തിരുവനന്തപുരം: ബാർ കോഴയിലെ അന്വേഷണം വിജിലൻസിന്റെ പ്രതിശ്ചായ കൂട്ടിയോ? ഐഎഎസുകാരനായ ടി.ഒ സൂരജിനേയും പത്തനംതിട്ട പൊലീസ് സൂപ്രണ്ടായ രാഹുൽ ആർ നായരേയും കുടുക്കിയതോടെ വിജിലൻസിന് കേസുകളുടെ പ്രവാഹമാണ്. പലതിലും കഴമ്പുണ്ട്. അതുകൊണ്ട് തന്നെ അഴിമതിക്കേസുകളുടെ എണ്ണവും കൂടുന്നു. അതോ സംസ്ഥാനത്ത് അഴിമതി ക്രമാതീതമായി വർദ്ധിച്ചോ? ഏതായാലും അഴിമതിക്കേസുകളിൽ റിക്കോർഡ് വർദ്ധനയാണ് ആ വർഷം ഉണ്ടായത്. രണ്ട് മാസത്തിനിടെ 127 വിജിലൻസ് കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തു. മുൻവർഷങ്ങളെക്കാൾ ഏറെ കൂടുതലാണ് നിരക്ക്.

ഈ വർഷം ഫെബ്രുവരി വരെ 47 കേസുകളാണ് വിജിലൻസ് പരിഗണിക്കുന്നത്. സംസ്ഥാനത്തെ വിവിധ വിജലൻസ് കോടതിയിലുമായി 1277 കേസുകളിൽ വിചാരണയും നടക്കുന്നു. 2013ൽ 134ഉം 2014ൽ 142 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. ഈ കണക്കുകൾക്കിടയിലാണ് 2015ൽ കേസുകളുടെ വൻ വർദ്ധന ഉണ്ടാകുന്നത്. രണ്ട് മാസം കൊണ്ടു തന്നെ 127കേസുകൾ രജിസ്റ്റർ ചെയ്തു. 2013ലെ 134 എന്ന നമ്പറിലെത്താൻ വിരലിലെണ്ണാവുന്ന കേസുകൾ മാത്രം മതി. ഇത്രയും കേസുകളെത്തുമ്പോൾ അത് കൈകാര്യം ചെയ്യാവുന്ന അത്ര ഉദ്യോഗസ്ഥരുടെ എണ്ണം വിജിലൻസിനില്ല. ഈ സാഹചര്യത്തിൽ മൊത്തം വിജിലൻസ് അന്വേഷണങ്ങളേയും താറുമാറാക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

എട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് എതിരെയാണ് അന്വേഷണം നിലവിൽ നടക്കുന്നത്. 316 ഉദ്യാഗസ്ഥരും വിജിലൻസ് അന്വേഷണ പരിധിയിലാണ്. വിവധ വകുപ്പുകളുമായി ബന്ധപ്പെട്ട് നിരവധി വിജിലൻസ് റെയ്ഡുകളാണ് ഇപ്പോൾ നടക്കുന്നത്. ഇതും കേസുകളുടെ എണ്ണം കൂട്ടാൻ കാരണമായി. ഇതിനൊപ്പം ലോകായുക്ത നിർദ്ദേശ പ്രാരമുള്ള കേസ് അന്വേഷണവുമുണ്ട്. സർക്കാർ ഓഫീസിൽ നടക്കുന്ന റെയ്ഡുകൾ തന്നെയാണ് വിജിലൻസ് കേസുകളുടെ എണ്ണം കൂട്ടുന്നത് എന്നാണ് പ്രധാന വിലയിരുത്തൽ. ഉദാഹരണത്തിന് മോട്ടോർ വാഹന വകുപ്പിൽ മാത്രം 99 ഓഫീസുകളിൽ നാല് വർഷത്തിനിടെ റെയ്ഡുകൾ നടന്നു. ഈ മിന്നിൽ പരിശോധനകളിൽ നിന്ന് 84 ഓഫീസുകളിലെ ക്രമക്കേട് കണ്ടെത്തി.

പൊതുവിതരണ സംവധാനത്തിലെ പോരായ്മ കണ്ടെത്താനും റെയ്ഡുകൾ സജീവമായി. ഇത് കൂടുതൽ ശക്തമാക്കിയതാണ് ഇപ്പോഴത്തെകേസുകളുടെ എണ്ണക്കൂടലിന് കാരണമെന്നും പറയുന്നു. ഇതോടെ കൂടുതൽ പരാതികളും പൊതുജനങ്ങളിൽ നിന്ന് തെളിവ് സഹിതം ലഭിക്കുന്നു. മോട്ടോർ വാഹന വകപ്പിൽ തന്നെ അഞ്ച് ഉദ്യോഗസ്ഥരുടെ പേരിൽ കേസും 10 പേർക്കെതിരെ അന്വേഷണവും 327 പേരുടെ പേരിൽ വകുപ്പുതല നടപടിക്കും ശുപാർശചെയ്തു. ടോൾ ഫ്രീ നമ്പറുകളും സോഷ്യൽ മീഡിയയുടെ ക്രിയാത്മ ഉപയോഗവും വിജിലൻസിനെ ജനപ്രിയമാക്കി.

ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ വന്ന ശേഷം മന്ത്രിമാർക്കും പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്കുമെതിരെ വിജിലൻസ് ഡയറക്ടർക്ക് 3 പരാതികൾ ലഭിച്ചു. കോടതിയിലൂടെ 14 പരാതികളും ലഭിച്ചു. ബാർ കോഴയിൽ ധനമന്ത്രി കെഎം മാണിക്കെതിരായ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പരാതിയും ഇതിലുണ്ട്. കോടതി വഴി ലഭിച്ച 14 പരാതിയിൽ 11 എണ്ണം കഴമ്പില്ലെന്ന് കണ്ട് തള്ളി. 3 എണ്ണത്തിൽ സത്വകാന്വേഷണം നടക്കുകയാണ്.

പൊതുജനപങ്കാളിത്തത്തോടെ അഴിമതിക്കെതിരായ പോരാട്ടം കൂടുതൽ ശക്തിപ്പെടുത്താൻ വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്. വിജിലൻസ് ബ്യൂറോയുടെ സുവർണ്ണ ജൂബിലി വർഷം. സമഗ്ര അഴിമതി വിരുദ്ധ ബോധവൽക്കരണ വർഷമായും ആചരിച്ചു. ഇതിന്റെ എല്ലാം ഗുണം പൊതു സമൂഹത്തിന് ഉണ്ടായിട്ടുണ്ടെന്നാണ് വിജിലൻസ് വിലയിരുത്തുന്നു.