തൃശൂർ: സദാചാരവാദികളുടെ കഴുകൻ കണ്ണുകളുടെ പിടിയിൽപ്പെട്ടു ജീവിതം അസാധ്യമായി തൃശൂർ കൊരട്ടിയിലെ വീട്ടമ്മയും മകളും. കഴിഞ്ഞ ദിവസം രാത്രി സ്‌കൂട്ടറിൽ വീട്ടിലേക്ക് വരുമ്പോൾ തടഞ്ഞു നിർത്തി പരിസരവാസിയായ യുവാവ് മാനത്തിനു വില പറയുക കൂടി ചെയ്തതോടെ ഇവരുടെ ജീവിതം പൂർണ പ്രതിസന്ധിയിയിലായിരിക്കുകയാണ്. അഭ്യസ്ത വിദ്യയായ, സ്വകാര്യ ട്രേഡിങ് കമ്പനിയിൽ പിആർഒ ജോലി ചെയ്യുന്ന കൊരട്ടി സ്വദേശിയായ നിശാ കല്ലുപുരക്കലിനാണ് ഈ ദുരനുഭവം. കപട സദാചാരവാദികൾ കാരണം ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലാണ് ഇപ്പോൾ നിഷ.

സ്ത്രീ സമത്വത്തിനും സുരക്ഷയ്ക്കും വേണ്ടി ജനുവരി ഒന്നിന് വനിതാ മതിൽ പടുത്തുയർത്താൻ സർക്കാർ തീരുമാനിച്ചിരിക്കെയാണ് അമ്മയ്ക്കും മകൾക്കും തൃശൂരിൽ നീതി ലഭിക്കാത്തത്. മാനത്തിനു വിലയിട്ട സംഭവം കഴിഞ്ഞ ദിവസം വന്നപ്പോൾ നിഷ കല്ലുപുരയ്ക്കൽ സ്ഥലം എംഎൽഎയായ ബിഡി ദേവസിയെ കണ്ടു പരാതി പറയുകയും ദേവസിയുടെ നിർദ്ദേശ പ്രകാരം പൊലീസിൽ പരാതി നൽകുകയും ചെയ്തു. എന്നിട്ടും ഒരു ഫലവും ഇല്ലെന്നാണ് നിഷ പറയുന്നത്. ആരെ അറസ്‌റ് ചെയ്യും. എന്താണ് തെളിവ്. എസ്‌ഐയുടെ ചോദ്യം തന്നെ ഇതാണ്. ഞാൻ എന്താണ് ചെയ്യേണ്ടത്. എന്നെ ആക്രമിക്കാൻ ശ്രമിച്ച ആളെ ഞാൻ തന്നെ തിരിച്ചറിഞ്ഞു വേണോ പൊലീസിൽ പരാതി നൽകാൻ.

പൊലീസ് അന്വേഷിക്കേണ്ട കാര്യങ്ങൾ ഞാൻ തന്നെ അവരുടെ അടുത്ത് നല്കണം എന്നാണ് പൊലീസ് പറയുന്നത്. ഇങ്ങിനെ ഒരു പൊലീസ് രീതികൾ ആരെങ്കിലും കണ്ടിട്ടുണ്ടോ? നിഷ ചോദിക്കുന്നു. എന്റെ പെൺകുട്ടി വളർന്നു വരുന്നു. തൊട്ടടുത്ത ആളുകൾ തന്നെ മദ്യവും മയക്കുമരുന്നുകളും പതിവാകുന്നു. എങ്ങിനെ ഞങ്ങൾക്ക് സുരക്ഷ ലഭിക്കും. പെരുമ്പാവൂരിലെ പെൺകുട്ടിക്കും ഇതേ അവസ്ഥ തന്നെയായിരുന്നു. അവരുടെ മരണം കഴിഞ്ഞിട്ടാണ് സംഭവങ്ങൾ വിവാദമാകുന്നത്. ഞങ്ങൾക്കും എന്തെങ്കിലും സംഭവിച്ച് കഴിഞ്ഞിട്ട് പിന്നെ കേരളം ചർച്ച ചെയ്തിട്ട് എന്ത് കാര്യമാണ്. സദാചാര വാദികളുടെ ശല്യം കാരണം ഒറ്റയ്ക്ക് സ്വന്തം വീട്ടിൽ മകൾക്കൊപ്പം ജീവിക്കാൻ കഴിയാത്ത അവസ്ഥ തന്നെ നിലവിലുള്ളപ്പോഴാണ് മാനത്തിനു വിലയിടൽ കൂടി വന്നത്.

രാത്രിയായതിനാൽ ആളെ തിരിച്ചറിയാൻ കഴിയാതിരുന്ന നിഷ ബൈക്കിന്റെ നമ്പർ പ്‌ളേറ്റിൽ നോക്കിയപ്പോൾ നമ്പർ പ്‌ളേറ്റ് മൂടിയ നിലയിലായിരുന്നു. വീടിനു തൊട്ടപ്പുറത്ത് ക്യാമ്പ് ചെയ്യുന്ന യുവാക്കളുടെ സംഘത്തിലെ അംഗമാണ് തന്റെ മാനത്തിനു വിലയിട്ടത് എന്നാണ് മറുനാടൻ മലയാളിയോട് നിഷ പറഞ്ഞത്. ഒരു ബൈക്ക് ഞാൻ പോകുമ്പോൾ തന്നെ പിന്നിലുണ്ടായിരുന്നു. ആ ബൈക്കിലെ യാത്രികൻ തന്നെയാണ് തിരിച്ചു വരുമ്പോൾ ഉപദ്രവിക്കാൻ ശ്രമിച്ചത്. റേറ്റ് എത്രയാണ് , കാര്യങ്ങൾ എങ്ങിനെയാണ് എന്നാണ് ചോദിച്ചത്. ഞാൻ സൂക്ഷിച്ച് നോക്കിയെങ്കിലും ആളെ പരിചയമില്ല, നമ്പർ പ്‌ളേറ്റുമില്ല. അത് മറിച്ച നിലയിൽ ആയിരുന്നു. വേറെ ഒരു വീട്ടിലേക്കുള്ള ഒരു വഴിയിൽ ആണ് ആ ബൈക്ക് പോയത്.

പൊലീസിന് അന്വേഷിച്ചാൽ പോരെ. പക്ഷെ പൊലീസ് അന്വേഷിക്കാൻ തയ്യാറല്ല. ഒറ്റയ്ക്ക് താമസിക്കുന്ന പെണ്ണിനോടുള്ള അവഗണനയാണ്. അങ്ങിനെയുള്ള ഒരു സ്ത്രീ പരാതി നൽകിയാൽ അന്വേഷിക്കേണ്ട എന്നാണോ? ഇവിടെ വാദി പ്രതിയായ അവസ്ഥയിലാണ്. വീട്ടിൽ ഒരു ഗസ്റ്റ് വന്നാൽ കഴുകൻ കണ്ണുകൾ ആണ്. ആരെങ്കിലും തങ്ങിയാൽ ചുറ്റിലും ആയിരം കണ്ണുകളാണ്. രാത്രി വീട്ടിലെ ഡോറിൽ വന്നു തട്ടുകയാണ്. എനിക്ക് കിട്ടുന്നില്ല. മറ്റാർക്ക് എങ്കിലും കിട്ടുന്നുണ്ടോ എന്ന് നോക്കുകയാണ്. എനിക്കില്ലെങ്കിൽ മറ്റാർക്കും ലഭിക്കരുത്. അത് തടയണം. ഇങ്ങിനെ മനസിൽ ചിന്തിച്ചാണ് ഇത്തരം നടപടികൾ. ഒറ്റയ്ക്ക് താമസിക്കുന്ന യുവതികൾ വഴിപിഴച്ചവരാണോ? നിഷ ചോദിക്കുന്നു.

ഇപ്പോൾ തടഞ്ഞു നിർത്തി മാനത്തിനു വിലയിടുകയും ചെയ്തിരിക്കുന്നു-നിഷ പറയുന്നു. ചാലക്കുടി എംഎൽഎ ബി.ഡി.ദേവസ്സിയുടെ വീടിനു അടുത്താണ് നിഷയുടെ വീട്. കൊരട്ടി പൊലീസ് സ്റ്റേഷനിൽ നിന്നും മൂന്നു കിലോമിറ്റർ മാത്രമേ നിഷയുടെ വീട്ടിലേക്കുള്ളൂ. എന്നിട്ടും മകൾക്കും തനിക്കും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് എന്നാണ് നിഷ പറയുന്നത്. വീടിനു തൊട്ടടുത്ത് യുവാക്കളുടെ ഒരു സംഘമുണ്ട്. ഇരുട്ടിന്റെ മറവിൽ അവർ എന്താണ് ചെയ്യുന്നത് എന്ന് ഞങ്ങൾക്ക് അറിയില്ല. ഇവരെ ചുറ്റിപ്പറ്റി പൊലീസ് അന്വേഷണം നടത്തിയാൽ കാര്യങ്ങൾ വെളിവാകും. പകരം പരാതി നലകിയ എന്നെ കുറ്റപ്പെടുത്തുന്ന സമീപനമാണ് പൊലീസ് കൈക്കൊള്ളുന്നത്.

എന്റെ സുഹൃത്ത് വന്നു. അവരെ വീട്ടിലേക്ക് ക്ഷണിക്കാൻ കഴിയില്ല. അതിനാൽ പുറത്ത് ഹോട്ടലിൽ ഭക്ഷണം കഴിച്ചു. തിരിച്ചു വരൂമ്പോൾ ആണ് തടഞ്ഞു നിർത്തി അപമാനിക്കൽ നടന്നത്. രാത്രി ഒരു സ്‌കൂട്ടറിൽ യുവതിക്ക് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണോ കേരളത്തിൽ ഉള്ളത്. എന്റെ സ്വന്തം വീട്ടിലേക്ക് ഏത് നേരത്തും ചെന്നുകയറാൻ ഉള്ള സ്വാതന്ത്ര്യം ഇല്ലേ- നിഷ ചോദിക്കുന്നു.

ഒറ്റയ്ക്ക് താമസിക്കുന്ന യുവതികൾ നേരിടുന്ന പ്രശ്‌നം തന്നെയാണ് നിഷയ്ക്ക് നേരിട്ടത്. ഒറ്റയ്ക്ക് സ്ത്രീകൾക്ക് കേരളത്തിൽ ജീവിതം അസാധ്യമാവുകയാണോ? മലപ്പുറം വേങ്ങര കിളിനക്കോട് സദാചാരവാദികൾ അഴിഞ്ഞാടിയത് കേസിലും അറസ്റ്റിലേക്കും നീങ്ങുമ്പോഴാണ് കപട സദാചാര പ്രശ്‌നങ്ങൾ ഉയർത്തി ഒരു യുവതിക്കും മകൾക്കും കൊരട്ടിയിൽ ചിലർ ജീവിതം അസാധ്യമാക്കി തീർക്കുന്നത്.