- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ് സ്റ്റോപ്പിൽ ഒരുമിച്ചിരുന്ന വിദ്യാർത്ഥികൾക്കുനേരെ സദാചാര ആക്രമണം; അസഭ്യം പറഞ്ഞ് മർദ്ദിച്ചു; അദ്ധ്യാപകന്റെ മുന്നിലിട്ടാണ് കഴിഞ്ഞ ദിവസം തല്ലിച്ചതച്ചതെന്നും വിദ്യാർത്ഥികൾ; പരിക്കേറ്റവർ ചികിത്സ തേടിയതോടെ ഒരാൾ അറസ്റ്റിൽ
പാലക്കാട്: മണ്ണാർക്കാട്ടെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ സദാചാര ആക്രമണത്തിൽ ഒരാൾ അറസ്റ്റിൽ. കരിമ്പ സ്വദേശി സിദ്ദിഖാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ബസ് സ്റ്റോപ്പിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നതിന് നാട്ടുകാർ മർദിച്ചെന്ന് പരാതി പറഞ്ഞിട്ടും പൊലീസ് ആദ്യഘട്ടത്തിൽ കേസെടുക്കാൻ തയ്യാറായിരുന്നില്ലെന്ന പരാതിയും വിദ്യാർത്ഥികൾ ഉയർത്തുന്നുണ്ട്.
മർദ്ദനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയതോടെ മാത്രമാണ് പൊലീസ് കേസെടുത്തതെന്നും പരിക്കേറ്റവർ പറഞ്ഞു. ഇതിനു മുമ്പും നാട്ടുകാർ പല വട്ടം ഉപദ്രവിച്ചിരുന്നു. പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ചിരുന്നാൽ അധിക്ഷേപിക്കും. അദ്ധ്യാപകന്റെ മുന്നിലിട്ടാണ് കഴിഞ്ഞ ദിവസം തല്ലിച്ചതച്ചതെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
സ്‌കൂൾ വിട്ട ശേഷം സമീപത്തെ ബസ് സ്റ്റോപ്പിൽ ബസ് കാത്തിരിക്കുമ്പോഴായിരുന്നു സംഭവം. അഞ്ച് പെൺകുട്ടികളും അഞ്ച് ആൺകുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്. അവിടേക്കെത്തിയ ഒരാൾ പെൺകുട്ടികൾക്കൊപ്പം ഇരിക്കുന്നത് ചോദ്യം ചെയ്‌തെന്ന് വിദ്യാർത്ഥികൾ പറയുന്നു. വിദ്യാർത്ഥിനികളെ അസഭ്യം പറയുകയും മർദിക്കാനൊരുങ്ങുകയും ചെയ്‌തെന്നും പരാതിയിൽ പറയുന്നു. ഇത് ചോദ്യം ചെയ്തപ്പോൾ നാട്ടുകാർ കൂട്ടംചേർന്ന് മർദിക്കുകയായിരുന്നെന്ന് വിദ്യാർത്ഥികൾ പറയുന്നു.
പരുക്കേറ്റ വിദ്യാർത്ഥികൾ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അതെ സമയം ഏറെ വൈകിയും വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ സ്ഥിരം ബസ് സ്റ്റോപ്പിൽ ഇരിക്കാറുണ്ടെന്നും ഇത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും പ്രദേശവാസികൾ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ