പാലക്കാട്: കേരള പൊലീസ് സദാചാരത്തിന്റെ കുപ്പായമണിയാറുണ്ടെന്നത് ഇടയ്‌ക്കെങ്കിലും നമ്മുടെ കേരളത്തിൽ അരങ്ങേറാറുണ്ട്? . കഴിഞ്ഞ ഫെബ്രുവരിയിൽ പാലക്കാട് സ്വദേശിയായ പ്രസാദിന്റെ അനുഭവമാണ് ഇത്തരമൊരു ചോദ്യം ചോദിക്കാനിടയാക്കിയത് അടിസ്ഥാനത്തിലാണ്. കൂട്ടുകാരിയോടു സംസാരിച്ചു എന്നാരോപിച്ച് പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സ്വദേശിയായ പ്രസാദിനെതിരെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടത്തുന്നവർക്ക്‌മേൽ ചുമത്തുന്ന നിയമത്തിന്റെ പരിധിയിലുൾപ്പെടുത്തി കേസെടുത്തിരിക്കുകയാണ്. ാെരു കാരണവുമില്ലാതെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൊണ്ടുപോയിട്ടും പ്രസാദ് പൊലീസുമായി പൂർണമായി സഹകരിച്ചിരുന്നു. എന്നാൽ പിന്നാലെയാണ് കേസെടുത്തു പീഡിപ്പിച്ചത്.

ഫെബ്രുവരി ഇരുപത്തിനാലിനായിരുന്നു സംഭവം. പാലക്കാട് കോട്ടയോട് ചേർന്നുള്ള വാടിക എന്ന ഉദ്യാനത്തിൽ കൂട്ടുകാരിയോടു സംസാരിച്ചിരിക്കുകയായിരുന്നു പ്രസാദ്. തുടർന്ന് അവിടെയെത്തിയ പൊലീസ് പ്രസാദിനോട് വിവരങ്ങൾ തിരക്കുകയും ചെയ്യുകയായിരുന്നു.വാടികയിലെ പ്രവേശനവഴിയിൽ നിന്നും പത്തു മീറ്റർ അപ്പുറത്തിരുന്നാണ് പ്രസാദും കാമുകിയും സംസാരിച്ചിരുന്നത്. വൈകിട്ട് നാലരയോടെ അവിടെയത്തിയ പൊലീസുകാർ എന്തിനാണ് ഇരിക്കുന്നതെന്നു ചോദിച്ചു. കൂടെയുള്ളതു തന്റെ പെൺസുഹൃത്താണെന്നും ഡിസി ബുക്‌സിൽനിന്നു പുസ്തകം വാങ്ങിയശേഷം സംസാരിക്കാനായി വന്നതാണെന്നും മറുപടി നൽകി. എന്നാൽ ജീപ്പിൽ കയറാനായിരുന്നു പൊലീസുകാരുടെ നിർദ്ദേശം. കൂട്ടുകാരിയോടു വീട്ടിലേക്കു പൊയ്ക്കാള്ളാൻ പറഞ്ഞോട്ടെ അന്നു ചോദിച്ചപ്പോൾ അനുവാദം നൽകി പൊലീസ് പ്രസാദുമായി സ്റ്റേഷനിലേക്കു പോയി.

സൗത്ത് സ്റ്റേഷനിലെത്തിച്ച് പ്രസാദിനോടു വിവരങ്ങൾ അന്വേഷിക്കുകയും. എസ്.ഐയുമായി പൊലീസുകാർ സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ പരിചയമുള്ള രണ്ടുപേർ വന്നാൽ വിട്ടയക്കാമെന്നു പറയുകയും ചെയ്തു. തുടർന്ന് അജിത്ത്, ബീവർ എന്നിവരെ വിളിച്ചുവരുത്തി അവരുടെ തിരിച്ചറിയൽ കാർഡിന്റെ പകർപ്പുകളും വാങ്ങിവച്ചശേഷം പ്രസാദിനെ വിട്ടയച്ചു. അതോടെ പ്രശ്‌നം അവസാനിച്ചുവെന്ന് കരുതിയാണ് പ്രസാദ് വീട്ടിലേക്ക് മടങ്ങിയത്. ഈ മാസം ഇരുപത്തിമൂന്നിനാണ് പ്രസാദിന് സമൻസ് ലഭിച്ചത്. പാലക്കാട് സൗത്ത് സ്റ്റേഷനിലെ ജിനപ്രസാദ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം വിളിച്ചറിയച്ചത്. തുടർന്ന് സ്റ്റേഷനിലെത്തി സമൻസ് കൈപ്പറ്റി. പൊലിസ് കസ്റ്റഡിയിൽ എടുത്തപ്പോൾ വകുപ്പോ ചുമത്താൻ പോകുന്ന കുറ്റങ്ങളോ പറഞ്ഞിരുന്നില്ലെന്നാണ് പ്രസാദ് മറുനാടനോട് പറഞ്ഞത്.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരായ നിയമപ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നതെന്നു സമൻസിൽനിന്നു വ്യക്തമായി. പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെ അന്തസ് ഹനിക്കുന്ന തരത്തിലുള്ള ലൈംഗികമായ ആംഗ്യങ്ങളോ പ്രവൃത്തികളോ ചെയ്യുകയോ,പൊതുസ്ഥലത്തുവച്ച് സ്ത്രീകളുടെ സ്വകാര്യതയിൽ അനാവിശ്യമായി ഇടപെടുക, സ്ത്രീകളുടെ സമ്മതമില്ലാതെയോ അവർ അറിയാതെയോ ഫോട്ടോയോ വീഡിയോയോ എടുക്കുകയോ പ്രചരിപ്പിക്കുകയോ തുടങ്ങിയവയാണ് ഈ വകുപ്പിലെ കുറ്റങ്ങൾ.എന്നാൽ ഇതൊന്നും ചെയ്യാത്ത പ്രസാദ് എങ്ങനെ കേസിൽ പെട്ടു എന്നു വ്യക്തമാക്കേണ്ടത് പൊലീസാണ്.പൊലീസുമായി നന്നായി തന്നെ സഹകരിച്ചിട്ടും കള്ളക്കേസിൽ കുടുക്കിയ പൊലീസ് നടപടിക്കെതിരേ പ്രസാദ് പാലക്കാട് ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട്.

കാമുകിയുമൊത്ത് പാലക്കാട്‌ വാടികയിൽ വച്ച് സംസാരിച്ചപ്പോ കിട്ടിയ കേസ് ആണ് ഇത്. കേരള പൊലീസ് ആക്ട്‌ 119 (എ). ചുരുക്കി പറഞ്...

Posted by PRasad Dalithan on Monday, March 28, 2016

കള്ളക്കേസ് പിൻവലിക്കണമെന്നും പൊലീസുകാരുടെ സദാചാരപൊലീസിംഗിനെതിരേ നടപടിയെടുക്കണമെന്നും പരാതിയിൽ പ്രസാദ് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെ നിയമപരമായി തന്നെ നേരിടുമെന്നും വാടികയിൽ ഇത്തരം കള്ളക്കേസിൽ കുടുക്കുന്ന പൊലീസ് നാടകം കുറച്ച് നാളായുള്ള പതിവാണെന്നും, എന്നാൽ കൂടെ പെൺ സുഹൃത്തുകളുണ്ടെങ്കിൽ നാണക്കേടു ഭയന്ന് പലരും ഇത് പുറത്ത് പറയാറില്ല. എന്തായാലും സംഭവത്തിൽ എംബി രാജേഷ് എംപി ക്ക് പരാതി നൽകാനൊരുങ്ങുകയാണ് വിക്ടോറിയാ കോളേജ് മുൻ യൂണിയൻ ചെയർമാൻ കൂടിയായ പ്രസാദ്.