വാഷിങ്ടൺ: സാമ്പത്തിക മാന്ദ്യകാലത്തെ അപേക്ഷിച്ച് ഇപ്പോഴാണ് കൂടുതൽ കുട്ടികൾ ദാരിദ്ര്യത്തിൽ കഴിയുന്നതെന്ന് റിപ്പോർട്ട്. 2013-ലെ കണക്കനുസരിച്ച് 22 ശതമാനത്തോളം കുട്ടികൾ അമേരിക്കയിൽ ദാരിദ്ര്യരേഖയ്ക്കു താഴെയാണ് കഴിയുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2008-ൽ ഇത് 18 ശതമാനം മാത്രമായിരുന്നു. ആനി ഇ കേസീ ഫൗണ്ടേഷനാണ് ഇതുസംബന്ധിച്ച് പഠനം നടത്തിത്.

ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹ്യൂമൻ ആൻഡ് ഹെൽത്ത് സർവീസസ് പ്രകാരം രണ്ടു മുതിർന്നവരും രണ്ടു കുട്ടികളുമുള്ള ഒരു കുടുംബത്തിന് 23,624 ഡോളർ വരുമാനമുണ്ടെങ്കിലാണ് ദാരിദ്ര്യരേഖയ്ക്കു മുകളിൽ നിൽക്കുക. ഇത്രയും വരുമാനത്തിൽ താഴെയുള്ള ഒരു കുടുംബത്തിലെ കുട്ടികൾക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കാറില്ല.

പഠനത്തിന്റെ ഭാഗമായി 2008 മുതൽ 2013 കാലഘട്ടം വരെയുള്ള കണക്കുകളാണ് വിവിധ ഫെഡറൽ ഏജൻസികളിൽ നിന്ന് സ്വീകരിച്ചത്. കുട്ടികളുടെ ക്ഷേമം, സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ഉന്നമനം, ആരോഗ്യം തുടങ്ങിയവയാണ് കണക്കിലെടുത്തത്. 2013-ൽ ഏകദേശം 18.7 മില്യൺ കുട്ടികൾ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിൽ താമസിക്കുന്നുണ്ടെന്നാണ് കണക്ക്.