സോൾ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൗത്യം പരാജയമാകുമോ എന്ന ആശങ്കയിൽ രാജ്യം. ഇന്ത്യയുടെ എൻഎസ്ജി പ്രവേശനത്തിൽ എതിർപ്പുമായി കൂടുതൽ രാജ്യങ്ങൾ രംഗത്തെത്തിയതോടെയാണു മോദിയുടെ ദൗത്യം പരാജയമാകുമോ എന്ന ആശങ്ക ഉയർന്നത്.

ചൈനയ്ക്ക് പുറമെ ബ്രസീൽ, ഓസ്ട്രിയ, അയർലന്റ്, തുർക്കി, ന്യുസിലന്റ് എന്നീ രാജ്യങ്ങളാണ് എതിർപ്പ് പ്രകടിപ്പിച്ചത്. ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിൽ ആരംഭിച്ച എൻഎസ്ജി പ്ലീനറി യോഗത്തിൽ വച്ചാണ് ഇവർ ഇന്ത്യക്കെതിരെ നിലപാട് സ്വീകരിച്ചത്.

അതിനിടെ, അമേരിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങൾ ഇന്ത്യയെ പിന്തുണച്ച് രംഗത്തെത്തി. പാക്കിസ്ഥാന്റെ അംഗത്വത്തെക്കുറിച്ച് പ്ലീനറി യോഗം ചർച്ച ചെയ്തില്ല.

നേരത്തെ, ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിംഗുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയുടെ എൻഎസ്ജി പ്രവേശനത്തിൽ ആദ്യം മുതലേ എതിർപ്പ് അറിയിച്ച രാജ്യമാണു ചൈന. ചൈനീസ് താഷ്‌കന്റിൽ നടക്കുന്ന ഷാങ്ഹായ് കോഓപ്പറേഷൻ ഓപ്പറേഷന്റെ വാർഷിക യോഗത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. എൻഎസ്ജി പ്രവേശനത്തെ ചൈന എതിർപ്പുന്നയിക്കുന്ന സാഹചര്യത്തിലാണ് പ്രസിഡന്റുമായി മോദി ചർച്ച നടത്തിയത്.

ഈ ചർച്ച നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് കൂടുതൽ രാജ്യങ്ങൾ എതിർപ്പുമായി രംഗത്തെത്തിയത്. ഇന്ത്യയുടെ അംഗത്വത്തെ ചൈന പരോക്ഷമായി എതിർക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസം ചർച്ചയ്ക്കുള്ള സാധ്യതകൾ ഉണ്ടെന്ന് വ്യക്തമാക്കി ചൈന നിലപാട് മയപ്പെടുത്തിയിരുന്നു. ആണവ നിർവ്യാപന കരാറിൽ ഒപ്പിടാത്ത ഇന്ത്യക്ക് അംഗത്വം നൽകുമ്പോൾ പാക്കിസ്ഥാനും അംഗത്വം നൽകണമെന്നാണ് ചൈനയുടെ ആവശ്യം.

ഇന്ത്യയുടെ എൻഎസ്ജി അംഗത്വത്തിന് ഫ്രാൻസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ 48 അംഗങ്ങളാണ് എൻഎസ്ജിയിലുള്ളത്. ഇന്ത്യ, പാക്കിസ്ഥാൻ, ഇസ്രയേൽ, ദക്ഷിണ സുഡാൻ തുടങ്ങിയ രാജ്യങ്ങളാണ് ആണവനിരായുധീകരണ കരാറിൽ ഇനി ഒപ്പുവയ്ക്കാനുള്ള രാജ്യങ്ങൾ.