ്കളാഴ്‌ച്ച വൈകിട്ട് മൂന്നരയ്ക്കാണ് സംഭവം.
ഷംലയുടെ ചികിത്സയുടെ ആവശ്യത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോയി തിരികെ മടങ്ങുന്ന വഴിയായിരുന്നു ആക്രമണം. അതിക്രൂരമായ ആക്രമണമാണ് നടന്നത്. ഭക്ഷണം കഴിക്കാനാണ് തെക്കുംഭാഗം ബീച്ചലെ റോഡരികിൽ വാഹനം നിർത്തിയത്. ഈ സമയത്താണ് ഒരാൾ എത്തി ഇവർക്കു നേരെ അസഭ്യം പറയുകയും തുടർന്ന് കമ്പി വടി ഉപയോഗിച്ച് കാറിന്റെ മുന്നിലെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ചെയ്തത്.
തുടർന്ന് വാഹനത്തിൽ നിന്നും മകൻ സാലു പുറത്തിറങ്ങിയപ്പോൾ മകനെയും കമ്പി വടി കൊണ്ട് മർദിച്ചു. തടയാനെത്തിയ അമ്മ ഷംലയെയും പ്രതി പൊതിരെ തല്ലി. മർദനത്തിൽ ഷംലയുടെ കൈകൾക്കും, മുതുകിനും സാരമായി പരുക്കേറ്റു. അതുവഴി പോയ ആളുകൾ സംഭവം കണ്ടെങ്കിലും പ്രതികരിച്ചില്ല. പ്രതികരിച്ചിരുന്നുവെങ്കിൽ പ്രതികളെ പിടിക്കാനാകുമായിരുന്നു.
ഇവർ വിവരം ഉടൻ പരവൂർ പൊലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു. പൊലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. സാലുവിന്റെ കയ്യിലെ മുറിവ് ഗുരുതരമാണ്. ഇവർ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. സംഭവത്തിൽ കേസെടുത്ത പരവൂർ പൊലീസ് അന്വേഷണം ഊർജിതമാക്കി.
അമ്മയാണെന്ന് തെളിയിക്കുന്ന രേഖ കാണിക്കണമെന്ന് അക്രമി ആവശ്യപ്പെട്ടതായും ഷംല പറഞ്ഞു. തങ്ങൾക്കെതിരെ ഉണ്ടായ ആക്രമണത്തിൽ കണ്ടുനിന്നവർ പോലും ഇടപെട്ടില്ലെന്നും ഷംല പറയുന്നു. തങ്ങൾ ആ നാട്ടുകാരല്ലെന്നും മർദ്ദിച്ചയാളെ അറിയില്ലെന്നും അയാളുമായി യാതൊരു മുൻവൈരാഗ്യവുമില്ലെന്നും ഷംല പറയുന്നു. 'വിശന്നിട്ടാണ് അവിടെ വെച്ച് ഭക്ഷണം കഴിക്കാൻ തീരുമാനിച്ചത്. എന്നിട്ട് ഭക്ഷണം കഴിക്കാൻ പോലുമായില്ല. ഭർത്താവ് ജോലി സംബന്ധമായ ആവശ്യത്തിന് മറ്റൊരു സ്ഥലത്താണ്. എന്റെ ചികിത്സയുടെ കാര്യങ്ങൾക്ക് എന്റെ മകനാണ് കൊണ്ടു പോകുന്നത്. വനിതാ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നൽകും,' ഷംല പറഞ്ഞു.
അതേസമയം ഷംലയ്ക്കും മകനുമെതിരെ തെക്കുംഭാഗം സ്വദേശിയായ യുവതി പരവൂർ പൊലീസിൽ പരാതി നൽകി. ആടിനെ കാറിടിച്ചത് ചോദ്യം ചെയ്തപ്പോൾ സഹോദരനെ മർദ്ദിച്ചുവെന്ന് കാണിച്ചാണ് പരാതി നൽകിയത്. എന്നാൽ ഈ ആരോപണം ശരിയല്ലെന്ന് ഇൻസ്‌പെക്ടർ എ. നിസാർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ