കായംകുളം: എയർപോർട്ട് അഥോറിറ്റിയിൽ ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (പിഎസ്‌പി) സംസ്ഥാന ചെയർമാൻ ആലപ്പുഴ കുതിരപ്പന്തി സായികൃപയിൽ കെ.കെ.പൊന്നപ്പൻ (76) സമാന തട്ടിപ്പുകൾ നടത്തിയതായി വേറെയും പരാതികൾ. കുറത്തികാട് പൊലീസ് സ്റ്റേഷനിൽ പൊന്നപ്പനെതിരെ 2 കേസുണ്ട്.പുന്നപ്ര സ്വദേശിക്കു ജോലി നൽകാമെന്നു പറഞ്ഞ് 5 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയും ഉയർന്നിട്ടുണ്ട്. മെഡിക്കൽ സീറ്റ് നൽകാമെന്നു പറഞ്ഞ് കണ്ണൂർ സ്വദേശിയിൽ നിന്നു വൻതുക വാങ്ങിയെന്നു പരാതിയുണ്ടായെങ്കിലും കേസില്ലാതെ ഒതുക്കിത്തീർത്തതായി അറിയുന്നു.

കായംകുളത്തുനിന്ന് 17 ലക്ഷം രൂപ തട്ടിയെടുത്തത് പൊന്നപ്പൻ അംഗമായ ആന്റി കറപ്ഷൻ ബ്യൂറോ എന്ന സംഘടനയിൽപെട്ട കൃഷ്ണപുരം സ്വദേശിനി വഴിയാണെന്നും ഇവർക്കും പൊന്നപ്പന്റെ സുഹൃത്തായ ആലപ്പുഴ സ്വദേശി ജോസിനും എതിരെ കേസുണ്ടെന്നും പൊലീസ് അറിയിച്ചു. ഇവരും ഒളിവിലാണെന്നാണു വിവരം.

ചുനക്കര കോമല്ലൂർ വലിയവിളയിൽ ലീന രാജു, കുറത്തികാട് പള്ളിക്കൽ ഈസ്റ്റ് സ്വദേശി കവിത എന്നിവരുടെ പരാതികളിലാണ് കുറത്തികാട്ടെ കേസുകൾ. ലീനയുടെ മകൾക്ക് ഇഎസ്‌ഐയിൽ നഴ്‌സ് ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷം രൂപ വാങ്ങിയെന്നാണു പരാതി. തിരുവല്ല ആദർശ് അക്കാദമി എന്ന സ്ഥാപനം നടത്തുന്ന ദീപ രാജീവും (ദീപ ശശി) ഈ കേസുകളിൽ പ്രതിയാണ്. ദീപ ഒളിവിലാണെന്നു പൊലീസ് പറയുന്നു.