ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് പിടിമുറുക്കുന്ന പശ്ചാത്തലത്തിൽ വിദേശ വാക്സിനുകൾക്ക് അംഗീകാരം നൽകുന്ന കാര്യത്തിൽ ഡ്രഗ്സ് കൺട്രോളർ ഉടൻ തീരുമാനമെടുക്കുമെന്ന് റിപ്പോർട്ട്. മൂന്നു ദിവസത്തിനകം ഇതിൽ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.

നിലവിൽ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാണ്. പ്രതിദിനം രോഗികൾ രണ്ടുലക്ഷം കടക്കുന്ന സ്ഥിതിയിലാണ്. കോവിഡ് വ്യാപനം നിയന്ത്രിക്കാൻ വാക്സിനാണ് പ്രതിവിധിയെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാൽ എല്ലാവരിലും എത്തിക്കാൻ സമയമെടുക്കും. പലയിടത്തും വാക്സിൻ ക്ഷാമവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് മറ്റു രാജ്യങ്ങളിൽ വിതരണം ചെയ്യുന്ന വാക്സിനുകൾ ഇന്ത്യയിൽ എത്തിക്കാനുള്ള സാധ്യത സർക്കാർ പരിശോധിക്കുന്നത്.

കഴിഞ്ഞദിവസം വിദേശ വാക്സിനായ സ്പുട്നിക് അഞ്ചിന് കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. കേന്ദ്രം അനുമതി നൽകിയ ആദ്യ വിദേശ വാക്സിനാണ് സ്പുട്നിക്. ജോൺസൺ ആൻഡ് ജോൺസണിന്റേത് അടക്കം ഒന്നിലേറെ വിദേശ വാക്സിനുകളാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്.