മലപ്പുറം: അരീക്കോട് ഉത്സവം കാണാനെത്തിയ പ്രവാസിക്കും സുഹൃത്തിനുംനേർക്ക് പ്രദേശവാസികളുടെ സദാചാര ഗുണ്ടായിസം. ഇരുവരെയും മർദിച്ച് അവശരാക്കിയശേഷം ഇവർ സഞ്ചരിച്ചിരുന്ന കാറും തല്ലിത്തകർത്തു. തടയാനെത്തിയ അഡീഷണൽ എസ്‌ഐയ്ക്കും സിപിഒയ്ക്കും മർദനമേറ്റു.

അവധിക്കു നാട്ടിലെത്തിയ കെ.സി. മുബഷീർ, സെയ്ഫുദ്ദീൻ എന്നിവർക്കാണു മർദനമേറ്റത്. ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ ചിത്രം വാട്‌സാപ്പിലൂടെ നല്കി കള്ളന്മാരെന്നു പ്രചരിപ്പിച്ചാണ് ആളെക്കൂട്ടി മർദിച്ചത്.

മുബഷീർ സുഹൃത്തുക്കളുടെ ക്ഷണമനുസരിച്ചാണ് ഉൽസവം കാണാൻ പോയത്. ഇടയ്ക്ക് ക്ഷേത്രത്തിലേക്കുള്ള വഴി അന്വേഷിച്ച അദ്ദേഹത്തിന്റെ വാഹന നമ്പറും ചിത്രവും ഒരു യുവാവ് പകർത്തുകയായിരുന്നു. ഇത് വാട്‌സാപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

കള്ളന്മാരാണ് വാഹനത്തിലുള്ളതെന്ന തരത്തിലായിരുന്നു പ്രചാരണം. ഇതേത്തുടർന്നാണ് നാട്ടുകാർ ഓടിക്കൂടിയതും അവരെ മർദിച്ചതും. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഡിഷനൽ എസ്‌ഐക്കും സിപിഒയ്ക്കും ക്രൂരമായി മർദനമേറ്റു.

ഉൽസവം കാണാൻ പോകുമ്പോൾ വഴിയിൽനിന്ന ഒരു യുവാവ് വണ്ടിയുടെ ചിത്രമെടുത്തിരുന്നു. എന്താണെന്നു ചോദിച്ചപ്പോൾ പ്രശ്‌നങ്ങളുള്ള സ്ഥലമാണെന്നും അതാണ് നമ്പർ കുറിച്ചെടുക്കുന്നതെന്നും പറഞ്ഞു. രണ്ടു ബൈക്കുകളിലായി ഇവർ തങ്ങളുടെ വാഹനത്തിനുപിന്നാലെ ഉണ്ടായിരുന്നു.

ഭക്ഷണം കഴിക്കുന്നതിനായി വാഹനം നിർത്തിയപ്പോൾ ഒരു ലോറി കുറുകെ നിർത്തി. അവരാണ് വണ്ടിയുടെ നമ്പർ വാട്‌സാപ്പിൽ പ്രചരിക്കുന്ന കാര്യം പറഞ്ഞത്. നിരപരാധിത്വം തെളിയിക്കാൻ തിരികെ ചെന്ന തങ്ങളെ സ്റ്റീൽ കമ്പികളടക്കമുള്ള മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് മർദനമേറ്റ മുബഷീർ പറഞ്ഞു.