കോഴിക്കോട്: എഴുത്തുകാരനും, സാമൂഹിക-സാംസ്‌കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രന് എതിരെ യുവ എഴുത്തുകാരി പീഡനപരാതി നൽകിയതിന് പിന്നാലെ, കൂടുതൽ പരാതികൾ വന്നുതുടങ്ങി. രണ്ടാമത്തെ പരാതിയിലും കൊയിലാണ്ടി പൊലീസ് കേസെടുത്തിരിക്കുകയാണ്. സിവിക് ഇപ്പോഴും ഒളിവിലാണ്. പരാതിയും കൂട്ടവും ആയതോടെ, ഇത്രയും നാൾ സിവിക് തടി രക്ഷിച്ചതെങ്ങനെ എന്ന കാര്യം കോഴിക്കോട്ടെ സാംസ്‌കാരിക ലോകത്ത് ചർച്ചയാവുന്നുണ്ട്.

തനിക്ക് പ്രിയപ്പെട്ട സുന്ദരികൾക്കായി കഥയും, കവിതയും, എന്നു വേണ്ട പുസ്തകം തന്നെയും എഴുതി നൽകുന്നതാണ് സിവിക് ചന്ദ്രന്റെ രീതിയെന്ന് അടുപ്പമുള്ളവർ. മലയാളത്തിൽ അറിയപ്പെടുന്ന ചില എഴുത്തുകാരികളെല്ലാം ഈ ഗണത്തിലുണ്ടെന്നും ഇവർ സ്വകാര്യമായി പറയുന്നു. സിവിക്കിന്റെ ഇത്തരം സ്വഭാവങ്ങളെല്ലാം കോഴിക്കോട്ടെ മാധ്യമപ്രവർത്തകർക്കിടയിലും സാഹിത്യ സദസുകളിലും പലപ്പോഴും സ്വകാര്യ സംഭാഷണങ്ങളിൽ നിറഞ്ഞുനിൽക്കാറുമുണ്ട്. തന്റെ അടുപ്പക്കാരായ യുവ എഴുത്തുകാരികളെ ഉയർത്തിക്കൊണ്ടുവരാനും ഇദ്ദേഹം അകമഴിഞ്ഞു ശ്രമിക്കാറുണ്ടെന്നാണ് സംസാരം. ഇതുവരെയും കാര്യമായ പരാതികളൊന്നും ഉയർന്നു വന്നിരുന്നില്ല. എന്നാൽ, യുവ എഴുത്തുകാരി പരാതി നൽകിയതോടെ, കോടതിയും കേസുമെല്ലാം സിവികിനെ തേടിയെത്തിയിരിക്കുകയാണ്.

ഊന്നുവടിയില്ലാതെ നടക്കാൻ പോലും സാധിക്കാത്ത സിവിക് ചന്ദ്രന് എങ്ങനെ യുവതിയെ പീഡിപ്പിക്കാൻ ആവുമെന്നായിരുന്നു സെഷൻസ് കോടതിയിൽ പ്രതിഭാഗത്തിന്റെ വാദം. പരാതിക്കാരി അംഗമായ സംഘം ആഭ്യന്തര സെല്ലിന്റെ സഹായത്തോടെ ഈ പീഡന ആരോപണം അന്വേഷിച്ചതാണെന്നും കഴമ്പില്ലെന്നു കണ്ടു ഉപേക്ഷിച്ചതാണെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളും കോടതിയിൽ ഹാജരാക്കിയിരുന്നെങ്കിലും ഇപ്പോൾ പരിഗണിക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് ചാറ്റുകളും ഫോട്ടോകളും പ്രതിഭാഗം ഹാജരാക്കിയിരുന്നു.

സിവിക് അഡ്‌മിനായ നിലാനടത്തം എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് കവയത്രിയായ യുവതി തനിക്കുണ്ടായ തിക്താനുഭവം തുറന്നുപറഞ്ഞത്. സിവികിന് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൂറുപേർ ഒപ്പിട്ട കത്ത് മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്. സാഹിത്യ സാംസ്‌കാരിക രംഗത്തുള്ളവരാണ് ഇതിൽ ഒപ്പുവച്ചിരിക്കുന്നത്. പീഡന പരാതിയിൽ അന്വേഷണം ഊർജിതമായി നടക്കുന്നതിനിടയിലും കോഴിക്കോട്ടെ ഒരുവിഭാഗം എഴുത്തുകാർ സിവികിന് പിന്തുണയുമായി രംഗത്തുണ്ട്.

സിവികിന്റെ അറസ്റ്റ് വൈകുന്നതിൽ ദലിത് സംഘടനകൾ കോഴിക്കോട് ഉൾപ്പെടെയുള്ള നഗരങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഒരാഴ്ചക്കകം നടപടിയുണ്ടായില്ലെങ്കിൽ ഉത്തരമേഖലാ ഐ ജി ഓഫീസിന് മുന്നിലേക്കു പ്രക്ഷോഭ പരിപാടികൾ മാറ്റുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നു.

സിവിക്കിനെതിരായ പീഡന പരാതിയിൽ മുൻകൂർ ജാമ്യ ഹർജിയിൽ വിധി പറയുന്നത് അടുത്ത മാസം രണ്ടിലേക്കു മാറ്റി. നേരത്തെ ഇന്നു വിധിയുണ്ടാവുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എസ് സി എസ് ടി ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കുന്നതിനാലും കൂടുതൽ പരാതികളുള്ളതിനാലും ജാമ്യം നൽകുന്നത് പരിഗണിക്കരുതെന്ന പ്രോസിക്യൂഷൻ വാദം മുഖവിലയ്ക്കെടുത്താണ് കോഴിക്കോട് സെഷൻസ് കോടതി വിധിപറയുന്നത് അടുത്ത മാസം രണ്ടിലേക്കു മാറ്റിയത്.

സിവിക് വിഷയത്തിൽ ചൊവ്വാഴ്ച വിധിയെന്താവുമെന്നാണ് ഇപ്പോൾ സാംസ്‌കാരിക ലോകത്തെ പ്രധാന ചർച്ച. കാലംമാറിയതോടെ ആർക്കെതിരേയും ഇത്തരം പരാതികൾ ഏതുനിമിഷവും ഉണ്ടായേക്കാമെന്ന ഭയത്തിൽ കഴിയുന്ന സാംസ്‌കാരിക നായകരും കുറവല്ല. ഏതായാലും സിവികിന് ചൊവ്വാഴ്ച നല്ല ദിവസമാവുമോയെന്നാണ് ഇനി അറിയേണ്ടത്.