- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിങ്ങൾ പോയി കിടന്നോളൂ' കക്കാൻ വന്നവന്റെ കാര്യം ഞങ്ങൾ നോക്കിക്കോളാം'; വീടിന് മുന്നിലെ ബഹളം കേട്ട് എത്തിയ യുവതിയോട് ഗുണ്ടകൾ പറഞ്ഞത് ഇങ്ങനെ; പ്രഭാകരന്റെ മരണം നെഞ്ചിലേറ്റ് ക്ഷതത്തെ തുടർന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
പാലക്കാട്:'നിങ്ങൾ പോയി കിടന്നോളൂ' ഇവൻ കക്കാൻ വന്നതാ ഇവന്റെ കാര്യം ഞങ്ങൾ നോക്കിക്കോളാം '' തന്റെ വീടിന് മുൻപിൽ പിടിച്ചുവച്ച മധ്യവയസ്‌കനെ അവിടെ നിന്നും തള്ളിക്കൊണ്ടുപോവുമ്പോൾ പ്രദേശത്തെ സദാചാരം കാക്കുന്ന യുവാക്കൾ ആ യുവതിയോട് വിളിച്ചുപറഞ്ഞു. തൊട്ടടുത്ത പ്രദേശമായ മുളയങ്കാവിലേക്ക് ഏതാണ്ട് ഒരു കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ സദാചാരഗു
പാലക്കാട്:'നിങ്ങൾ പോയി കിടന്നോളൂ' ഇവൻ കക്കാൻ വന്നതാ ഇവന്റെ കാര്യം ഞങ്ങൾ നോക്കിക്കോളാം '' തന്റെ വീടിന് മുൻപിൽ പിടിച്ചുവച്ച മധ്യവയസ്‌കനെ അവിടെ നിന്നും തള്ളിക്കൊണ്ടുപോവുമ്പോൾ പ്രദേശത്തെ സദാചാരം കാക്കുന്ന യുവാക്കൾ ആ യുവതിയോട് വിളിച്ചുപറഞ്ഞു. തൊട്ടടുത്ത പ്രദേശമായ മുളയങ്കാവിലേക്ക് ഏതാണ്ട് ഒരു കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ സദാചാരഗുണ്ടകൾ മോഷണം ആരോപിച്ച് അവർ തല്ലിക്കൊന്ന പ്രഭാകരന്റെ(56) വീട്ടിലേക്ക്. പ്രദേശത്തെ സ്ഥിരം നാടൻ പണിക്കാരനായ പ്രഭാകരൻ കുലുക്കല്ലൂരിലും പരിസര പ്രദേശങ്ങളിലുമുള്ള പണികൾ ചെയ്താണ് ജീവിക്കുന്നത്. തിരുവനന്തപുരം സ്വദേശിനിയായ യുവതിയും 15 വയസ്സുള്ള മകളും കുലുക്കല്ലൂർ എരവത്രയിൽ സ്ഥലം വാങ്ങി വീടുവച്ച് താമസം തുടങ്ങിയത്. വീട്ടിലെ ചില കൂലിപ്പണികൾക്കായി പ്രഭാകരൻ അവിടെ വന്നിട്ടുണ്ടെന്ന് ഇവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഞായറാഴ്‌ച്ച വൈകീട്ട് ഏതാണ്ട് ഏഴുമണിയോടെയാണ് സംഭവം നടക്കുന്നത്. വീടിന്റെ മുൻപിൽ ബഹളം കേട്ടാണ് അവർ ഇറങ്ങി നോക്കിയത്. നാട്ടിൽ സ്ഥിരം കള്ളന്മാരുണ്ടെന്നും അതുകൊണ്ടാണ് പിടിച്ചതെന്നുമാണ് പ്രദേശത്തെ ''യുവശക്തി'' ക്ലബ്ബ് അംഗങ്ങൾ അവരോട് പറഞ്ഞത്. ഏഴ് മണി മുതൽ 9 മണിവരെ പ്രഭാകരനെ റോഡിൽ ഈ സംഘം തടഞ്ഞ് വച്ച് മർദ്ദിച്ചതായി യുവതി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒൻപത് മണിയോട് കൂടി പ്രഭാകരനെ ഇവർ വലിച്ചിഴച്ച് തന്റെ പറമ്പിൽ കൊണ്ടുചെന്നിട്ടു. ഇയാൾ എഴുന്നേൽക്കാതെ വന്നതോടെ സംഘം മുങ്ങി. പിന്നീട് യുവതി തന്നെയാണ് സംഭവം അയൽക്കാരെയും, പരിചയമുള്ള ഒരു പൊലീസുകാരനെയും അറിയിച്ചത്. ഇയാളുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സംഭവം ചെർപ്പുളശ്ശേരി പൊലീസിലും അറിയിച്ചു.
ഇവർ സ്ഥലത്തെത്തിയാണ്. മരണം സ്ഥിരീകരിച്ചത്. ആദ്യം കള്ളനാണെന്ന് പറഞ്ഞ യുവാക്കൾ പിന്നീട് ഇവരുടെ പറമ്പിൽ പ്രഭാകരനെ കൊണ്ടുചെന്നിട്ടതോടെയാണ് സദാചാര ഗുണ്ടായിസമാണെന്ന് സംശയം ഉയർന്നത്. വെറും ഒരു കിലോമീറ്റർ മാത്രം ദൂരെയുള്ള പ്രഭാകരനെ മോഷ്ടാവെന്ന പേരിൽ ഇത്രയും നേരം വളഞ്ഞുവെയ്ക്കാൻ ഒരു കാരണവുമില്ലതാനും. പ്രഭാകരന്റെ പേരിൽ ഇതിനുമുൻപ് സമാനമായ കേസുകൾ ഒന്നും ഇല്ലെന്നിരിക്കെ സംഭവം സദാചാര ഗുണ്ടായിസമാണെന്ന നിഗമനത്തിലാണ് പൊലീസും. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ബൈക്കിൽ ട്യൂഷനു പോവുകയായിരുന്ന വിദ്യാർത്ഥിക്കും മർദ്ദനമേറ്റിരുന്നു.
അന്ന് ഓവർ സ്പീഡിന്റെ പേരിലായിരുന്നു തല്ല്. സംഭവം എന്ത് തന്നെയായാലും നിയമത്തെയും നിയമപാലകരെയും നോക്കുകുത്തിയാക്കി നാട്ടിലെ ഒരുപറ്റം യുവാക്കൾ അവരുടെതായ നിയമളുമായി ഇറങ്ങി എന്നുവേണം പറയാൻ. കള്ളനെ പിടിക്കാനെന്ന പേരിൽ ഈ സംഘം സ്ഥിരമായി നാട്ടിടവഴികളിലൂടെ റോന്തുചുറ്റാറുണ്ടത്രെ ''യുവശക്തി'' എന്ന പേരിൽ ക്ലബ്ബ് രൂപീകരിച്ചാണ് സദാചരഗുണ്ടാ പ്രവർത്തനം. പ്രത്യക്ഷമായി രാഷ്ട്രീയമൊന്നും ഇല്ലെങ്കിലും, ''യുവശക്തി''യിൽ നാട്ടിലെ എല്ലാ വിഭാഗം രാഷ്ട്രീയക്കാരും ഉണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. മരിച്ച പ്രഭാകരൻ ഐ.എൻ.ടി.യു.സി പ്രവർത്തകനുമാണ്.
പാലക്കാട്ടുനിന്ന് ഡോഗ്ഗ് സ്‌ക്വാഡും, തൃശൂരിൽ നിന്ന് ഫോറൻസിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. ചെർപ്പുളശ്ശേരി പൊലീസ് ആണ് ഇൻക്വസ്റ്റ് തയ്യാറാക്കിയത്. സംഭവത്തിൽ 4 പെരെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ മുപ്പതോളം പേർക്കെതിരെ കേസെടുത്തു.പ്രതികളിൽ ആർക്കെങ്കിലും പ്രഭാകരനുമായി മുൻവൈരാഗ്യം ഉണ്ടോയെന്നും അന്വേഷിച്ചുവരികയാണ്. എന്തായാലും പാലക്കാട്-മലപ്പുറം ജില്ലകളുടെ അതിർത്തിയിലുള്ള തീർത്തും ഗ്രാമപ്രദേശത്ത് ഇത്തരമൊരു സംഭവം നടന്നത് നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിവിധസംഘടനകൾ ഇതിനകം തന്നെ രംഗത്തെത്തിക്കഴിഞ്ഞു.
മർദ്ദനത്തിനിടെ നെഞ്ചിലേറ്റ ശക്തമായ മർദനത്തെ തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ദേഹമാസകലം മർദനമേറ്റ പാടുകളുണ്ട്. കൂലിപ്പണി കഴിഞ്ഞു വൈകിട്ടു വീട്ടിൽ വന്നശേഷം പുറത്തിറങ്ങിയ പ്രഭാകരനെ അക്രമിസംഘം റോഡിൽ തടഞ്ഞു മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു. ചെർപ്പുളശ്ശേരി സിഐക്കാണ് അന്വേഷണച്ചുമതല. തൃശൂരിൽനിന്നു സി. ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ ഫോറൻസിക് വിദഗ്ധരും പാലക്കാട്ടുനിന്നു ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തിരുന്നു.