ന്യൂയോർക്ക്: ലൈംഗിക ബന്ധത്തിലൂടെ പടർന്നതെന്നു കരുതുന്ന 14 സിക്ക വൈറസ് കേസുകൾ കൂടി യുഎസ് ഹെൽത്ത് അധികൃതർ കണ്ടെത്തി. ഇതിൽ ഗർഭിണിയും ഉൾപ്പെട്ടിട്ടുള്ളതായി യുഎസ് സെന്റർ ഫോർ ഡിസീസ് ആൻഡ് കൺട്രോൾ (സിഡിസി) വ്യക്തമാക്കി. ലൈംഗിക ബന്ധത്തിലൂടെ സിക്ക വൈറസ് പടരുമെന്ന മുന്നറിയിപ്പ് പ്രസിദ്ധീകരിക്കവേയാണ് സിഡിസി ഇക്കാര്യം വെളിപ്പെടുത്തിയത്.

വൈറസ് ബാധിത മേഖലകളിലേക്ക് സഞ്ചരിച്ചിട്ടില്ലാത്തവർക്കും സിക്ക വൈറസ് ബാധിച്ചതോടെയാണ് ലൈംഗിക ബന്ധത്തിലൂടെ വൈറസ് പടരുമെന്ന വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. വൈറസ് ബാധിത മേഖലകളിൽ യാത്ര ചെയ്തിട്ടുള്ള പുരുഷന്മാർ ലൈംഗിക ബന്ധത്തിന് സുരക്ഷാ മാർഗങ്ങൾ ഉപയോഗിക്കണമെന്നും സിഡിസി ചൂണ്ടിക്കാട്ടി. അതേസമയം സിക്ക വൈറസ് ബാധിച്ച സ്ത്രീകളിൽ നിന്ന് ലൈംഗിക ബന്ധത്തിലൂടെ പുരുഷന്മാരിലേക്ക് വൈറസ് ബാധയുണ്ടാകുമോയെന്ന കാര്യത്തിൽ ഇനിയും വ്യക്തതയായിട്ടില്ല.