- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് തന്നെ സി.സി.ടി.വി ക്യാമറയില്ലാത്ത സ്ഥലത്തു കൊണ്ടുപോയി മർദ്ദിച്ചു; ഹെൽമെറ്റു കൊണ്ട് എസ് ഐയെയും സിവിൽ പൊലിസ് ഓഫീസറെയും മർദ്ദിച്ചിട്ടില്ല; തനിക്കും ഭാര്യയ്ക്കും എതിരായ അതിക്രമത്തിന് നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും പ്രത്യൂഷ്
തലശേരി: തലശേരി സി. ഐയും എസ്. ഐയും തന്നെ അകാരണമായി ക്രൂരമായി മർദ്ദിച്ചുവെന്ന് പൊലീസിനെ അക്രമിച്ച കേസിൽ റിമാൻഡിൽ കഴിയവേ ജാമ്യം ലഭിച്ച പ്രത്യൂഷ് പറഞ്ഞു. ഇന്ന് വൈകുന്നേരം തലശേരി സബ് ജയിലിൽ നിന്നും ഇറങ്ങിയതിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.സി.ടി വി ഇല്ലാത്ത സ്ഥലത്തുകൊണ്ടുപോയാണ് തന്നെ മർദ്ദിച്ചത്. എന്നാൽ താൻ ഹെൽമെറ്റു കൊണ്ട് എസ്. ഐയെയും സിവിൽ പൊലിസ് ഓഫിസറെയും മർദ്ദിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. പൊലീസിനെതിരെയുള്ള പരാതിയുമായി മുന്നോട്ടു പോകുമെന്നും പ്രത്യുഷ് പറഞ്ഞു.തലശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രത്യുഷിന് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
തലശേരി സബ്ബ് ജയലിൽ നിന്ന് ജാമ്യം ലഭിച്ച് ഇറങ്ങുമ്പോൾ മാതാപിതാക്കളും സുഹൃത്തുക്കളും ബന്ധുക്കളും എത്തിയിരുന്നു അഡ്വ.പി.പ്രേമരാജനാണ് പ്രത്യൂഷിന് വേണ്ടി ഹാജരായത്. കേസുമായി ബന്ധപ്പട്ട് എപ്പോൾ വിളിച്ചാലും അന്വേഷണ ഉദ്യോഗസ്ഥരുടെ മുൻപിൽ ഹാജരാകണമെന്ന വ്യവസ്ഥയുണ്ട്. രണ്ട് ആൾ ജാമ്യത്തിലും 5000 രൂപയുടെ ബോണ്ടിലുമാണ് ജാമ്യം ലഭിച്ചത്.
പൊലിസിനെ അക്രമിച്ചു , കൃത്യനിർവഹണം തടസപ്പെടുത്തി എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലിസ് പ്രത്യുഷിനെതിരേ കേസെടുത്തിരുന്നത്. ഈ കേസിൽ പ്രത്യുഷിന്റെ ഭാര്യ മേഘയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കഴിഞ്ഞ അഞ്ചിന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കടൽപ്പാലം പരിസരത്ത് നിന്ന് പട്രോളിങ് നടത്തുകയായിരുന്ന തലശേരി പ്രിൻസിപൽ എസ്‌ഐ ആർ. മനു, സിവിൽ പൊലിസ് ഉദ്യോഗസ്ഥൻ പ്രജീഷ് എന്നിവരെ അക്രമിച്ചെന്നാണ് കേസ്. ദമ്പതിമാരെ പൊലിസ് അക്രമിച്ചെന്ന് കാണിച്ച് ഇവരും മുഖ്യമന്ത്രി, ഡി.ജി.പി, കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ എന്നിവർക്ക് പരാതി നൽകിയിരുന്നു. പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകൻ പി. പ്രേമരാജൻ ഹാജരായി.
അതിനിടെ, പ്രത്യൂഷിന്റെ ഭാര്യ മേഘ പൊലീസിനെതിരെ പുതിയ ആരോപണവുമായി രംഗത്ത്. പൊലീസ് അപമാനിക്കുന്നത്് തുടരുകയാണെന്ന് അവർ കുറ്റപ്പെടുത്തി. ഭർത്താവിനെ കാണാൻ സബ് ജയിലിൽ ചെന്നപ്പോൾ പൊലീസുകാർ പരിഹസിച്ചു. ഒരു ഇന്റർവ്യൂ കൂടി കൊടുത്തിട്ട് കാണാൻ വരൂ എന്നായിരുന്നു പറഞ്ഞത്.പൊലീസിന്റെ പെരുമാറ്റം അപമാനിക്കുന്ന രീതിയിലാണെന്നും മേഘ പറഞ്ഞു.
ജാമ്യം കിട്ടിയതോടെ മാനസിക സംഘർഷം കുറഞ്ഞു. പ്രത്യുഷ് ഏഴ് പൊലീസുകാരെ മർദ്ദിച്ചു എന്ന പൊലീസ് വാദം കളവാണെന്നും മേഘ പറഞ്ഞു. അതെങ്ങനെ സാധിക്കുമെന്നാണ് അവർ ചോദിച്ചത്. സംഭവത്തിൽ നിർണായക മെഡിക്കൽ രേഖകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പൊലീസ് കേസിൽ പ്രതിയാക്കി ജയിലിൽ അടച്ച പ്രത്യുഷിന് ദേഹമാസകലം പരിക്കേറ്റെന്ന് തെളിയിക്കുന്ന മെഡിക്കൽ രേഖകളായിരുന്നു ഇത്. പ്രത്യുഷാണ് തങ്ങളെ ആക്രമിച്ചതെന്ന പൊലീസ് വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഈ റിപ്പോർട്ട്.
പ്രത്യുഷിന് ദേഹമാസകലം പരിക്കേറ്റു എന്ന വൂണ്ട് സർട്ടിഫിക്കറ്റിൽ വ്യക്തമാക്കുന്നു. ഇടത് കണ്ണിന് താഴെ രക്തം കല്ലിച്ച നിലയിലാണ്. ഇവിടെ ചതവുണ്ട്. ഇടത് കാലിനും വലത് മുട്ടിന് താഴെയും തോളിനും പരിക്കേറ്റ പാടുകളുണ്ട്. വലത് കൈയ്ക്ക് ചതവും, ഇടത് കൈയിലും നെഞ്ചിലും പുറക് വശത്തും ഉരഞ്ഞ പാടുകളും ഉണ്ട്. പ്രത്യുഷിനെ പൊലീസ് മുഷ്ടി ചുരുട്ടി ഇടിച്ചെന്നും ബൂട്ട് കൊണ്ട് ചവിട്ടി എന്നുമായിരുന്നു ഭാര്യയുടെ പരാതി. പൊലീസ് അകാരണമായി മർദ്ദിക്കുകയും അസഭ്യ വർഷം നടത്തുകയുമായിരുന്നുവെന്ന് കാണിച്ച് പ്രത്യുഷിന്റെ ഭാര്യ മേഘ മനുഷ്യാവകാശ കമ്മീഷനും വനിത കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. കേസിൽ തലശ്ശേരി ഇൻസ്പെക്ടർക്കും എസ്ഐക്കുമെതിരെ വകുപ്പുതല അന്വേഷണം നടത്തിയിരുന്നു. എന്നാൽ, ഇരുവരെയും വെള്ളപൂശുന്ന വിധത്തിലാണ് റിപ്പോർട്ടു പുറത്തുവന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്