അടൂർ: രാത്രിയിൽ വഴി തെറ്റിയലഞ്ഞ കുടുംബത്തിന് നേരെ പഞ്ചായത്തംഗത്തിന്റെ ഭർത്താവിന്റെ നേതൃത്വത്തിൽ സദാചാര പൊലീസിങ്. ഭർത്താവിനും അനുജനുമൊപ്പം വാഹനത്തിലുണ്ടായിരുന്ന യുവതിക്ക് നേരെ അസഭ്യ വർഷവും കൈയേറ്റ ശ്രമം. സാമൂഹിക വിരുദ്ധ സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് യുവതി നൽകിയ പരാതി അന്വേഷിക്കാൻ ചെന്ന പൊലീസ് സംഘത്തിന് നേരെ പ്രതിയുടെ കുതിര കയറ്റം. കേസ് ഒത്തു തീർപ്പാക്കാനാവശ്യപ്പെട്ട് പൊലീസിന് മേൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ സമ്മർദം.

കുറുമ്പകര സ്വദേശികളായ കുടുംബത്തിനാണ് ഇന്നലെ രാത്രി ഏഴിന് ഏഴംകുളം പഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പറുടെ ഭർത്താവ് ബിനു തോമസിന്റെയും സംഘത്തിന്റെയും അപമാനം ഏൽക്കേണ്ടി വന്നത്. മാങ്കൂട്ടത്തുള്ള സ്വന്തം വീട്ടിലേക്ക് ഭർത്താവും അനുജനുമൊത്ത് വന്നതായിരുന്നു യുവതി. ഏനാത്ത്-കൈതപ്പറമ്പ് റൂട്ടിൽ വച്ചാണ് വഴി തെറ്റിയത്. വഴി തെറ്റിയെന്ന് മനസിലായപ്പോൾ വാഹനം പിന്നിലേക്ക് എടുക്കാൻ ശ്രമിക്കുമ്പോൾ നാട്ടുകാരെന്ന് സ്വയം പരിചയപ്പെടുത്തി കുറേ ചെറുപ്പക്കാർ വന്നു. അവർ തങ്ങളെ പിന്തുടർന്ന് വരികയായിരുന്നുവെന്ന് പറഞ്ഞതായി യുവതി പറയുന്നു.

വഴി തെറ്റിയതാണെന്ന് പറഞ്ഞ് മടങ്ങിയ കാറിനെ ചെറുപ്പക്കാരുടെ സംഘം അനുഗമിച്ചു. കുറച്ചു ദൂരം മുന്നോട്ടു ചെന്നപ്പോൾ ഒരാൾ ബൈക്കിലെത്തി കാറിന് കുറുകെ വച്ച് തടഞ്ഞു. എന്താണ് കാര്യമെന്ന് അറിയാൻ യുവതിയുടെ ഭർത്താവ് പുറത്തിറങ്ങിയപ്പോൾ വാഹനത്തിൽ വന്നയാൾ തട്ടിക്കയറി. നാലു മണി മുതൽ ഒരു പെണ്ണും രണ്ടു പുരുഷന്മാരും ഇവിടെ കിടന്ന് കറങ്ങുകയാണ്. ഞങ്ങൾ നാട്ടുകാരാണ്. നിങ്ങൾ ഇതിനകത്ത് എന്താണ് പരിപാടി എന്ന രീതിയിൽ ചോദ്യം ചെയ്യൽ ആരംഭിച്ചു. തന്റെ ഭാര്യയും അനിയനുമാണെന്ന് യുവാവ് പറഞ്ഞിട്ടും ഇവർ കേൾക്കാൻ കൂട്ടാക്കിയില്ല.

തന്റെ വീട്ടിലേക്ക് പോകുമ്പോൾ വഴി തെറ്റിയതാണെന്നും ഭർത്താവും അനുജനുമാണ് കൂടെയുള്ളതെന്നും പറഞ്ഞിട്ടും ഇവർ സമ്മതിച്ചില്ല. ഏഴംകുളം പഞ്ചായത്തംഗം ജയകുമാർ തന്റെ ബന്ധുവാണെന്നും അദ്ദേഹത്തെ വിളിക്കൂവെന്നും യുവതി ആവശ്യപ്പെട്ടിട്ടും അവർ ചെയ്തില്ല. പകരം അസഭ്യ വർഷം ആരംഭിച്ചു. ഇതിനിടെ നാട്ടുകാരും കൂടി. അവരിൽ ചിലർക്ക് ഈ കുടുംബത്തെ അറിയാവുന്നവരാണ്. ഇവർ ഭാര്യാ-ഭർത്താക്കന്മാരാണെന്ന് പറഞ്ഞിട്ടും അസഭ്യ വർഷം തുടരുകയായിരുന്നു. തന്റെ സ്ത്രീത്വത്തെ അവഹേളിക്കുന്ന തരത്തിൽ കേട്ടാലറയ്ക്കുന്ന അസഭ്യമാണ് സംഘം വിളിച്ചതെന്ന് യുവതി പറയുന്നു. ഇവർ മദ്യലഹരിയിലുമായിരുന്നു.

ഒരു വിധത്തിൽ ഇവരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട യുവതിയും കുടുംബവും നേരിട്ട് ഏനാത്ത് സറ്റേഷനിൽ ചെന്ന് പരാതി നൽകി. സാമൂഹിക വിരുദ്ധ സംഘത്തിലാരെയും ഇവർക്ക് പരിചയമില്ലായിരുന്നു. അത് പഞ്ചായത്തംഗത്തിന്റെ ഭർത്താവ് ആണെന്ന് അവിടെ കൂടിയവർ പറഞ്ഞ അറിവു വച്ചാണ് പരാതി കൊടുത്തത്. പ്രതികൾ വന്ന വാഹന നമ്പരും കൊടുത്തിരുന്നു. ഇത് വച്ച് പരിശോധിച്ച പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു. ഇയാളുടെയും ഭാര്യയായ പഞ്ചായത്തംഗത്തിന്റെയും ഫോൺ നമ്പരിലേക്ക് സ്റ്റേഷനിൽ നിന്ന് വിളിച്ചെങ്കിലും ഫോൺ എടുത്തില്ല.

ഒടുവിൽ രാത്രി 11 മണിയോടെ പൊലീസ് സംഘം ബിനു തോമസിന്റെ വീട്ടിലെത്തി. ഇന്ന് സ്റ്റേഷനിൽ ഹാജരാകണമെന്ന് അറിയിക്കാനാണ് ചെന്നത്. എന്നാൽ, തന്റെ പ്രവൃത്തി ന്യായീകരിച്ച് പൊലീസ് സംഘത്തോട് തട്ടിക്കയറുകയാണ് ചെയ്തത്. സദാചാര പൊലീസിങ് തന്റെ അവകാശമെന്ന രീതിയിലായിരുന്നു പെരുമാറ്റം. പിന്നീടാണ് പൊലീസിന് നേരെ സിപിഎം അടൂർ ഏരിയാ സെക്രട്ടറിയുടെ കടന്നു കയറ്റം ഉണ്ടായത്. സദാചാര പൊലീസിങ് നടത്തിയവരെ സംരക്ഷിക്കുന്ന തരത്തിലായിരുന്നു സെക്രട്ടറി എസ്. മനോജിന്റെ പെരുമാറ്റമെന്ന് പറയുന്നു.. പൊലീസ് എന്തിന് അനാവശ്യ തിടുക്കം കാണിച്ചുവെന്നായിരുന്നു ചോദ്യം.

ഇതോടെ കേസെടുക്കാൻ പൊലീസ് മടിച്ചു. ഇന്ന് രാവിലെ മാധ്യമങ്ങൾ സ്റ്റേഷനിലേക്ക് വിളിച്ച് വിവരം ആരാഞ്ഞതോടെയാണ് പൊലീസ് കേസെടുക്കാൻ തയാറായത്. പരാതിക്കാരിയെ സ്വാധീനിച്ച് കേസൊഴിവാക്കാനുള്ള നീക്കവും നടന്നു. എന്നാൽ, ഒരു കാരണവശാലും പിന്നോട്ടില്ലെന്ന് നിലപാടിലാണ് പരാതിക്കാരി. തനിക്ക് അതു പോലുള്ള അപമാനം ഏൽക്കേണ്ടി വന്നു. ഒരാൾക്കും ഇനി ഇത്തരമൊരു അവസ്ഥ ഉണ്ടാകരുതെന്നും അവർ പറയുന്നു. പഞ്ചായത്ത് അംഗം കേരളാ കോൺഗ്രസ് എമ്മിലുള്ളതാണ്.