- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി സമയം എവിടേക്ക് പോവുന്നു.. നീ കഴിച്ചതിനേക്കാൾ കൂടുതൽ ലഹരി തങ്ങൾ കഴിച്ചിട്ടുണ്ട്; പിൻതുടർന്നെത്തിയ സംഘം തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ചത് ആക്രോശിച്ചു കൊണ്ട്; ഭാര്യ വീട്ടിലേക്ക് വന്ന യുവാവിന് നേരെ സദാചാരഗുണ്ടാ അതിക്രമം നടത്തിയ രണ്ടുപേർ മുക്കത്ത് അറസ്റ്റിൽ
കോഴിക്കോട്: ഭാര്യവീട്ടിലേക്ക് വന്ന യുവാവിന് നേരെ അതിക്രമം ഉണ്ടായ സംഭവത്തിൽ രണ്ടുപേരെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. കൊടിയത്തൂർ സ്വദേശികളായ ഇൻഷാ ഉണ്ണിപ്പോക്കു, റുജീഷ് എന്നിവരാണ് അറസ്റ്റിലായത്. മുക്കം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു.
പന്നിക്കോട് കാരാളി പറമ്പ് സ്വദേശി ആര്യം പറമ്പത്ത് ഷൗക്കത്ത് എന്നയാൾക്കാണ് ലഹരിമാഫിയയുടെ ആക്രമണത്തിൽ പരിക്കേറ്റത്. 'അസമയത്ത്' എവിടെ പോകുന്നുവെന്ന് ചോദിച്ചായിരുന്നു സദാചാര അക്രമമെന്ന് ഷൗക്കത്ത് പറയുന്നു. അവിഹിതക്കാരനാണെന്ന് വരുത്തി തീർത്ത് മർദ്ദിക്കാനാണ് സംഘം ശ്രമിച്ചത്.
ശനിയാഴ്ച രാത്രിയാണ് ഭാര്യവീട്ടിലേക്ക് പോകുകയായിരുന്ന ഷൗക്കത്തിനെ ഇവർ മർദ്ദിച്ചത്. സദാചാര ഗുണ്ടായിസമെന്ന് കാണിച്ച് ഷൗക്കത്ത് മുക്കം പൊലീസിൽ പരാതി നൽകിയിരുന്നു. കേസിൽ പ്രതിയായ അജ്മൽ ഒളിവിലാണ്. പ്രദേശത്ത് ഗുണ്ടാ- ലഹരി മാഫിയ സജീവമെന്ന് നേരത്തെ നിരവധി പരാതികളുണ്ടായിരുന്നു. ഭാര്യവീട്ടിലുള്ള മക്കൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുമായി പോവുകയായിരുന്നുവെന്ന് ഷൗക്കത്ത് പറഞ്ഞു.
ഈ സമയം പിൻതുടർന്നെത്തിയ രണ്ട് അംഗ സംഘം തടഞ്ഞുനിർത്തി ക്രൂരമായി മർദിക്കുകയായിരുന്നു. രാത്രി സമയം എവിടേക്ക് പോവുന്നു എന്നും നീ കഴിച്ചതിനേക്കാൾ കൂടുതൽ ലഹരി തങ്ങൾ കഴിച്ചിട്ടുണ്ടന്നും പറഞ്ഞ സംഘം തന്നെ അവിഹിത ബന്ധക്കാരനും ലഹരി ഉപയോഗിക്കുന്നവനുമായി ചിത്രീകരിക്കാനാണ് ശ്രമിച്ചതെന്നും ഷൗക്കത്ത് പറഞ്ഞു.
വാഹനത്തിൽ നിന്നും അടിച്ച് നിലത്തിട്ട സംഘം കഴുത്തിന് കുത്തിപ്പിടിച്ച് മർദിക്കുകയായിരുന്നുവെന്നും മൊബൈൽ ഫോൺ എടുത്തെറിഞ്ഞതായും ഷൗക്കത്ത് പരാതിപ്പെട്ടു. അക്രമത്തിൽ പരിക്കേറ്റ ഷൗക്കത്ത് വണ്ടി ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. കാൽനടയായി ഭാര്യവീട്ടിലെത്തിയ ശേഷം വാഹനമെടുക്കാനായി വീട്ടുകാർക്കൊപ്പം തിരിച്ചെത്തിയപ്പോൾ വീണ്ടും മർദ്ദിക്കാൻ ശ്രമിച്ചതായും ഷൗക്കത്ത് പറയുന്നു. ഈ സമയത്ത് സംഘത്തിൽ ഒരാൾ കൂടി ഉണ്ടായിരുന്നതായും ഷൗക്കത്ത് പറഞ്ഞു. പരിക്കേറ്റ ഷൗക്കത്ത് മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെ ഷൗക്കത്ത് പൊലീസിൽ പരാതി നൽകി.
മറുനാടന് മലയാളി ബ്യൂറോ